കോഴിക്കോട്: വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് എയര്‍ഹോസ്റ്റസുമാരെ ഉപയോഗിച്ച് സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തുന്നത് സംബന്ധിച്ച് ഹിന്ദുഐക്യവേദി നല്കിയ മുന്നറിയിപ്പ് അവഗണിച്ചതാണ് സ്വര്‍ണ്ണക്കടത്ത് വ്യാപകമാകാന്‍ കാരണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി. ജിജേന്ദ്രന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. 2012ല്‍ ഹിന്ദുഐക്യവേദി ഇതുസംബന്ധിച്ച് നല്കിയ മുന്നറിയിപ്പ് മുഖ്യമന്ത്രി അവഗണിക്കുകയായിരുന്നു. ഹിന്ദുഐക്യവേദി ഉന്നയിച്ച ആരോപണം ശരിവെക്കുന്നതാണ് കഴിഞ്ഞദിവസം നടന്ന എയര്‍ഹോസ്റ്റസിന്റെ അറസ്റ്റും സ്വര്‍ണ്ണക്കള്ളക്കടത്ത് സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങളും.
2012ല്‍ ഹിന്ദുഐക്യവേദി മുഖ്യമന്ത്രിക്ക് നല്കിയ അവകാശപത്രികയില്‍ ആഭ്യന്തര സുരക്ഷ സംബന്ധിച്ച വിഷയത്തില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. സംസ്ഥാന ഇന്റലിജന്സ്പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ഈ വിഷയം വളരെ വിശദമായി പ്രതിപാദിച്ചിട്ട് ഒരു വര്‍ഷമായിട്ടും യാതൊരു നടപടിയും എടുക്കാത്ത മുഖ്യമന്ത്രി ഗുരുതരമായ കൃത്യവിലോപമാണ് കാണിച്ചത്. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന സ്വര്‍ണ്ണക്കടത്ത്, കുഴല്‍പ്പണ മാഫിയകളിലൂടെ എത്തുന്ന പണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപകമായി ഉപയോഗപ്പെടുത്തുന്നത് തടയുവാനുള്ള ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷ സംബന്ധിച്ച വിഷയത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അലംഭാവം കാണിച്ച മുഖ്യമന്ത്രി രാജിവെക്കണമെന്നും പി. ജിജേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: