ആറന്മുള : ആറന്മുള വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 2015 ഡിസംബറില്‍ ആരംഭിയ്ക്കുമെന്ന കെജിഎസ് ഗ്രൂപ്പിന്റെ അവകാശവാദം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി മാത്രമേ ആറന്മുളക്കാര് കരുതുന്നുള്ളുവെന്ന് പൈതൃകഗ്രാമ കര്‍മ്മസമിതി അഭിപ്രായപ്പെട്ടു. പണക്കൊഴുപ്പിലൂടെ ഏതൊക്കെ അനുമതികള്‍ കൈക്കലാക്കിയാലും ആറന്മുളയില് വിമാനത്താവളം നിര്‍മ്മിയ്ക്കുവാന്‍ പൊതുസമൂഹം അനുവദിക്കില്ലായെന്ന് കെജിഎസ്സിന് ബോദ്ധ്യമായിട്ടുള്ളതാണ്. എങ്കിലും ഓഹരിയുടമകളെയും ബാങ്കുകളെയും കബളിപ്പിക്കുവാന്‍ വേണ്ടി പഴകിയ വാദങ്ങള്‍ നിരത്തി എംഡി നടത്തുന്ന തീവ്രശ്രമമാണ് ഇടയ്ക്കിടയ്ക്കുള്ള പ്രസ്താവനകള്‍. സ്ഥിരമായി നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം അവകാശവാദങ്ങളെയും നുണപ്രചരണങ്ങളെയും തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നതായി കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ പി ആര് ഷാജി അറിയിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസിനെയും രാഷ്ട്രപതിയുടെ പ്രസംഗത്തെയും വരെ സ്വാധീനിക്കാന്‍ കഴിഞ്ഞ ഭൂമാഫിയയുടെ എംഡിയ്ക്ക് ഒരാഴ്ചയ്ക്കകം പാരിസ്ഥിതിക അനുമതി ലഭിയ്ക്കുമെന്ന് ഉറപ്പിച്ചു പറയുവാന്‍ കഴിയുന്നത് അവരുടെ അവിഹിത സ്വാധീനത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. ഒരുസെന്റ് സ്ഥലം പോലും സ്വന്തം പേരില്‍ ഇല്ലാതിരുന്നപ്പോഴും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്‍ഡ്യയുടെ സൈറ്റ് ക്ലിയറന്‍സ് സമ്പാദിച്ച ചരിത്രം ആറന്മുളക്കാര്ക്ക് അറിയാം. 74 എം എല്‍ എമാര്‍ വേണ്ട എന്നു പറഞ്ഞ, നിയമസഭാ പരിസ്ഥിതി കമ്മിറ്റി നടപ്പിലാക്കരുതെന്ന് എന്ന് വിലക്കിയ, പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും കേന്ദ്ര ധനവകുപ്പും എതിര്‍ത്ത വിമാനത്താവളം 2015 ഡിസംബറില്‍ തുറക്കും എന്നു പറയുന്നത് ഇന്‍ഡ്യന്‍ ജനാധിപത്യത്തോടും ഭരണഘടനയോടും നീതിന്യായവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണ്.
അവിഹിത മാര്‍ഗ്ഗങ്ങളിലൂടെ അനുകൂലതീരുമാനങ്ങള്‍ തിരുവനന്തപുരത്തും ഡെല്‍ഹിയിലും എടുപ്പിക്കുവാന്‍ കമ്പനിയ്ക്കു കഴിഞ്ഞേക്കും എന്നാല്‍ ആറന്മുളയില് വിമാനത്താവളം പണിയണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് പ്രദേശവാസികളാണ്. പ്രസ്തുത വെല്ലുവിളിയെ ആറന്മുളയിലെ ജനങ്ങള്‍ ഏറ്റെടുക്കുന്നു. തങ്ങളുടെ ജന്മനാടിനും ജീവിതത്തിനും വരും തലമുറയ്ക്കും വേണ്ടി സ്വന്തം മണ്ണ് സംരക്ഷിയ്ക്കുവാന്‍ ആറന്മുളക്കാര് തയ്യാറാണെന്ന കാര്യം കെജിഎസ്സും ഓഹരിയുടമകളും രാഷ്ട്രീയ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കന്മാരും ഓര്‍ക്കുന്നത് നല്ലത്.
കേരളാ ഹൈക്കോടതിയില്‍ ഭൂപരിഷ്കരണ നിയമം ലംഘിക്കുകയും മിച്ചഭൂമി കൈവശം വയ്ക്കുകയും ചെയ്തതിന്റെ പേരില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എല്ലാം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളം പണിയുമെന്ന് കെ ജി എസ് ഗ്രൂപ്പ് എംഡി പറയുന്നത് കോടതിയലക്ഷ്യമാണ്. 2011 ജനുവരി മുതല്‍ പല തീയതികളില്‍ വിമാനമിറങ്ങുമെന്ന് പറഞ്ഞിട്ടും എന്തു കൊണ്ടാണ് ഒരു നുള്ളു മണ്ണു പോലും ആറന്മുളയില് വിമാനത്താവളത്തിനു വേണ്ടി ഇടാന്‍ കഴിയാതെ പോയത് എന്ന് ജനങ്ങളോടു വിശദീകരിക്കണമെന്നും പി ആര് ഷാജി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: