ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യക്തമായ മേല്‍കൈ ബിജെപി നേടുമെന്ന് അഭിപ്രായസര്‍വ്വേ ഫലം. ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന ദല്ഹിയുള്പ്പെടെയുള്ള സംസ്ഥാനം ബിജെപി തൂത്തുവാരുമെന്ന് ടൈംസ് നൗ നടത്തിയ അഭിപ്രായ സര്‍വ്വേ പറയുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും വ്യക്തമായ ഭൂരിപക്ഷം ബിജെപിക്കു ലഭിക്കുമെങ്കിലും ദല്‍ഹിയില്‍ പോരാടേണ്ടി വരുമെന്നും പറയുന്നു. ത്രികോണ മത്സരമാണ് ദല്‍ഹിയില്‍ നടക്കാന്‍ പോകുന്നതെങ്കിലും അവസാന വിജയം ബിജെപിക്കെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്.
രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായ ദല്‍ഹിയിലെ തെരഞ്ഞെടുപ്പും അവിടത്തെ അഭിപ്രായ സര്‍വ്വേകളും വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടിയായ ആം ആദ്മി പാര്‍ട്ടിയുടെ കടന്ന് വരവ് ബിജെപിക്ക് തിരിച്ചടിയാകുമെന്ന വാദത്തിന് ശക്തമായ പ്രതിവാദമാണ് ടൈംസ് നൗവിന്റെ അഭിപ്രായ സര്‍വ്വേ ഫലം. ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ സീറ്റുകള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസിന് 24 സീറ്റും ആം ആദ്മി പാര്‍ട്ടിക്ക് 18 സീറ്റും ലഭിക്കും.
കോണ്‍ഗ്രസിനെക്കാള്‍ സീറ്റ് കുറവാണെങ്കിലും മൂന്ന് തവണ മുഖ്യമന്ത്രിയായ ഷീലാ ദീക്ഷിത്തിനെക്കാള് സാധ്യത ജനപ്രിയ നേതാവ് അരവിന്ദ് കെജ്രിവാളിനാണെന്നുമാണ് സര്‍വ്വേയുടെ റേറ്റിങ് പറയുന്നത്. 34 ശതമാനം പേര് കെജ്രിവാളിനെ പിന്തുണച്ചപ്പോള്‍ ദീക്ഷിത്തിനോടൊപ്പം 31 ശതമാനം പേര് മാത്രമാണ് നിന്നത്. അതിനര്‍ത്ഥം ഷീലാ ദീക്ഷിത്തിന് വ്യക്തിപ്രഭാവം എന്നൊന്നില്ലായെന്നതാണ്. ദല്‍ഹിയിലെ 70 അംഗ നിയമസഭയില്‍ 42 സീറ്റ് വരെ നേടി ബിജെപി അധികാരത്തിലെത്തുമെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.
മധ്യപ്രദേശില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്നാണ് ഫലം സൂചിപ്പിക്കുന്നത്. 230 അംഗങ്ങളുള്ള നിയമസഭയില്‍ 126 സീറ്റ് നേടി ബിജെപി വ്യക്തമായ ആധിപത്യം സ്ഥാപിക്കും. കോണ്‍ഗ്രസ് 88 സീറ്റിലും മായാവതിയുടെ ബിഎസ്പി പാര്‍ട്ടി അഞ്ച് സീറ്റിലും വിജയിക്കുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. 58 ശതമാനം പേരുടെ പിന്തുണയോടെയാണ് ബിജെപി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ജനപ്രിയ നേതാവ് എന്ന സ്ഥാനത്തിനര്‍ഹനായത്. ബിജെപി ഏകദേശം മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെയും പട്ടിക പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങിക്കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ്സ് ഇപ്പോഴും സ്ഥാനാര്‍ത്ഥി നിര്‍ണയം പോലും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വിഷമിക്കുകയാണ്.
രാജസ്ഥാനിലെ ജനപ്രിയ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്് മുന്‍ ബിജെപി മുഖ്യമന്ത്രി വസുന്ധരരാജെയാണ്. ഇവിടെ 230 അംഗങ്ങളുള്ള നിയമസഭയില്‍ 126 സീറ്റ് ബിജെപി നേടുമെന്ന് സര്‍വ്വേ പറയുന്നു. നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന് ബിജെപി പിടിച്ചെടുക്കുമെന്നാണ് ടൈംസ് നൗവിന്റെ അഭിപ്രായ സര്‍വ്വേ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് 65 സീറ്റിലേക്ക് കുത്തനെ താഴും ബിഎസ്പിക്ക് രണ്ട് സീറ്റു മാത്രം ലഭിക്കുകയും ചെയ്യും. ബിജെപി ഇതിനോടകം തന്നെ സ്ഥാനാര്‍ത്ഥിപ്പട്ടിക ഏകദേശം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
ഛത്തീസ്ഗഢില്‍ ബിജെപിക്ക് 46 സീറ്റ് ലഭിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും ഭരണം നിലനിര്‍ത്തുമെന്നും സര്‍വ്വേ ഫലം പറയുന്നു. 47 ശതമാനം നേടിയ ജനപ്രിയ സ്ഥാനാര്‍ത്ഥിയാണ് മുഖ്യമന്ത്രിയായ രമണ്‍സിംഗ്. നിലവില്‍ അഭിപ്രായ സര്‍വ്വേകള്‍ മിക്കതും ബിജെപി അധികാരം പിടിക്കുമെന്ന തരത്തിലാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. അഭിപ്രായ സര്‍വ്വേകളുടെ വെളിപ്പെടുത്തലിനെ കോണ്‍ഗ്രസ് നേതൃത്വം ആശങ്കയോടെയാണ് കാണുന്നത്. അതുതന്നെയാണ് അഭിപ്രായ സര്‍വ്വേകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: