ലക്നൗ: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ ഇന്ത്യന്‍ മുജാഹിദീനും സിബിഐയും ബിഎസ്പി, എസ്പി, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി മത്സരിച്ചാലും തനിക്ക് ഭയമില്ലെന്ന് നരേന്ദ്ര മോദി. പരാജയഭീതി പൂണ്ട നിലവിലെ ഭരണ നേതൃത്വം തനിക്കെതിരെ രാഷ്ട്രീയ ബോംബ് പ്രയോഗിച്ച് തന്നെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബഹറിച്ചില് നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംഭോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
ഗുജറാത്തില്‍ തുടര്‍ച്ചയായി മൂന്ന് വട്ടം താന്‍ അധികാരത്തില്‍ എത്തുന്നതിനെ തടയാന്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നവര്‍ക്ക് സാധിച്ചില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തന്നെ പരാജയപ്പെടത്താന്‍ സാധിക്കില്ലെന്ന് അവര്‍ക്ക് അറിയാമെന്നും അതിനാലാണ് അവര്‍ തനിക്കെതിരെ സിബിഐയേയും ഇന്ത്യന്‍ മുജാഹിദീനേയും അണിനിരത്തുന്നതെന്നും മോദി പറഞ്ഞു.
മുസാഫര്‍ നഗര്‍ കലാപത്തിന്റെ പേരില്‍ രണ്ട് ബിജെപി എംഎല്‍എമാരെ ജയിലിലടച്ച നടപടിയ്ക്കെതിരെയും മോദി ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. കലാപത്തിന് പ്രേരണ നല്‍കിയെന്നതാണ് ഇവര്‍ക്കെതിരായി സമാജ്വാദി പാര്‍ട്ടി ആരോപിക്കുന്ന കുറ്റം. എന്നാലിപ്പോള്‍ കോടതി ബിജെപി എംഎല്‍എമാര്‍ക്ക് ക്ലീന്‍ ചിറ്റാണ് നല്‍കിയിരിക്കുന്നത്. കോടതി നീതി നടപ്പാക്കി. ബിജെപിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് പരാജയപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി അധികാരത്തിലെത്തിയാല്‍ ഇപ്പോള്‍ തന്നെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നവര്‍ ഭയപ്പെടണമെന്നും മോദി മുന്നറിയിപ്പ് നല്കി. അഴിമതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നവരെ അവര്ക്കര്ഹതപ്പെട്ടിടത്ത് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദ ഭീഷണികൊണ്ടൊന്നും തന്നെ ഭയപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാരത് മാത കീ ജയ് എന്ന് ഉറക്കെ വിളിച്ചവരാണ് പാട്ന റാലിയിക്കിടയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്നും മോദി പറഞ്ഞു. തന്റെ പ്രസംഗം സംപ്രേഷണം ചെയ്യുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അസംതൃപ്തിയാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
യുപിയുടെ വികസനംകൊണ്ട് അര്‍ത്ഥമാക്കുന്നത് രാജ്യത്തിന്റെ വികസനമാണെന്നും അതേപോലെ യുപിയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഇന്ത്യയുടെ വിധിതന്നെ മാറും എന്നും അദ്ദേഹം പറഞ്ഞു. എട്ട് പ്രധാനമന്ത്രിമാരെയാണ് യുപി ഇതിനോടകം സംഭാവന ചെയ്തിരിക്കുന്നത്. ഇവരെല്ലാവരും ഒരു പ്രത്യേക കുടുംബത്തില്‍ നിന്നുള്ളവരായിരുന്നു. എന്നാല്‍ ഇവരാരും ഈ സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗുജറാത്ത് താന്‍ മുഖ്യമന്ത്രിയാകുന്നതിന് മുന്നേ വികസിത സംസ്ഥാനമായിരുന്നുവെന്ന കോണ്‍ഗ്രസിന്റെ വാദം പൊള്ളയാണെന്നും മോദി പറഞ്ഞു. അധികാരത്തിലെത്തുമ്പോള്‍ ഗുജറാത്തിലെ ജനങ്ങള്‍ തന്നോട് ആവശ്യപ്പെട്ടത് എല്ലാ ഗ്രാമങ്ങളിലും 24 മണിക്കൂറും വൈദ്യുതി വേണമെന്നായിരുന്നു. ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇത് അസാധ്യമെന്നാണ് തന്നോട് പറഞ്ഞത്. എന്നാല്‍ താന്‍ ഗുജറാത്ത് ജനതയുടെ ആവശ്യം നിറവേറ്റിയതായും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: