കൊല്ലം: കെഎസ്യു സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ മുസ്ലീംലീഗിനെതിരെ രൂക്ഷ വിമര്‍ശനം. ലീഗിന്റെയും ചില ഘടകകക്ഷികളുടെയും അമിത ഇടപെടലുകള്‍ സംസ്ഥാനത്തെ ഉന്നത, പൊതുവിദ്യാഭ്യാസ മേഖലകളെ തകര്‍ച്ചയുടെ വക്കിലാക്കിയെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു.
വിദ്യാഭ്യാസ വകുപ്പ് മലപ്പുറം ജില്ലയില്‍ പറിച്ച് നട്ട് വിളവെടുപ്പ് നടത്താമെന്ന ലീഗിന്റെ മോഹം വ്യാമോഹമാണ്. ഘടകകക്ഷി നേതാക്കള്‍ക്ക് വിടുപണി ചെയ്യുന്നവര്‍ക്ക് സര്‍വകലാശാലയിലെ ഉന്നത പദവികള്‍ നല്‍കരുത്. വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആഹ്വാനവും പ്രമേയത്തിലുണ്ട്.
കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി മംഗലത്ത് വിനോദ് അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ സോളാര്‍ വിഷയത്തില്‍ ജനങ്ങള്‍ക്ക് തൃപ്തികരമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നു. കേരളത്തില്‍ വളരുന്ന സെറ്റില്‍മെന്റ് രാഷ്ട്രീയം കണ്ടില്ലെന്ന് നടിക്കാനാവില്ല. അഴിമതിക്കേസില്‍ ജയില്‍വാസം അനുഭവിച്ച അച്ഛനും സ്ത്രീലമ്പടനായ മകനും ചേര്‍ന്ന് നടത്തുന്ന അധികാര വടംവലി യുഡ്എഫിന് അപമാനമാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.
മുന്നണിക്ക് അപമാനമായ പി.സി ജോര്‍ജിന് ക്യാപിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന് സംഘടനാ പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായ കാര്യത്തില്‍ കോഴിക്കോട്ടെ ചില കടല്ക്കിഴവന്മാരുടെ കൂട്ടായ്മയല്ല കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും പ്രമേയം പറയുന്നു. നിര്‍ദ്ദിഷ്ട ആറന്മുള, വയനാട് വിമാനത്താവള പദ്ധതികള്‍ ഉപേക്ഷിക്കണമെന്ന് പരിസ്ഥിതി പ്രമേയം ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: