ന്യൂദല്‍ഹി: രാജ്യത്ത് അവശ്യവസ്തുക്കളുടെ വില റോക്കറ്റ് വേഗത്തില്‍ കുതിച്ചുയരുന്നു.
ഉള്ളി വിലയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സാധാരണക്കാരെ വലച്ചതെങ്കില്‍ ഇപ്പോള്‍ തക്കാളിയുടെ വിലയിലും വര്‍ധനവുണ്ടായിരിക്കുകയാണ്. ദല്‍ഹിയിലെ ചില്ലറ വിപണിയില്‍ ഒരു കിലോ തക്കാളിയുടെ വില കേട്ടാല്‍ ആരായാലും ഒന്ന് ഞെട്ടും-80 രൂപ! കഴിഞ്ഞ ആഴ്ച വരെ കിലോയ്ക്ക് 40 രൂപയായിരുന്നു. ഒറ്റയടിക്കാണ് ഇരട്ടിവര്‍ധനവ് ഉണ്ടായിരിക്കുന്നത്.
രാജ്യത്തെ പ്രധാന തക്കാളി ഉത്പാദക സംസ്ഥാനങ്ങളായ മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവടങ്ങില്‍ നിന്നുള്ള സപ്ലെയില്‍ ഇടിവുണ്ടായതാണ് തക്കാളി വില ഉയരാന്‍ കാരണമായി പറയുന്നത്. അതിശൈത്യത്തെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള വിതരണം നിലച്ചതായി ദല്‍ഹിയിലെ വ്യാപാരികള്‍ പറയുന്നു. ദീപാവലിയ്ക്ക് മുമ്പ് 35-40 ട്രക്കുകളില്‍ ആയിട്ടാണ് തക്കാളി വിതരണത്തിനെത്തിയതെങ്കില് ഇപ്പോഴത് 15-20 ട്രക്കുകളായി കുറഞ്ഞുവെന്നും അവര്‍ പറയുന്നു.
കിലോയ്ക്ക് 100 രൂപ വരെ എത്തിയിരുന്ന ഉള്ളി വിലയില്‍ ഇപ്പോള്‍ ഇടിവുണ്ടായിട്ടുണ്ട്. കിലോയ്ക്ക് 60 രൂപയാണ് ഇപ്പോഴത്തെ വില.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം പോര്‍ട്ട് ബ്ലെയറില്‍ ഒരു കിലോ തക്കാളിയുടെ വില 80 രൂപയാണ്. ഐസ്വാളില് 70 രൂപയും. ഭോപ്പാലില്‍ ഒരു കിലോ തക്കാളിയുടെ വില കേവലം 15 രൂപയാണ്. ജമ്മു, കട്ടക്, റൂര്‍ക്കല എന്നിവിടങ്ങളിലെ വില 60 രൂപയും തിരുവനന്തപുരത്ത് 45 രൂപയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: