മാലെ: മാലെ ദ്വീപില്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ വീണ്ടും വോട്ടെടുപ്പ്. ഇത് മൂന്നാംതവണയാണ് ഇവിടെ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ വോട്ടെടുപ്പ് നടക്കുന്നത്. മുമ്പ് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളും അസാധുവാക്കുകയായിരുന്നു. കഴിഞ്ഞ സപ്തംബറില്‍ നടന്ന ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയിലെ ക്രമക്കേടിന്റെ പേരില്‍ സുപ്രീം കോടതി റദ്ദാക്കി. തുടര്‍ന്ന് സപ്തംബര്‍ 28ന് വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമായെങ്കിലും പോലീസ് ഇടപെടലിനെത്തുടര്‍ന്ന് ഇതും തടസ്സപ്പെട്ടു. ഒക്ടോബര്‍ 19 ന് നടത്താന്‍ ആലോചിച്ചെങ്കിലു അതും നടന്നില്ല.
475 പോളിങ് സ്റ്റേഷനുകളിലായി 239,105 വോട്ടര്‍മാരാണ് ഇവിടുള്ളത്. വോട്ടെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് വോട്ടെണ്ണലും തുടങ്ങി. സപ്തംബറില്‍ നടന്ന വോട്ടെടുപ്പിനെ അപേക്ഷിച്ച് വോട്ടിംഗ് ശതമാനം ഇക്കുറി കുറവായിരുന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിഡന്റ് ഫുവാദ് തൗഫീക് പറഞ്ഞു.
വോട്ടെടുപ്പില്‍ അമ്പത് ശതമാനത്തില്‍ കൂടുതല്‍ വോട്ട് നേടുന്നവര്‍ക്കാണ് വിജയം. ഇത്രയും വോട്ട് ആര്‍ക്കും നേടാനായില്ലെങ്കില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മില്‍ വീണ്ടും മത്സരിക്കണമെന്നാണ് വ്യവസ്ഥ. മാലെദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മുഹമ്മദ് നഷീദും പ്രോഗ്രസീവ് പാര്‍ട്ടി നേതാവായ യാമീന് അബ്ദുല്ലയുമാണ് പ്രധാനസ്ഥാനാര്‍ത്ഥികള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നഷീദ് ഒന്നാം സ്ഥാനത്തും യാമീന് രണ്ടാം സ്ഥാനത്തുമെത്തി. 1978 മുതല്‍ 2008 വരെ പ്രസിഡന്റായിരുന്ന മൗമൂന്‍ അബ്ദുല്‍ ഗയൂമിന്റെ അര്‍ദ്ധസഹോദരനാണ് യാമീന് അബ്ദുല്ല. ജെപി നേതാവും പ്രമുഖ വ്യവസായിയുപമായ ഖാസിം ഇബ്രാഹീമാണ് മറ്റൊരു പ്രമുഖ സ്ഥാനാര്‍ത്ഥി.
ഈ മാസം പതിനൊന്നിനാണ് നിലവിലെ പ്രസിഡന്റിന്റെ ഔദ്യോഗിക കാലാവധി പൂര്‍ത്തിയാകുന്നത്. മനുഷ്യാവകാശപ്രവര്‍ത്തകനും, പരിസ്ഥിതി വാദിയുമായിരുന്ന മുഹമ്മദ് നഷിദ് ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ മാലെ പ്രസിഡന്റാണ്. 30 വര്‍ഷം നീണ്ട അബ്ദുള്‍ ഗയൂവിന്റെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടായിരുന്നു നഷീദ് പ്രസിഡന്റായത്. എന്നാല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തകരുടെ അട്ടിമറി ശ്രമത്തിനിടെ 2012 ല്‍ അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയും വൈസ് പ്രസിഡന്റായിരുന്ന മുഹമ്മദ് വാഹിദ് അധികാരമേറ്റെടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: