കോഴിക്കോട്: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. യു.ഡി.എഫിലെ ചില കക്ഷികള്‍ അസംതൃപ്തരാണ്. എന്നാല്‍ പേരുദോഷം ഉണ്ടാക്കി സര്‍ക്കാരിനെ മറിച്ചിടില്ലെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫില്‍ ഭിന്നിപ്പുണ്ടാകുമെന്നും ചരിത്രം അതാണ് തെളിയിക്കുന്നതെന്നും കോടിയേരി പറഞ്ഞു. എം.എല്‍.എമാരെ ചാക്കിട്ടു പിടിച്ച് ഭരണമാറ്റത്തിന് ഇടതുപക്ഷം ശ്രമിക്കില്ല. എം.എല്‍.എമാരെ സൃഷ്ടിക്കുന്നത് ജനങ്ങളാണ്. ജനങ്ങളുടെ മനസില്‍ രാഷ്ട്രീയമാറ്റം ഉണ്ടാകും, ആ മാറ്റം യു.ഡി.എഫിലെ എം.എല്‍.എമാരുടെ ഇടയിലും പ്രതിഫലിക്കുമെന്നും കോടിയേരി പറഞ്ഞു.
ലാവ്ലിന് കേസിലെ വിധി കോണ്‍ഗ്രസിന് ലഭിച്ച ശക്തമായ താക്കീതാണെന്നും കോടിയേരി പറഞ്ഞു. പിണറായി വിജയനെ ലാവലിന്‍ കേസില്‍ കുടുക്കുക എന്നത് ഉമ്മന്‍ചാണ്ടിയുടെ വാശിയായിരുന്നു. യു.ഡി.എഫ്. കണ്‍വീനറായിരിക്കെ ഉമ്മന്‍ചാണ്ടി പിണറായി വിജയനെ പ്രതിചേര്‍ക്കാന്‍ പ്രത്യേക താല്പര്യമെടുത്തു. ലാവലിന്‍ കേസിലെ കോടതി വിധിയെക്കുറിച്ചുള്ള ഉമ്മന്‍ ചാണ്ടിയുടെ മൗനം കുറ്റസമ്മതമാണ്.
ലാവ്ലിനിലെ മുന്‍ നിലപാടുകളെ വി.എസ് അച്യുതാനന്ദന് തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വിവാദങ്ങള്‍ക്ക് പ്രസക്തിയില്ല. പ്രതിസന്ധികാലത്ത് പാര്‍ട്ടിക്ക് കരുത്ത് പകര്‍ന്ന നേതാവാണ് വി.എസെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
കേരള രാഷ്ട്രീയത്തില്‍ അപ്രതീക്ഷിത മാറ്റമുണ്ടാകുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജനും പ്രതികരിച്ചു. അതിന് ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. കോടിയേരിയുടേത് മലപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു.
ഭരണമാറ്റം സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന് പ്രതികരിച്ചു. യുഡിഎഫിലെ ഘടകകക്ഷികള്‍ക്ക് ആര്‍ക്കും അതൃപ്തിയില്ലെന്നും തങ്കച്ചന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: