അബുദാബി: പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്കക്ക്. നാലാമത്തെ മത്സരത്തില്‍ 28 റണ്‍സിന്റെ വിജയവുമായാണ് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയത്. ഇതോടെ 3-1നാണ് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയത്. അവസാന മത്സരം 11ന് നടക്കും.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 266 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് 49.2 ഓവറില്‍ 238 റണ്‍സിന് ഓള് ഔട്ടായി. 112 റണ്‍സ് നേടിയ ഓപ്പണര്‍ ഡി കോക്കിന്റെ കരുത്തിലാണ് ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തിയത്. കോക്കിന് പുറമെ ആംല (46), എ.ബി. ഡിവില്ലിയേഴ്സ് (30), മക്ലാരന് (28നോട്ടൗട്ട്), ഡുമ്നി (25 നോട്ടൗട്ട്) എന്നിവരും മികച്ച പ്രകടനം നടത്തി. പാക് നിരയില്‍ 65 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിസ്ബ ഉള് ഹഖാണ് ടോപ് സ്കോറര്‍. അരങ്ങേറ്റക്കാരന്‍ സൊഹൈബ് മഖ്സൂദ് (56), അഹമ്മദ് ഷഹ്സാദ് (43), മുഹമ്മദ് ഹഫീസ് (33), ഉമര്‍ അക്മല്‍ (22) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റ്സ്മാന്മാര്. 10 ഓവറില്‍ 25 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ഡ്വെയ്ല് സ്റ്റെയിനാണ് മാന്‍ ഓഫ് ദി മാച്ച്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഡി കോക്കും ആംലയും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 87 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 50 പന്തുകളില്‍ നിന്ന് 6 ബൗണ്ടറികളോടെ 46 റണ്‍സെടുത്ത ആംലയെ മുഹമ്മദ് ഹഫീസ് ബൗള്‍ഡാക്കിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. തുടര്‍ന്നെത്തിയ ഡു പ്ലെസിസിന് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. സ്കോര്‍ 129-ല്‍ എത്തിയപ്പോള്‍ 10 റണ്‍സെടുത്ത ഡുപ്ലെസിസിനെ മുഹമ്മദ് ഇര്‍ഫാന്റെ പന്തില്‍ സയീദ് അജ്മല്‍ കയ്യിലൊതുക്കി. പിന്നീടെത്തിയ എ.ബി. ഡിവില്ലിയേഴ്സും ഡി കോക്കും ചേര്‍ന്ന് സ്കോര്‍ 198-ല്‍ എത്തിച്ചു. ഇതിനിടെ ഡി കോക്ക് സെഞ്ച്വറി പൂര്‍ത്തിയാക്കി. 30 റണ്‍സെടുത്ത ഡിവില്ലിയേഴ്സിനെ ജുനൈദ് ഖാന്റെ പന്തില്‍ മുഹമ്മദ് ഹഫീസ് പിടികൂടി. പിന്നീട് 16 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. 135 പന്തില്‍ നിന്ന് 9 ബൗണ്ടറികളും ഒരു സിക്സറുമടക്കം 112 റണ്‍സെടുത്ത ഡി കോക്കിനെ ജുനൈദ് ഖാന്റെ പന്തില്‍ മിസ്ബയും അഞ്ച് റണ്‍സെടുത്ത മില്ലറെ മുഹമ്മദ് ഹഫീസ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്തു. പിന്നീട് ഡുമ്നിയും മക്ലാരനും ചേര്‍ന്ന് നടത്തിയ മികച്ച ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. പാക്കിസ്ഥാന് വേണ്ടി ജുനൈദ് ഖാനും മുഹമ്മദ് ഹഫീസും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് ഓപ്പണര്‍മാരായ അഹമ്മദ് ഷെഹ്സാദും മുഹമ്മദ് ഹഫീസും ചേര്‍ന്ന് മികച്ച തുടക്കം നല്കി. ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 43 റണ്‍സെടുത്ത അഹമ്മദ് ഷെഹ്സാദ് റണ്ണൗട്ടായതോടെ പാക്കിസ്ഥാന്റെ തകര്‍ച്ചക്ക് തുടക്കമായി. അധികം വൈകാതെ മുഹമ്മദ് ഹഫീസ് ഇംമ്രാന്‍ താഹിറിന്റെ പന്തില്‍ ബൗള്‍ഡായി മടങ്ങി. സ്കോര്‍ 2ന് 85. ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൂന്നാം വിക്കറ്റും നഷ്ടമായി. ഒരു റണ്‍സെടുത്ത ആസാദ് ഷഫീഖിനെ സൊസൊബേയുടെ പന്തില്‍ ഡിവില്ലിയേഴ്സ് പിടികൂടി. നാലാം വിക്കറ്റില്‍ സൊഹൈബ് മഖ്സൂദും മിസ്ബ ഉള് ഹഖും ചേര്‍ന്നതോടെ പാക്കിസ്ഥാന് വിജയപ്രതീക്ഷ വീണ്ടെടുത്തെങ്കിലും സ്കോര്‍ 174-ല്‍ നില്‍ക്കേ 56 റണ്‍സെടുത്ത സൊഹൈബിനെ ഡിവില്ലിയേഴ്സിന്റെ കൈകളിലെത്തിച്ച് സ്റ്റെയിന് ദക്ഷിണാഫ്രിക്കക്ക് ബ്രേക്ക്ത്രൂ നല്കി. പിന്നീ മിസ്ബമയും ഉമര്‍ അക്മലു (22) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. സ്റ്റെയിന്റെ തീപാറുന്ന പന്തുകള്‍ക്ക് മുന്നില്‍ മധ്യ-വാലറ്റനിര തകര്‍ന്നടിഞ്ഞതോടെ പാക് ഇന്നിംഗ്സ് 238 റണ്‍സില്‍ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: