തിരുവനന്തപുരം: സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അലോപ്പതി, ആയുര്‍വ്വേദ, ഹോമിയോ സ്വകാര്യ ആശുപത്രികള്‍, ഡിസ്പെന്‍സറികള്‍, ഫാര്‍മസികള്‍, സ്കാനിംഗ് സെന്ററുകള്‍, മെഡിക്കല്‍ ലാബുകള്‍, ആംബുലന്‍സ് സര്‍വ്വീസുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഈ ഉത്തരവ് പ്രകാരം വര്‍ദ്ധിപ്പിച്ച വേതനം ലഭിക്കും. 2013 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ദ്ധന.
പുതുക്കിയ ഏറ്റവും കുറഞ്ഞ അടിസ്ഥാന വേതനം 7825-160-8625-175-9500 രൂപയും, കൂടിയത് 10000-200-11000-220-12100 ഉം ആണ്. നേഴ്സുമാരുടെ അടിസ്ഥാന വേതനം ബിഎസ്സികാര്ക്ക് 8975-180-9875-200-10875 രൂപയും ജനറല്‍ നേഴ്സിങ് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 8725-175-9600-195-10575 രൂപയും ലഭിക്കും. ജീവനക്കാര്‍ക്ക് അടിസ്ഥാന വേതനത്തോടൊപ്പം അതത് ജില്ലാ കേന്ദ്രങ്ങള്‍ക്കുവേണ്ടി പ്രസിദ്ധീകരിക്കുന്ന ജീവിത നിലവാര സൂചികയുടെ 200 പോയിന്റിനുമേല്‍ വര്‍ദ്ധിക്കുന്ന ഓരോ പോയിന്റിനും 26 രൂപ 65 പൈസ വച്ച് ക്ഷാമബത്തയും ലഭിക്കും.
ഒരേ സ്ഥാപനത്തില്‍ 5 വര്ഷത്തിനുമേല് സര്‍വ്വീസ് പൂര്‍ത്തിയായവര്‍ക്ക് അവരുടെ ഓരോ 5 വര്‍ഷ സേവന കാലയളവിനും സര്‍വ്വീസ് വെയിറ്റേജായി ഓരോ ഇന്‍ക്രിമെന്റ് പുതിയനിരക്കില്‍ നല്‍കേണ്ടതാണ്. ഇപ്പോള്‍ 5 വര്‍ഷം സേവനകാലാവധി പൂര്‍ത്തിയാകാത്തവര്‍ക്ക് 5 വര്‍ഷം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഓരോ ഇന്‍ക്രിമെന്റ് നല്‍കണം. പുതിയ നിരക്കില്‍ ശമ്പളം നിശ്ചയിച്ച ശേഷം സേവനകാലം ഓരോ വര്‍ഷവും പൂര്‍ത്തിയാകുന്ന മുറയ്ക്ക് അവര്‍ക്ക് വാര്‍ഷിക ഇന്‍ക്രിമെന്റിന് അര്‍ഹതയുണ്ട്.
ആശുപത്രികളെ കിടക്കകളുടെ അടിസ്ഥാനത്തില്‍ 6 വിഭാഗമായി തിരിച്ചാണ് വേതന വര്‍ദ്ധന നടപ്പില്‍ വരുത്തിയത്. 1 മുതല്‍ 20 വരെയുള്ളത് ഒന്നാം വിഭാഗം, 21 മുതല്‍ 100 വരെ രണ്ടാം വിഭാഗം 101 മുതല്‍ 300 വരെ മൂന്നാം വിഭാഗം. 301 മുതല്‍ 500 വരെ നാലാം വിഭാഗം. 501 മുതല്‍ 800 വരെ അഞ്ചാം വിഭാഗം. 801 നുമേല്‍ ആറാം വിഭാഗം. ജനറല്‍ വാര്‍ഡുകളിലെ കിടക്കകളെ 3 ബെഡിന് ഒന്ന് എന്ന അനുപാതമാണ് ബെഡുകളുടെ എണ്ണം കണക്കാക്കുന്നതിന് മാനദണ്ഡമാക്കിയിരിക്കുന്നത്. ഒരു മുറിയില്‍ അഞ്ചില്‍ കൂടുതല്‍ ബെഡുകള്‍ ഉള്ളവയെ ആണ് ജനറല്‍ വാര്‍ഡ് ആയി കണക്കാക്കിയിട്ടുള്ളത്.
മേല്‍ പറഞ്ഞ രണ്ടാം വിഭാഗത്തില്‍പ്പെട്ടവയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അവരുടെ അടിസ്ഥാന വേതനത്തിന്റെ 5 ശതമാനവും മൂന്നാംവിഭാഗത്തില്പ്പെട്ടവര്ക്ക് 12 ശതമാനവും അഞ്ചാം വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 20 ശതമാനവും ആറാം വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 30 ശതമാനവും അധിക അലവന്‍സ് ആയി ലഭിക്കും.പുതിയ നിരക്കിലുള്ള വേതനം എല്ലാ ജീവനക്കാര്‍ക്കും ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കുവാന്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥന്മാര്ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: