മട്ടാഞ്ചേരി: കൊച്ചി അഴിമുഖം വഴിയുള്ള ബോട്ട്, ജങ്കാര്‍ യാത്ര ദുരിതപൂര്ണ്ണമായതിനെത്തുടര്ന്ന് കൊച്ചിന് കോര്പ്പറേഷന് സര്‍വീസ് ഏറ്റെടുക്കണമെന്ന് ആവശ്യമുയരുന്നു. ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ജലഗതാഗത യാത്ര മനുഷ്യജീവന് ഏറെ ഭീഷണിയാണുയര്‍ത്തുന്നത്. കാലപ്പഴക്കം ചെന്ന ബോട്ടുകളും കണ്ടം ചെയ്യേണ്ട ജങ്കാറും തോന്നുംപോലെ സര്‍വീസ് നടത്തിക്കൊണ്ട് ജനങ്ങളുടെ യാത്ര ദുരിതപൂര്‍ണ്ണവും അപകടകരവുമാക്കി തീര്‍ക്കുകയാണ്.
1994 വരെ കൊച്ചിന് കോര്പ്പറേഷന് നേരിട്ട് നടത്തിയിരുന്ന ബോട്ട്, ജങ്കാര്‍ സര്‍വീസുകള്‍ 94-95 വര്‍ഷമാണ് സ്വകാര്യ ഏജന്‍സിക്ക് കൈമാറിയത്. തുടര്‍ന്ന് ആദ്യഘട്ടത്തില്‍ കരാര്‍ നിബന്ധനകളോടെ പ്രവര്‍ത്തിച്ച സര്‍വീസ് തുടര്‍ന്ന് കുത്തനെ നിരക്ക് വര്‍ധിപ്പിച്ചും മതിയായ അറ്റകുറ്റപ്പണികള്‍ നടത്താത്ത ബോട്ടും ജങ്കാറും ഉപയോഗിച്ചും കൃത്യതയില്ലാതെ ഷെഡ്യൂളുകള്‍ നടത്തിയും സ്പെഷ്യല്‍ ട്രിപ്പുകളുടെ പേരില്‍ അമിത നിരക്ക് (ഇരട്ടിയിലുമേറെ) ഈടാക്കിയുമാണ് സര്‍വീസ് നടത്തുന്നതെന്ന് റെസിഡന്റ്സ് അസോസിയേഷനുകളും ജനകീയ സംഘടനകളും യാത്രക്കാരും പരാതിപ്പെടുന്നു.
പ്രതിവര്‍ഷം ആറ് ലക്ഷം രൂപയാണ് ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ബോട്ട്, ജങ്കാര്‍ സര്‍വീസുകളിലൂടെ കരാര്‍ പ്രകാരം കോര്പ്പറേഷന് ലഭിക്കുന്നത്. ജനങ്ങളുടെ ജീവന് അപകടത്തിലാക്കിയും കരാര്‍ ലംഘനം നടത്തിയും ദുരിതയാത്രയൊരുക്കുന്ന സ്വകാര്യ ഏജന്‍സിക്കെതിരെ നടപടിയെടുക്കാന്‍ കൊച്ചിന് കോര്പ്പറേഷന് ഭരണകേന്ദ്രം തയ്യാറാകാത്തത്. ജനങ്ങളില്‍ ആശങ്കയും അമര്‍ഷവും സൃഷ്ടിക്കുകയാണ്. ഭരണകക്ഷി നേതാവിന്റെ പിന്‍ബലത്തോടെയുള്ള സ്വകാര്യ ഏജന്‍സിയെ ഒഴിവാക്കുന്നതിനോ സര്‍വീസ് ഏറ്റെടുക്കുന്നതിനോ കോര്പ്പറേഷന് തയ്യാറാകാത്തതിനെതിരെ രാഷ്ട്രീയ കക്ഷികളും രംഗത്തിറങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: