കല്‍പ്പറ്റ : പുല്പള്ളി ഗ്രാമ പഞ്ചായത്തിലെ കാപ്പിക്കുന്നില്‍ വേലിയമ്പംകോട്ട ശിവക്ഷേത്രത്തിനു സമീപം വനത്തില്‍ പാറകളില്‍ കാണുന്ന ശിലാചിത്രങ്ങള്‍ നവീനശിലായുഗത്തിലേതല്ലെന്ന് ചരിത്രകാരന് മുണ്ടക്കയം ഗോപി.’ഒറ്റനോട്ടത്തില്‍ നവീനശിലായുഗ കാലനിര്മിതിയെന്ന് തെറ്റിദ്ധരിക്കാവുന്ന ഈ ചിത്രങ്ങള്‍ വേലിയമ്പം ക്ഷേത്രശില്പികള് തങ്ങളുടെ വിശ്രമവേളകളില്‍ വരഞ്ഞിട്ടതാണെന്ന്’ ഗോപി രചിച്ചതും പ്രസിദ്ധീകരണത്തിനു ഒരുങ്ങുന്നതുമായ ‘കുറുംപുറൈ’ എന്ന ചരിത്രപുസ്തകത്തില്‍ പറയുന്നു. അറിയപ്പെടാത്ത വയനാട്, പഴശ്ശിരാജ-ചമയങ്ങളില്ലാതെ, തിരുനെല്ലി പഴമ, എടക്കല്‍-കാലത്തിന്റെ സാക്ഷി എന്നീ ചരിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ് ഗോപി.
പുല്പള്ളയില്നിന്ന് അഞ്ച് കിലോ മീറ്റര്‍ അകലെയാണ് വേലിയമ്പംകോട്ട ക്ഷേത്രം. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റെയ്ഞ്ചില്‍ നെയ്ക്കുപ്പ സെക്ഷനിലാണ് ഈ സ്ഥലം. ക്ഷേത്രത്തിനു എതിര്‍വശത്ത് ഏകദേശം നൂറുമീറ്റര്‍ മാറിയാണ് ചിത്രങ്ങള്‍ വരഞ്ഞിട്ടുള്ള പാറകള്‍.
ദക്ഷിണേന്ത്യയിലെ ആദിവാസികളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി ആറുമാസം മുന്‍പ് വയനാട്ടില്‍ വന്നുമടങ്ങിയ ഇന്ത്യന്‍ വംശജയായ ബെല്‍ജിയന്‍ വനിത ഗിരാഗ്രാറ്റിയര് കാപ്പിക്കുന്ന് വനത്തില്‍ മണ്ണില്‍ പുതഞ്ഞുകിടക്കുന്ന ശിലകളിലെ ചിത്രങ്ങള്‍ എടക്കല്‍ ഗുഹയിയിലെയും തൊവരിമലയിലെയും ചിത്രങ്ങളുമായി സാദൃശ്യവും അത്രതന്നെ പഴക്കവും തോന്നിക്കുന്നതാണെന്ന് അവര്‍ അഭിപ്രായപ്പെട്ടിരുന്നു. മുഖ്യമായും വെണ്ണക്കല്ലില്‍ തീര്‍ത്ത വേലിയമ്പംകോട്ട ക്ഷേത്രത്തിലെ കൊത്തുപണികളും സമീപവനത്തില്‍ ശിലകളില്‍ കാണുന്ന ചിത്രങ്ങളും വ്യത്യസ്ത കാലഘട്ടത്തിലേതാണെന്നും ഗിരാഗ്രാറ്റിയര് പറയുകയുണ്ടായി. ചോളരാജവംശകാലത്തെ നിര്മാണശൈലിയിലുളളതാണ് വേലിയമ്പംകോട്ട ക്ഷേത്രം.
വേലിയമ്പം ക്ഷേത്രം ക്ഷേത്രനിര്മാണരീതിയും ഉപയോഗിച്ചിട്ടുള്ള സാമഗ്രികളും വിലയിരുത്തുമ്പോള്‍ ക്ഷേത്രസ്ഥാപനം 11-12 നൂറ്റാണ്ടാണെന്ന് ബോധ്യമാകും. ക്ഷേത്രത്തില്‍നിന്ന് 100 മീറ്റര്‍ അകലെ ഏതാനും പാറക്കൂട്ടം ഉണ്ട്. കടുപ്പംകുറഞ്ഞ വെണ്ണക്കല്പരുവം എത്താത്ത ചെറുപാറകള്‍. ഇവയില്‍ രണ്ടുമൂന്ന് എണ്ണത്തില്‍ തൊവരിമലയിലെ പൂരപ്പാറയില് കാണുന്ന ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ചില കോറലുകള്‍ കാണാം. ഇവയില്‍ മൂന്നടിയിലേറെ ഉയരവും അഞ്ച് അടിയിലേറെ നീളവുമുള്ള കല്ലില്‍ ഒരു സവാരിക്കുതിര, പക്ഷിയുടെ കൊക്ക്, ശിവലിംഗരൂപങ്ങള്‍ എന്നിവയും മധ്യബിന്ദുവിനെച്ചുറ്റി അഞ്ച് ബിന്ദുക്കളും ഒരു അപൂര്‍ണ മൃഗരൂപവും വരഞ്ഞിരിക്കുന്നു. മറ്റൊരുകല്ലില് ഒരു നേര്‍രേഖയും അതിനെ മുറിച്ച് അഞ്ച് കുറിയ രേഖകളും രണ്ട് ശിവലിംഗരൂപങ്ങളും ഉണ്ട്.
ചിത്രങ്ങള്‍ ലോഹായുധങ്ങള്കൊണ്ട് കോറിയവയാണ്. വെണ്ണക്കല്ല് മുറിക്കുവാന്‍ ഉപയോഗിക്കുന്ന വീതിവായ്ത്തലയുള്ള കത്തിയും വീതികുറഞ്ഞ ഉളികളും വരയ്ക്കുവാന്‍ ഉപയോഗിച്ചിട്ടുണ്ട്. കുതിരയുടെ വാല്‍രോമങ്ങള്‍ പുറകിലേക്ക് പറക്കുന്നതായി സൂക്ഷ്മപരിശോധനയില്‍ കാണാം. തലയുടെ ചിത്രീകരണവും പായുന്ന കുതിരയുടേതാണ്. ചോളപ്പടക്കുതികളുടെ പുറത്ത് സവാരിക്കാര്‍ ഇരിക്കുവാന് വിരിച്ചിരുന്ന ജീനിവസ്ത്രവും ചിത്രത്തിലുണ്ട്. പാറകള്‍ കാണപ്പെടുന്ന സ്ഥലവും പാറകളില്‍ കാണുന്ന, പണിയായുധങ്ങള്‍ മൂര്ച്ചപ്പെടുത്തിയതുമൂലം ഉണ്ടായ തേയ്മാനവും ചിത്രീകരണങ്ങളിലെ അശ്രദ്ധയും ഈ വാദത്തിന് ബലം നല്‍കുന്നതായും ഗോപി വിശദീകരിക്കുന്നു.
കാപ്പിക്കുന്ന് റിസര്‍വ് വനത്തില്‍ ചെറുകുന്നിന് മുകളിലുളള വേലിയമ്പംകോട്ട ക്ഷേത്രപരിസത്ത് ഒളിഞ്ഞിരിക്കുന്ന ചരിത്രസത്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ വനസംരക്ഷണ നിയമങ്ങള്‍ ചരിത്രകാരന്മാര്ക്കുമുന്നിലെ മുഖ്യതടസമാണെന്ന് ഗോപി പറഞ്ഞു. ഗജപൃഷ്ഠാകൃതിയില്‍ വെണ്ണക്കല്ലില്‍ നിര്‍മിച്ച വേലിയമ്പം ക്ഷേത്രത്തിനു ചുറ്റും നിരവധി മണ്കൂനകളുണ്ട്.
ചരിത്രപ്രാധാന്യം ഉള്ള കാപ്പിക്കുന്നു വനത്തിലെ ചിത്രങ്ങളടങ്ങിയ പാറകളുടെ സംരക്ഷണത്തിനു നടപടി സ്വീകരിക്കാന്‍ ഭരണകൂടം തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: