പെരിയ: പുല്ലൂറ് പൊള്ളക്കട വളവില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. ഇന്നലെ വൈകുന്നേരം മൂന്നര മണിയോടെയാണ് അപകടം ഉണ്ടായത്. മംഗലാപുരത്തുനിന്നും കൊല്ലത്തേക്ക് ഗ്യാസ് നിറച്ചുപോവുകയായിരുന്ന എപി-൧൩-വി-൯൦൯൯ എന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഗ്യാസ് ചോര്‍ച്ച ഇല്ലാത്തതിനാല്‍ വാന്‍ ദുരന്തമാണ് ഒഴിവായത്. ഡ്രൈവര്‍ തെങ്കാശിയിലെ കാര്‍ത്തികിന് പരിക്കേറ്റു. സംഭവം അറിഞ്ഞ് കാഞ്ഞങ്ങാട്ടുനിന്നുള്ള ഫയര്‍ഫോഴ്സ്, ആരോഗ്യവകുപ്പ്, പോലീസ് സംഘം, ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ്, സബ്കലക്ടര്‍ ജീവന് ബാബു, ഡിവൈഎസ്പി തമ്പാന്, സിഐ സുധാകരന്, തഹസില്‍ദാര്‍ വൈ.എം.സുകുമാരന്‍, ജില്ലാ ഫയര്‍ഫോഴ്സ് ഓഫീസര്‍ രഞ്ജിത്ത്, ഡെപ്യൂട്ടി തഹസില്‍ദാര്‍ രത്നാകരന്, ഡിഎംഒ ഗീത, ജനപ്രതിനിധികള്‍ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മംഗലാപുരം ഐഒസിയില്‍ നിന്നുള്ള വിദഗ്ധര്‍ സംഭവസ്ഥലത്തെത്തി ടാങ്കര്‍ പരിശോധിച്ച് ചോര്‍ച്ച് ഇല്ലെന്ന് ഉറപ്പുവരുത്തി. ജാഗ്രതാ നിര്ദ്ദേശത്തിണ്റ്റെ ഭാഗമായി സമീപവാസികളോട് ഒഴിഞ്ഞുപോകാന്‍ പോലീസ് ആവശ്യപ്പെട്ടു. അപകടം സംഭവിച്ചതോടെ ദേശീയപാതയിലെ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. കാഞ്ഞങ്ങാട് നിന്നും കാസര്‍കോട്ടേക്ക് പോകുന്ന വാഹനങ്ങള്‍ വെള്ളിക്കോത്ത് വേലേശ്വരം ചാലിങ്കാല്‍ വഴി തിരിച്ചുവിട്ടു. അശാസ്ത്രീയ വളവാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. ഇതിനുമുമ്പ് പലതവണ ചെറുതും വലുതുമായ അപകടങ്ങള്‍ സംഭവിച്ചതായും നാട്ടുകാര്‍ പറയുന്നു. രാത്രിയോടെ തളിപ്പറമ്പില്‍ നിന്നും എത്തിയ ഖലാസികള്‍ ടാങ്കര്‍ ലോറി നീക്കം ചെയ്ത് ഗതാഗതയോഗ്യമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: