കോട്ടയം: ടയര്‍ ലോബി ആവശ്യത്തിന് റബ്ബര്‍ സംഭരിച്ച സാഹചര്യത്തില്‍ ഇറക്കുമതി ചുങ്കം ഉയര്‍ത്തിയാലും റബ്ബര്‍ വിലയിടിവില്‍ പ്രതിസന്ധിയിലായ കര്ഷകന് ഈ സീസണില്‍ പ്രയോജനം ലഭിക്കില്ലെന്ന് സൂചന.
ആവശ്യമുള്ളതിന്റെ നിരവധി മടങ്ങ് റബ്ബര്‍ ഇതിനകം ഇറക്കുമതി ചെയ്തുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇറക്കുമതി ചുങ്കം ഇനി ഉയര്‍ത്തിയാലും ഇവിടുത്തെ കര്‍ഷകര്‍ക്ക് അതിന്റെ ഗുണം ലഭിക്കില്ല. ഏതാണ്ട് 60,000 ടണ്‍ റബ്ബറിന്റെ കുറവാണ് സാധാരണ പ്രതിവര്‍ഷം ഇന്ത്യയിലുണ്ടാകാറുള്ളതെന്ന് റബ്ബര്‍ ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ വര്‍ഷം ഒക്ടോബര്‍ 31 വരെ 2.14 ലക്ഷം ടണ്‍ റബ്ബര്‍ ഇറക്കുമതി നടന്നുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ 2011 മുതലുള്ള മിച്ചം കണക്കാക്കിയാല്‍ ഒക്ടോബര്‍ അവസാനം വരെ 4,01,568 ടണ്‍ റബ്ബര്‍ ഇറക്കുമതിയിലൂടെ അധികമായി ഇവിടെയുണ്ട്. ഇത്രയും ടണ്‍ റബ്ബര്‍ കേവലം 20 രൂപ ഇറക്കുമതി ചുങ്കം നല്കി വന്‍കിട ടയര്ലോബികള് സംഭരിച്ചുകഴിഞ്ഞു. അതിനാല്‍ തന്നെ നാട്ടിലെ കര്‍ഷകരില്‍ നിന്ന് റബ്ബര്‍ സംഭരിക്കാന്‍ ആരും തയ്യാറാകുന്നില്ല. ഒരാഴ്ചയില്‍ കൂടുതല്‍ പൂപ്പല്‍ ബാധിക്കാതെ റബ്ബര്‍ സൂക്ഷിക്കാന്‍ കഴിയാത്തതിനാല്‍ കുറഞ്ഞവിലയ്ക്ക് റബ്ബര്‍ വില്ക്കാന് കര്‍ഷകര്‍ നിര്‍ബ്ബന്ധിതരാകുകയാണ്. കര്‍ഷകരുടെ ദയനീയാവസ്ഥ ചൂഷണം ചെയ്യാന്‍ ടയര്ലോബികള്ക്ക് സര്‍ക്കാരും രാഷ്ട്രീയക്കാരും ഒത്താശ ചെയ്യുകയാണെന്നാണ് ആക്ഷേപമുള്ളത്.
കാലാവസ്ഥയിലെ വ്യതിയാനം മൂലം കഴിഞ്ഞ ആറുമാസത്തിലേറെയായി ഉണ്ടായ ടാപ്പിംഗ് നഷ്ടം പ്രതിസന്ധിയിലാക്കിയ കര്‍ഷകരെ സഹായിക്കാന്‍ റബ്ബര്‍ കര്‍ഷകരുടെ സ്വന്തം പാര്‍ട്ടികള്‍ എന്ന അവകാശപ്പെടുന്ന രാഷ്ട്രീയ കക്ഷികള്നയിക്കുന്ന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല.
ഇനിയുള്ള മാസങ്ങള്‍ ടാപ്പിംഗ് സജീവമാകുന്ന കാലയളവാണ്. റബ്ബര്‍ ഉദ്പാദനം വര്‍ദ്ധിക്കുമെങ്കിലും വാങ്ങാന്‍ ആളില്ലാത്തതിനാല്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് കര്‍ഷകര്‍. കഴിഞ്ഞ വര്‍ഷം മുന്നൂറ് രൂപയ്ക്കടുത്ത് വരെയെത്തിയ റബ്ബറിന്റെ വില നിലവില്‍ 155 രൂപയോളം മാത്രമാണ്. വന്‍കിട ടയര്‍കമ്പനികള്‍ കാലങ്ങളായി റബ്ബര്‍ മേഖലയില്‍ ഇത്തരത്തില്‍ പ്രതിസന്ധി സൃഷ്ടിക്കാറുണ്ടെന്ന് അറിയാവുന്ന കര്‍ഷക സംഘടനകളും ഇതിനെ ചെറുക്കാന്‍ കാലേക്കൂട്ടി രംഗത്തെത്താതിരുന്നതിലും ദുരൂഹതയുണ്ട്.
റബ്ബര്‍ ഇറക്കുമതിചുങ്കം ഇരുപത് രൂപയില്‍ നിന്ന് 20ശതമാനമായി വര്‍ദ്ധിപ്പിച്ചാല്‍ എല്ലാവിഷയങ്ങള്‍ക്കും പരിഹാരമായെന്ന നിലപാടാണ് ചില കര്‍ഷക സംഘടനകള്‍ക്കും കേരളാ കോണ്ഗ്രസുകാര്ക്കുമുളളത്. വ്യക്തമായ പഠനങ്ങള്‍ നടത്തി ഇറക്കുമതിക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ റബ്ബര്‍ കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കുകയുള്ളൂ. റബ്ബര്‍ കര്‍ഷകരെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുകയും എന്നാല്‍ വന്‍കിട ടയര്‍ ലോബികള്‍ നിയന്ത്രിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ചെറുകിട റബ്ബര്‍ കര്‍ഷകരെ സമര്‍ത്ഥമായി കബളിപ്പിക്കുകയാണെന്നതാണ് യാഥാര്‍ത്ഥ്യം.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: