റായ്പൂര്‍: ഇന്നുതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വോട്ടിംഗ് നടക്കുന്ന ഛത്തീസ്ഗഢില്‍ ഒരു ലക്ഷത്തി മുപ്പത്തിയഞ്ചായിരത്തോളം പേരെ സുരക്ഷാ വിഭാഗത്തിനു വിനിയോഗിച്ചിട്ടുണ്ട്. ഇത്രയും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വിന്യസിച്ചിരിക്കുന്ന സേനാവിഭാഗങ്ങളില്‍ പകുതിയും മാവോയിസ്റ്റ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനു വേണ്ട പരിശീലനം ലഭിച്ചവരല്ലെന്ന പരാതിയുണ്ട്. കേരളത്തില്‍ നിന്നും പോയ ആയിരത്തില്‍ താഴെയുള്ള ആംഡ് ബറ്റാലിയനുകള്ക്കടക്കം 55,000 സുരക്ഷാ സൈനികര്‍ക്കാണ് മതിയായ പരിശീലനം ലഭിക്കാത്തതെന്നാണ് വിവരം. മാവോയിസ്റ്റു മേഖലയില്‍ വിന്യസിച്ചിരിക്കുന്ന സൈനികരുടെ സുരക്ഷ ഉറപ്പുവരുത്തുകയെന്നതാണ് പ്രധാന വെല്ലുവിളിയെന്ന് സുരക്ഷാ കാര്യങ്ങള്‍ പരിശോധിക്കുന്ന സമിതി വിലയിരുത്തിയിട്ടുണ്ട്.
നക്സല്‍ വിരുദ്ധ പ്രവര്‍ത്തനത്തിനു നിയോഗിച്ചിട്ടുള്ള 27000 കേന്ദ്രസൈനികവിഭാഗത്തിനു പുറമേ ഛത്തീസ്ഗഢിലെ 47,000 പോലീസ് സേനാംഗങ്ങളേയുമാണ് പ്രധാനമായും സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഇലക്ഷന് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം 564 കമ്പനി സുരക്ഷാ സൈനികരെക്കൂടി അധികം വിന്യസിച്ചിട്ടുണ്ട്. നൂറുപേരില്‍ താഴെയുള്ള കമ്പനികളില്‍ എത്തിയിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നക്സല്‍ വേട്ടയ്ക്ക് വേണ്ട പരിശീലനംലഭിച്ചിട്ടില്ല. ബസ്തര്‍ പോലുള്ള വനമേഖലയില്‍ കൊടുംപരിശീലനം ലഭിച്ച മാവോയിസ്റ്റുകള്‍ക്കെതിരെ വനാന്തര്ഭാഗത്തുള്ള ഓപ്പറേഷനുകളില്‍ യാതൊരു പരിശീലനവും ലഭിക്കാത്ത സേനകളെ നിയോഗിച്ചതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ആശങ്കയുണ്ട്. എന്നാല്‍ ആവശ്യത്തിനു സുരക്ഷ സൈനികരെ ലഭിക്കുന്നതിന് മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍ പരിശീലനം ലഭിക്കാത സംസ്ഥാന പോലീസ് സേനാംഗങ്ങളെക്കൂടി മാവോയിസ്റ്റു മേഖലയില്‍ വിന്യസിച്ചിരിക്കുകയാണ്.
കേരളാ പോലീസിലെ എട്ടു കമ്പനിക്കു പുറമേ പശ്ചിമബംഗാള്‍,ഗുജറാത്ത്,കര്‍ണ്ണാടക എന്നിവിടങ്ങളിലെ പോലീസും ഉള്‍പ്പെടെ 95 കമ്പനി സംസ്ഥാന പോലീസാണ് പുറത്തുനിന്നും എത്തിയിരിക്കുന്നത്. മതിയായ വെടിയുണ്ടകള്‍ പോലും ഇല്ലാതെ എത്തിയ കേരളാ പോലീസിനെ ആദ്യഘട്ടത്തില്‍ സുരക്ഷാ ചുമതലയില്‍ നിന്നും വിലക്കുകയും ചെയ്തിരുന്നു. പിന്നീട് സംസ്ഥാനത്തുനിന്നും വെടിയുണ്ടകളെത്തിച്ചാണ് കേരളാ പോലീസിനെ ക്യാമ്പില്‍ നിന്നും പുറത്തേക്കിറക്കിയത്. സംസ്ഥാന പോലീസുകള്ക്കു പുറമേ സശസ്ത്ര സീമാബല്‍, അതിര്‍ത്തി രക്ഷാ സേന, റെയില്‍വേ സംരക്ഷണ സേന എന്നിവയേയും ഛത്തീസ്ഗഢില്‍ നിയോഗിച്ചിട്ടുണ്ട്. ഇവയെല്ലാം മാവോയിസ്റ്റു വേട്ടയ്ക്കു വേണ്ട പരിശീലനം ലഭിച്ചിട്ടില്ലാത്ത സൈനിക വിഭാഗങ്ങളാണ്. പോളിംഗ് സ്റ്റേഷനുകളിലേക്കും തിരിച്ചുമുള്ള സുരക്ഷാ ചുമതല ഇവര്‍ എങ്ങനെ നിര്‍വഹിക്കുമെന്നതാണ് കേന്ദ്രത്തെ ആശങ്കയിലാക്കുന്നത്. പരിശീലനം ലഭിച്ച സിആര്‍പിഎഫിന്റെ 130 കമ്പനികള്‍ മാത്രമാണ് ആകെയുള്ള 564 കമ്പനികളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
സിആര്‍പിഎഫിനെ നിയോഗിച്ചുകൊണ്ട് കൃത്യമായ നീക്കങ്ങള്‍ ഛത്തീസ്ഗഢിലെ ബസ്തര്‍ വനമേഖലയില്‍ കഴിഞ്ഞ ഒരാഴ്ചയായി നടത്തുന്നുണ്ട്. അമ്പതോളം മാവോയിസ്റ്റുകളെ ഇതിനകം പിടികൂടാനും ഏറ്റുമുട്ടാന്‍ വന്ന നാലുപേരെ വെടിവെച്ചു കൊല്ലാനും സിആര്‍പിഎഫിനു കഴിഞ്ഞിട്ടുണ്ട്. ഇതിനുപുറമേ 250 കിലോഗ്രാമോളം സ്ഫോടക വസ്തുക്കളും മാവോയിസ്റ്റു കേന്ദ്രങ്ങളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: