സിഖ് വിരുദ്ധ കലാപം സംബന്ധിച്ച കേസ് അവസാനിപ്പിക്കാന്‍ സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നു.എന്താണ് ഇത്തരമൊരു നീക്കത്തിന് സിബിഐയെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്തു പോകുന്നതിനു മുന്‍പ് സിഖ് വംശഹത്യക്കേസ് അവസാനിപ്പിക്കേണ്ടത് കോണ്‍ഗ്രസിന്റെ ആവശ്യമാണ്. ഇനി അധികാരത്തില്‍ തിരിച്ചെത്താനായില്ലെങ്കില്‍, ബിജെപിയുടെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ സിഖ് വിരുദ്ധ കലാപക്കേസ് പാര്‍ട്ടിയുടെ വാട്ടര്‍ ലൂ ആയി മാറുമെന്ന് കോണ്‍ഗ്രസിനറിയാം. സുപ്രീം കോടതിയില്‍ നിന്ന് അനുകൂലമായ പരാമര്‍ശം സംഘടിപ്പിച്ചെടുക്കാനായാല് അത് ദല്‍ഹി നിയമ സഭ തെരഞ്ഞടുപ്പിലും വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും തങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാകും കോണ്‍ഗ്രസ് കരുതുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കറുത്ത ദിനങ്ങളാണ് ആ കലാപക്കാലം.
ജെനോസൈഡ്.. അന്തര്‍ദേശീയ രംഗത്ത് ഏറ്റവും വെറുക്കപ്പെടുന്ന പദമാണിത്. മലയാള പരിഭാഷയില്‍ സാധാരണയായി മാധ്യമങ്ങള്‍ വംശഹത്യ എന്നു പ്രയോഗിക്കുമെങ്കിലും ജെനോസൈഡിന്റെ ഭീകരത ധ്വനിപ്പിക്കാന്‍ ആ പദപ്രയോഗത്തിന് പൂര്‍ണ്ണമായും കഴിയില്ല.
ഒരു പ്രത്യേക സമുദായത്തില്‍ അല്ലെങ്കില്‍ വംശത്തില്‍ ഉള്‍പ്പെട്ടവരെ ആ ഒരൊറ്റക്കാരണം കൊണ്ട് കൂട്ടത്തോടെ കൊന്നു തള്ളുക. സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍, രോഗികള്‍ ,പണ്ഢിതന്, പാമരന് ,ദരിദ്രന്, ധനികന് അങ്ങിനെ ഭേദമൊന്നുമില്ല. കൂട്ടത്തോടെ ഇല്ലായ്മ ചെയ്യുക എന്നത് മാത്രമാണ് കൊല്ലുന്നവരുടെ ലക്ഷ്യം. ഒരു തരത്തിലുള്ള മാനുഷിക വികാരങ്ങളും അപ്പോള്‍ കൊലയാളികള്ക്കില്ല. വംശീയമായ വിദ്വേഷം മാത്രം.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ഏറ്റവും കുപ്രസിദ്ധമായ വംശഹത്യകളിലൊന്നാണ് ഹിറ്റ്ലറുടെ ജൂതവേട്ട. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യയായിരുന്നു കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന ദല്‍ഹിയിലെ സിഖ് കൂട്ടക്കൊല.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ദല്‍ഹിയിലും രാജ്യത്തെ മറ്റു സിഖ് കേന്ദ്രങ്ങളിലും അരങ്ങേറിയ സിഖ് കൂട്ടക്കൊലയില്‍ എണ്ണായിരത്തിലേറെ സിഖ് വംശജരാണ് കൊല്ലപ്പെട്ടത്. ദല്‍ഹി നഗരത്തില്‍ മാത്രം മൂവായിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടു. 2700 പേരുടെ മൃതദേഹങ്ങള്‍ കലാപത്തിനു ശേഷം ദല്‍ഹിയില്‍ കണ്ടെടുക്കപ്പെട്ടു. 300 ലേറെപ്പേരുടെ മൃതദേഹങ്ങള്‍ അഗ്നിക്കിരയാക്കി. ആയിരങ്ങള്‍ക്ക് വീടും സമ്പാദ്യവും നഷ്ടപ്പെട്ടു. ജീവന് മാത്രം ബാക്കിയായ പലരും അതുവരെയുള്ള സകല സമ്പാദ്യവും വീടും ഉപേക്ഷിച്ച് ഓടിപ്പോയി. പി യു സിഎല്‍ എന്ന സംഘടന നടത്തിയ കണക്കെടുപ്പ് പ്രകാരം ഇരുപതിനായിരത്തിലേറെപ്പേരാണ് ദല്‍ഹിയില്‍ നിന്നും സര്‍വ്വവും ഉപേക്ഷിച്ച് ഓടിപ്പോയത്. ഇതില്‍ ആയിരത്തിലേറെപ്പേരെ മാത്രമാണ് വിവിധ മനുഷ്യാവകാശ സംഘടനകളുടെ പ്രവര്‍ത്തനം മൂലം തിരിച്ചു കൊണ്ടു വരാനായത്. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനവും കേന്ദ്ര സര്‍ക്കാരിന്റെയും ദല്‍ഹി അഡ്മിനിസ്ട്രേഷന്റെയും പരിപൂര്‍ണ്ണ പിന്തുണയും ഉപയോഗിച്ചാണ് ് ഈ കൂട്ടക്കുരുതി ആസൂത്രണം ചെയ്യപ്പെട്ടത്.
രാജ്യത്തെമ്പാടുമുളള മാധ്യമങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഈ നരഹത്യക്കെതിരെ ശബ്ദമുയര്‍ത്തിയെങ്കിലും ദല്‍ഹി ഭരണകൂടം നിശബ്ദത തുടര്‍ന്നു. ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് ഇടക്കാല പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയായിരുന്നു അധികാരക്കസേരയില്‍. വന്‍ മരങ്ങള്‍ കടപുഴകുമ്പോള്‍ വലിയ ഭൂമി കുലുക്കങ്ങളുണ്ടാകും. ഒട്ടേറെ പുല്ക്കൊടികള് അതിനടിയില്‍ ചതഞ്ഞരയും എന്ന തീര്‍ത്തും നിരുത്തരവാദപരമായ പ്രസ്താവനയാണ് രാജീവ് ഗാന്ധിയില്‍ നിന്നുണ്ടായത്. സിഖ് വംശഹത്യ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കരിനിഴലായി ആ പാര്‍ട്ടിയുടെ മേല്‍ പതിഞ്ഞിരിക്കുന്നു. മഹാത്മാ ഗാന്ധിയുടെയും നെഹ്റുവിന്റെയും പട്ടേലിന്റെയും പൈതൃകം അവകാശപ്പടുന്ന കോണ്‍ഗ്രസ് ചരിത്രപരമായ ആ പിന്തുടര്ച്ച ഇനി തങ്ങള്ക്കവകാശപ്പെടാനാകില്ലെന്നും അതിനുള്ള അര്‍ഹത തങ്ങള്‍ക്കില്ലെന്നും വെളിപ്പെടുത്തുകയായിരുന്നു. കലാപത്തിനും വംശഹത്യക്കും നേതൃത്വം നല്കിയ കോണ്‍ഗ്രസ് നേതാക്കളായ സജ്ജന്‍കുമാര്‍, എച്ച്.കെ.എല്‍ ഭഗത് തുടങ്ങിയവര്‍ക്കെതിരെ കേസുകളുണ്ടായെങ്കിലും ഒരു പോറല്‍ പോലുമേല്‍ക്കാതെ അവരെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം രംഗത്തുണ്ടായിരുന്നു.
2011 ല്‍ വിക്കിലീക്സ് പുറത്തു വിട്ട രഹസ്യ രേഖകളില്‍ സിഖ് വിരുദ്ധ കലാപം ഏങ്ങനെ ആസൂത്രണം ചെയ്യപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യന്‍ ഭരണകൂടം തന്നെ നേരിട്ടിടപെട്ട് വളരെ ആസൂത്രിതമായി തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് സിഖ് കൂട്ടക്കൊലകള്‍ അരങ്ങേറിയതെന്നാണ് സിഐഎ രഹസ്യ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് വിക്കിലീക്സ് പുറത്തു വിട്ട വിവരം. അമേരിക്കയ്ക്ക് ഇതു സംബന്ധിച്ച് രാജീവ് ഗാന്ധി സര്‍ക്കാര്‍ നല്കിയ രഹസ്യ വിവരങ്ങളും വിക്കിലീക്സ് തെളിവുകളായി പുറത്തു വിട്ടിരുന്നു. അടിയന്തിരാവസ്ഥക്കാലം മുതല്‍ ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസും സിഖ് സംഘടനകളും തമ്മില്‍ ശത്രുത ശക്തമായിരുന്നുവെന്നും ഓപ്പറേഷന് ബ്ലൂസ്റ്റാര്‍ ഇത് രൂക്ഷമാക്കിയെന്നുമാണ് സിഐഎ കണ്ടെത്തല്‍. ഏറ്റവും ഗുരുതരമായ കാര്യം 2011 ല്‍ പുറത്തു വിട്ട രേഖകളില്‍ വിക്കിലീക്സ് ചൂണ്ടിക്കാണിക്കുന്നത് കോണ്‍ഗ്രസിന്റെ സിഖ് വിരുദ്ധ മനോഭാവത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നാണ്. ഹരിയാനയിലും പഞ്ചാബിന്റെ അതിര്‍ത്തി പ്രദേശങ്ങളിലും സിഖ് വംശജര്‍ ന്യൂനപക്ഷമായ ഇടങ്ങളിലെല്ലാം ഇവര്‍ രൂക്ഷമായ വിവേചനവും വേട്ടയാടലും നേരിടുന്നു. സുപ്രീം കോടതിയില്‍ നിന്ന് കേസ് അവസാനിപ്പിക്കുന്നതിന് അനുകൂലമായ തീരുമാനമുണ്ടായാലും ജനങ്ങളുടെ കോടതിയില്‍ കോണ്‍ഗ്രസിന് ഈ വംശഹത്യയുടെ പാപഭാരത്തില്‍ നിന്ന് രക്ഷപ്പെടാനാകില്ലെന്നുറപ്പാണ്.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: