കൊച്ചി: മോഹന്‍ലാലിനെ സിനിമയിലെടുക്കണമോയെന്ന കാര്യത്തില്‍ പ്രിയദര്‍ശനൊരു സംശയം. മലയാള സിനിമയിലല്ല. അങ്ങ് ദൂരെ .. ഹിന്ദി സിനിമയില്‍. മോഹന്‍ലാല്‍ -പ്രിയന് കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ചിത്രമായ ഗീതാഞ്ജലിയുടെ ഓഡിയോ സിഡി റിലീസിങ്ങിനായാണ് ഇരുവരും കൊച്ചിയിലെത്തിയത്. ഗീതാഞ്ജലി ഇവരുടെ നാല്പത്തിയഞ്ചാമത്തെയോ നാല്പത്തിയാറാമത്തെയോ ചിത്രം എന്ന കാര്യത്തില്‍ ഇരുവരും തമ്മില്‍ ചെറിയൊരു തര്‍ക്കം. നാല്പത്തിയാറെന്ന് പ്രിയന് അഞ്ചെന്ന് ലാല്‍ . ഒടുവില്‍ നാല്പത്തിയഞ്ചില് ധാരണയിലെത്തി.
തിരക്കിനിടയിലും മോഹന്‍ലാലിനെക്കുറിച്ച് ചില ചോദ്യങ്ങള്‍ എന്നു പറഞ്ഞപ്പോള്‍ ചിരിച്ചു കൊണ്ട് പ്രിയന് സമ്മതിച്ചു. മോഹല്‍ലാല്‍ എന്തുകൊണ്ട് ഏറ്റവും പ്രിയപ്പെട്ട നടനാകുന്നുവെന്നാണ് പ്രിയദര്‍ശന്റെ ഓരോവാക്കുകളും വ്യക്തമാക്കിയത്. ഏറ്റവും പ്രിയപ്പെട്ട നടന് എന്നതിലുപരി ഒരുമിച്ച് ജോലി ചെയ്യുമ്പോള്‍ ഏറ്റവും സംതൃപ്തി തരുന്ന അഭിനേതാവ് അതാണ് ലാല്‍ എനിക്ക്.
മോഹന്‍ ലാലിനു വേണ്ടി കഥയും തിരക്കഥയും ഒരുക്കാറില്ല. പക്ഷേ ഒരു തിരക്കഥ തയായാറായിക്കഴിയുമ്പോള് ആ കഥാപാത്രമായി ലാല്‍ മനസിലേക്ക് കടന്നു വരികയാണ്. അതിനു പിന്നെ പകരക്കാരനില്ല.
മോഹന്‍ ലാലിനെ നായകനാക്കി പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ഒരു ബോളിവുഡ് ചിത്രം .. ഇല്ല .. അതൊരിക്കലും സംഭവിക്കില്ല. കാരണവും പ്രിയന് വ്യക്തമാക്കി. ദക്ഷിണേന്ത്യന്‍ നായകന്മാരെ അവര്‍ പ്രോത്സാഹിപ്പിക്കില്ല. ലാലിനെപ്പോലെ പ്രഗത്ഭനായ ഒരഭിനേതാവിന്റെ സമയം മെനക്കെടുത്തലാകും അത്.
എത്ര ഗൗരവപ്പെട്ട വേഷമായാലും അതില്‍ ഒരല്പം നര്‍മ്മം ചേര്‍ക്കുമ്പോഴാണ് മോഹന്‍ ലാലിന്റെ പ്രതിഭ ഏറ്റവും തിളങ്ങുന്നത്. ഒരര്‍ത്ഥത്തില്‍ മലയാളത്തിലെ ഏറ്റവും വലിയ ഹാസ്യ നടന് മോഹന്‍ലാലാണെന്നും പറയാം.
പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തമാശപ്പടങ്ങള്‍ ഒരുക്കുക എന്നത് ഏതൊരു സംവിധായകനും വലിയ വെല്ലുവിളിയാണ്. മലയാളിയെ പൊട്ടിച്ചിരിപ്പിച്ച ഏറ്റവും വലിയ കോമഡി ഹിറ്റുകള്‍ പലതും സമ്മാനിച്ച പ്രിയദര്ശന് അതിന്റെ വെല്ലുവിളികള്‍ മറ്റാരെക്കാളും നന്നായറിയാം. കോമഡി കാണികള്‍ അംഗീകരിക്കണമെങ്കില്‍ അതിനു പിന്നില്‍ വലിയ ബുദ്ധി വേണം. നിലവാരം കുറഞ്ഞ കോമഡികള്‍ ഏറെക്കാലം നില്‍ക്കില്ല. മോഹന്‍ലാലിന്റെ പഴയ കോമഡിച്ചിത്രങ്ങള്‍ ഇപ്പോഴും രസിപ്പിക്കുന്നത് അതിന്റെ പിന്നിലെ ഈ ശ്രമം കൊണ്ടാണ്.
ഇപ്പോഴും ലാലിന്റെ റേഞ്ച് അറിയണമെങ്കില്‍ അദ്ദേഹത്തിന്റെ കോമഡി സീനുകള്‍ കാണണം. അതിനര്‍ത്ഥം മറ്റു വേഷങ്ങള്‍ മോശമെന്നല്ല.
ഗീതാഞ്ജലിയിലും ലാല്‍ തന്റെ സ്വതസിദ്ധമായ പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഒരു ഹൊറര്‍ ചിത്രം. കുറ്റാന്വേഷണ കഥ. പക്ഷേ കുരുക്കഴിക്കാന്‍ വരുന്ന ഡോ. സണ്ണി എന്ന മോഹന്‍ലാല്‍ കഥാപാത്രം പതിവുപോലെ ഒരു പിരി ലൂസും. പ്രിയന് ഇതു പറഞ്ഞു നിര്‍ത്തുമ്പോള്‍ അടുത്തു നിന്ന മോഹന്‍ലാലും നിര്‍മ്മാതാവ് സെവന് ആര്‍ട്സ് വിജയകുമാറും പൊട്ടിച്ചിരിച്ചു.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: