കണ്ണൂര്‍: ശക്തമായ പോലീസ് സാന്നിധ്യത്തില്‍ കണ്ണൂര്‍ പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് പോലീസ് ഓഡിറ്റോറിയത്തില്‍ നടന്നു. തെരഞ്ഞെടുപ്പ് നടത്തി വോട്ട് എണ്ണുമെങ്കിലും പിന്നീട് ഹൈക്കോടതിയാണ് ഫലം പ്രഖ്യാപിക്കുക. 435 വോട്ടര്‍മാര്‍ തങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാത്തതിനാല്‍ വോട്ട് രേഖപ്പെടുത്താന്‍ അനുവാദം നല്‍കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കിയിരുന്നെങ്കിലും പ്രത്യേകപെട്ടിയിലാണ് ഇവരുടെ വോട്ട് നിക്ഷേപിച്ചത്. ആകെ 4413 വോട്ടര്‍മാരാണുള്ളത്.
ഇതിനിടയില്‍ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരുന്ന പോലീസ് ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച റിട്ട. പൊലീസുകാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത് നേരിയസംഘര്ഷത്തിനിടയാക്കി. പയ്യന്നൂര്‍ സി. ഐ അബ്ദുള്‍ റഹീം, മാലൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സുനില്‍ വല്യങ്ങാട് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സുനില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന്് റിട്ട. എ. ആര് ക്യാമ്പ് എസ്. ഐ കീഴല്ലൂരിലെ നാരായണന്, റിട്ട. അഡീഷണല്‍ എസ്. ഐ പളളിക്കുന്നിലെ ശശിധരന് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വോട്ടര്‍മാരല്ലാത്തവരെ അകത്തുകയറ്റി വിടില്ലെന്ന് പറഞ്ഞ് പൊലീസുകാര്‍ ഗേററുപൂട്ടിയതാണ് മുന്‍ ഉദ്യോഗസ്ഥരെ പ്രകോപിച്ചത്. ഇവരെ ബലം പ്രയോഗിച്ചാണ് പൊലീസ് സംഭവസ്ഥലത്തു നിന്നും നീക്കിയത്.
തിരിച്ചറിയില്‍ കാര്‍ഡുളള പലരെയും വോട്ടുചെയ്യാന്‍ അനുവദിച്ചില്ലെന്ന് പരാതിയുണ്ട്. പൊലീസ് ഓഡിറ്റോറിയത്തില്‍ രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് നാലുമണിവരെയാണ് വോട്ടെടുപ്പ് നടന്നത്. സമാധാനപരമായി തിരഞ്ഞെടുപ്പ് പൂര്‍ത്തിയായെങ്കിലും ഇടതു അനുഭാവികള്‍ക്ക് വോട്ടുനിഷേധിച്ചുവെന്ന ആരോപണം ശക്തമാണ്. തിരിച്ചറിയല്‍ കാര്‍ഡുമായി വന്ന പലര്‍ക്കും വോട്ട് ചെയ്യാന്‍ കഴിയാതെ മടങ്ങേണ്ടിവന്നതായി ആക്ഷേപമുണ്ട്. പലരുടെയും പേര് വരണാധികാരിയുടെ കൈവശമുളള 6-ബി രജിസ്റ്ററില്‍ ഇല്ലാത്തതാണ് ഇതിന് കാരണം. ഇതു സംബന്ധിച്ച് വരണാധികാരിയായ സഹകരണ യൂനിററ് ഇന്‍സ്പെക്ടര്‍ ശിവദാസന്‍ പരാതി നല്‍കിയാണ് പലരും മടങ്ങിയത്. ഇന്നലെ തന്നെ വോട്ടെണ്ണിയെങ്കിലും ഫലം പ്രഖ്യാപിച്ചിട്ടില്ല. ഫലം മുദ്ര വെച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഹൈക്കോടതിയാണ് ഫലപ്രഖ്യാപനം നടത്തുക. കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് നടന്ന വോട്ടെടുപ്പ് സംഘര്‍ഷത്തെ തുടര്‍ന്ന് മാററിവച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: