ലഖ്നൗ : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി സ്വന്തം നിലയില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ മായാവതി വ്യക്തമാക്കി. മറ്റൊരു പാര്‍ട്ടിയുമായോ മുന്നണിയുമായോ ചേര്‍ന്ന് മത്സരിക്കില്ലെന്നും ബിജെപിയുമായും കോണ്‍ഗ്രസുമായും ധാരണയുണ്ടാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ ഊഹാപോഹങ്ങള്‍ മാത്രമാണെന്നും അവര്‍ പറഞ്ഞു.
ലഖ്നൗവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മായാവതി. പൂര്‍ണമായ തയാറെടുപ്പുകളോടെയാണ് പാര്‍ട്ടി മത്സരത്തിനിറങ്ങുന്നത്. ബിജെപിയുമായും കോണ്‍ഗ്രസുമായും ധാരണയുണ്ടാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പാര്‍ട്ടിയെ തകര്‍ക്കാനുമാണെന്നും മായാവതി പറഞ്ഞു.
നിലവില്‍ യുപിഎ സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണക്കുന്ന ബിഎസ്പിക്ക് ലോക്സഭയില്‍ 15 അംഗ പ്രാതിനിധ്യമാണ് ഉള്ളത്. യുപിയിലെ അഖിലേഷ് യാദവ് സര്‍ക്കാരിനെതിരെയും മായാവതി തുറന്നടിച്ചു. സംസ്ഥാനത്ത് അഴിമതിയും കുറ്റകൃത്യങ്ങളും വര്‍ധിക്കുകയാണെന്ന് പറഞ്ഞ മായാവതി അഖിലേഷ് സര്‍ക്കാര്‍ സംസ്ഥാനത്തെ പിന്നോട്ട് നയിക്കുകയാണെന്നും കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: