പത്തനംതിട്ട: പൈതൃകഗ്രാമമായ ആറന്മുളയിലെ വിവാദ വിമാനത്താവള പദ്ധതി സംബന്ധിച്ച തീരുമാനം കൈക്കൊള്ളാനുള്ള അവകാശം പ്രദേശത്തെ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന് പ്രൊഫ.മാധവ് ഗാഡ്ഗില്‍. ആറന്മുളയിലെ വിമാനത്താവള പദ്ധതി പ്രദേശം സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.
ആറന്മുളയില് സ്വകാര്യ കമ്പനിയുടെ വിമാനത്താവള നിര്‍മ്മാണത്തിന് സര്‍ക്കാര്‍ നല്കിയ അംഗീകാരം ജനാധിപത്യവിരുദ്ധമാണ്. ഗ്രാമസഭകളുടെ അംഗീകാരം വിമാനത്താവളത്തിനു ലഭിച്ചിട്ടില്ല. വിമാനത്താവള പദ്ധതി പ്രദേശത്ത് മിച്ചഭൂമിയായി കണ്ടെത്തിയ 232 ഏക്കര്‍ ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണം.
ആറന്മുളയില് ഒരു വിമാനത്താവളത്തിന് പ്രസക്തിയുണ്ടോ എന്നതു സംബന്ധിച്ചു വിശദമായ പഠനം ഉണ്ടായിട്ടില്ല. ദല്‍ഹിയില്‍ ഇരിക്കുന്നവര്‍ പ്രദേശവാസികളുടെ പ്രശ്നങ്ങളും താത്പര്യങ്ങളും മനസിലാക്കാതെ തീരുമാനമെടുക്കുന്നതാണ് ആറന്മുളയിലെ ഇന്നത്തെ സാഹചര്യത്തിന് കാരണമായത്.
തണ്ണീര്‍ത്തടങ്ങളും വയലുകളും വ്യാപകമായി നികത്തുന്നതോടെ ജലസംരക്ഷണമാണ് ആറന്മുളയില് പ്രധാന വെല്ലുവിളിയായുള്ളത്. കുന്നുകളിടിച്ചു ജലസ്രോതസുകള്‍ നഷ്ടമാക്കുന്ന പ്രവണത അടിസ്ഥാനപരമായി പ്രകൃതിയ്ക്കുനേരെയുള്ള വെല്ലുവിളിയാണ്. കേരള നിയമസഭയിലെ ഭൂരിപക്ഷം അംഗങ്ങളും വിമാനത്താവളത്തെ എതിര്‍ക്കുമ്പോള്‍ ആര്‍ക്കാണ് ഇതിനോടു താത്പര്യമെന്നു ഗവണ്മെന്റുകള് വിലയിരുത്തണം. നിയമവിരുദ്ധമായ ക്വാറി പ്രവര്‍ത്തനത്തിനുനേരെ നടപടി ഉണ്ടായില്ലെങ്കില്‍ പ്രദേശവാസികളുടെ ആരോഗ്യത്തെ അതു ബാധിക്കും. പ്രകൃതിയെ ചൂഷണം ചെയ്യുന്ന ക്വാറികള്‍ നിയന്ത്രിക്കാന്‍ കഴിയണം. പ്രദേശത്തെ വികസന കാഴ്ചപ്പാടുകള്‍ തീരുമാനിക്കാനുള്ള അവകാശം ജനങ്ങള്‍ക്കാണെന്നാണ് തന്റെ വിശ്വാസമെന്നും ജലവും പരിസ്ഥിതിയും സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് രാജ്യത്തിനാവശ്യമെന്നും ഗാഡ്ഗില്‍ പറഞ്ഞു.
ആറന്മുള പൈകൃകഗ്രാമകര്മ്മസമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരന്, പശ്ചിമഘട്ട വികസനസമിതിയംഗം ഡോ.വി.എസ്.വിജയന് എന്നിവരും അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു. അദ്ദേഹം വിവാദമായ ചെമ്പന്മുടി, കലഞ്ഞൂര്‍ പാറമടകളും സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: