കൊച്ചി : മണ്ഡലകാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ അയ്യപ്പദര്‍ശന്‍ മാലയിട്ട് വ്രതമെടുത്ത പോലീസുകാരെ നിര്‍ബന്ധിച്ച് വ്രതം മുടക്കിയതായി ആക്ഷേപം. ആലപ്പുഴ ആംഡ് റിസര്‍വ് പോലീസിന്റെ ഭാഗമായ കെഎപി ഒന്നാം ബറ്റാലിയനിലെ പത്തോളം പോലീസുകാരെയാണ് മേലുദ്യോഗസ്ഥന് മുടിയും താടിയും എടുക്കാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍, പോലീസിലെ ഡിസിപ്ലിന്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ചട്ടം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വിശദീകരണം നല്കുന്നു.
പോലീസ് സേനയില്‍ പെട്ടവര്‍ക്ക് ശബരിമല മണ്ഡലകാലത്ത് വ്രതാനുഷ്ഠാനങ്ങളുടെ ഭാഗമായും അല്ലാത്ത വേളയില്‍ കാരണം ബോധ്യപ്പെടുത്തിയാല്‍ പ്രത്യേകമായും താടിയും മുടിയും വളര്‍ത്താന്‍ അനുമതി കൊടുക്കാറുണ്ട്. ഇതിന് അപേക്ഷ സമര്‍പ്പിച്ചാല്‍ അപ്പോള്‍ മുതല്‍ വ്രതം എടുക്കാവുന്നതാണ്. ഈ മാസം 5 മുതല്‍ 20 വരെ വ്രതം അനുഷ്ഠിക്കാനുള്ള അപേക്ഷയായിരുന്നു പോലീസുകാര്‍ നല്‍കിയത്. കഴിഞ്ഞ മാസം തന്നെ ഇതിനായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും അനുമതി ലഭിച്ചില്ല. ഓഫീസര്‍ കമാന്‍ഡ് (ഒസി) റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വ്രതമെടുക്കാനുള്ള അനുമതി തേടിയുള്ള അപേക്ഷ തിരിച്ചയച്ച് ഇവരെകൊണ്ട് നിര്‍ബന്ധിച്ച് താടിയും മുടിയുമെടുപ്പിച്ചത്.
തങ്ങളുടെ വിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന മേലുദ്യോഗസ്ഥനെതിരെ രേഖാമൂലം പരാതിപ്പെടാന്‍ പോലീസുകാര്‍ക്ക് ഭയമാണ്. പരാതിയും അന്വേഷണവും ഒരുവഴിക്കാകുമ്പോള് നേരിടേണ്ടി വരുന്ന തിക്താനുഭവങ്ങളുടെ ഓര്‍മ്മയാണ് ഇവരെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. പോലീസ് പോലൊരു വകുപ്പില്‍ മേലുദ്യോഗസ്ഥന്റെ കണ്ണിലെ കരടായി തുടരുന്നതിലും ഭേദം ജോലി ഉപേക്ഷിക്കുകയാണ് നല്ലതെന്ന് പലരും അഭിപ്രായപ്പെടുന്നു. മാലയിട്ട് അയ്യപ്പനെ വണങ്ങാന്‍ കാത്തിരിക്കുന്ന തങ്ങളുടെ വ്രതം മുറിച്ചവരോട് ഈശ്വരന് തന്നെ ചോദിക്കട്ടെയെന്നാണവരുടെ നിലപാട്. മാത്രമല്ല ഇവരില്‍ പലരും പ്രോബേഷന്‍ പീരീഡിലായതിനാല് പ്രതികരിക്കാന്‍ മടിക്കുന്നുമുണ്ട്.
കൂടാതെ, അയ്യപ്പദര്‍ശനത്തിനായി ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പുറപ്പെട്ട മറ്റൊരു പോലീസുകാരനോട് കോട്ടയം അതിര്‍ത്തി പിന്നിട്ടപ്പോള്‍ ഈ ഉദ്യോഗസ്ഥന് തിരികെ ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. തുടര്‍ന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥരെ മാറിമാറി വിളിച്ച് ഒസിയുടെ നിര്‍ദ്ദേശം അറിയിക്കുകയും യാത്ര തുടരാന്‍ അനുമതി ലഭ്യമാക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തതിന് ശേഷമാണ് ഈ പോലീസുകാരന് ശബരിമലയില്‍ എത്താനായത്. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നവര്‍ക്ക് മണിക്കൂറുകളോളം വഴിയില്‍ കാത്തുനില്‍ക്കേണ്ടി വരികയും ചെയ്തു.
ജാതിമതരാഷ്ട്രീയമില്ലാതെ സേവനം നടത്തുന്ന തങ്ങള്‍ക്ക് ഇത്തരത്തിലുള്ള നടപടികള്‍ മാനസികമായി വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആലപ്പുഴ സായുധസേനപോലീസിലെ അംഗങ്ങള്‍ രഹസ്യമായി പറയുന്നു.
ഇതിന് മുമ്പ് പെരുന്നാളിന് അവധിയെടുത്ത് വീട്ടില്‍ പോയ ഇസ്ലാം മതവിശ്വാസികളായ പോലീസുകാരെ ഈ ഓഫീസര്‍ കമാന്‍ഡ് തിരിച്ചുവിളിച്ചതായും ആരോപണമുണ്ട്. ഇനി ക്രിസ്മസിന്് ഇദ്ദേഹം എങ്ങനെ പ്രതികരിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ഇദ്ദേഹത്തിന്റെ കീഴിലുള്ള പോലീസുകാര്‍.
അതേ സമയം, സായുധസേനയിലെ അച്ചടക്കം കര്‍ശനമായി നടപ്പാക്കാന്‍ മുകളില്‍നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് നടപടികളെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നതായി ആലപ്പുഴ ബ്യൂറോയില്‍നിന്നു റിപ്പോര്‍ട്ടു ചെയ്യുന്നു. ശബരിമലയില്‍ തീര്‍ത്ഥാടന കാലത്തു മാത്രമാണ് വ്രതം അനുഷ്ഠിക്കാന്‍ അനുമതി. തീര്‍ത്ഥാടനം തുടങ്ങിയിട്ടില്ല. പരിശീലനത്തിലിരിക്കുന്ന പലരും താടിയും മുടിയും വളര്‍ത്തിയിരിക്കുന്നതു കാണുമ്പോള്‍ ചോദിച്ചാല്‍ കാരണം പറയുന്നതു ശബരിമല വ്രതമാണെന്നാണ്. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ മുകളില്‍നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് ചട്ടം കര്‍ക്കശമാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
അതിനിടെ, ഈ നടപടിക്കെതിരേ ഉദ്യോഗസ്ഥര്‍ക്കിടയിലും ഭിന്നാഭിപ്രായങ്ങള്‍ ഉള്ളതായി പറയപ്പെടുന്നു. വ്രതമെടുത്ത് ശബരിമലയില്‍ ദര്‍ശനത്തിന് പോയ പോലീസുകാരനെ തിരിച്ചുവിളിച്ചതുമായി ബന്ധപ്പെട്ട് റൈറ്ററും ഒസിയുമായി വാഗ്വാദം നടന്നിരുന്നതായും വിശ്വസ്ത കേന്ദ്രങ്ങള്‍ അറിയിച്ചു.
രതി.എ.കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: