ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിക്ക് സമാനമായ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് പ്രമേയത്തിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മോദിയുടെ ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പാര്‍ട്ടിയുടെ ആവശ്യം.
ഗുജറാത്ത് മുഖ്യമന്ത്രിയുടെ സുരക്ഷ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും പ്രമേയത്തില്‍ പറയുന്നു. എന്നാല്‍ മോദിയുടെ സുരക്ഷ എസ്പിജിയെ ഏല്പിക്കേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. എന്‍എസ്ജി മോദിക്ക് മതിയായ സുരക്ഷ നല്‍കുന്നുണ്ടെന്നും അത് തുടര്‍ന്നാല്‍ മതിയെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബിജെപി മോദിയുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രധാനമന്ത്രിയും സോണിയാഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പാണ് (എസ്പിജി) സുരക്ഷയൊരുക്കുന്നത്. എന്നാല്‍ മോദിക്ക് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്സ് (എന്‍എസ്ജി)യാണ് സുരക്ഷ നല്‍കുന്നത്. ഇത് പ്രകാരം നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്സിന്റെ 108 ബ്ലാക്ക് ക്യാറ്റ് കമാന്ഡോസിന്റേയും ഭീകരവിരുദ്ധ സേനയുടേയും സുരക്ഷ ലഭിക്കും. നേരത്തെ മോദിക്ക് എന്‍എസ്ജിയുടെ തന്നെ ചെറിയ സംഘത്തിന്റെ സേവനം മതിയെന്നാണ് ആഭ്യന്തര മന്ത്രി പറഞ്ഞിരുന്നത്. പിന്നീട് മോദിയുടെ സുരക്ഷ പിന്നീട് വര്‍ദ്ധിപ്പിക്കുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരുടെ മൂന്ന് വലയങ്ങളാണ് മോദിക്ക് ചുറ്റും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ആദ്യ വലയം ഏത് തരത്തിലുള്ള ആക്രമണങ്ങളെ നേരിടാനും ജാഗരൂകരായിരിക്കും. രണ്ടാമത്തെ വലയം മോദിക്ക് ചുറ്റും സുരക്ഷാ കവചമായി പ്രവര്‍ത്തിക്കും. മൂന്നാമത്തെ വലയം മോദിയെ സുരക്ഷിത സ്ഥാനത്ത് എത്തിക്കും.
ഒക്ടോബര്‍ 27ന് പാറ്റ്നയില്‍ നടന്ന മോദിയുടെ തെരഞ്ഞെടുപ്പ് റാലിയുടെ വേദിക്ക് സമീപമുണ്ടായ സ്ഫോടന പരമ്പരയില്‍ ആറ് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഉത്തരവാദിത്തം ഏറ്റെടുത്ത സ്ഫോടനം നടക്കുമ്പോള്‍ മോദി സ്ഥലത്ത് ഉണ്ടായിരുന്നില്ല. സ്ഫോടനം നടന്ന് നാല് ദിവസത്തിന് ശേഷം ഇന്റലിജന്‍സ് ബ്യൂറോ സംസ്ഥാനത്തിന് അയച്ച കത്തില്‍ പറയുന്നത് മോദിയെ ഭയപ്പെടുത്തുന്നതിന് വേണ്ടിയാണ് സ്ഫോടനം നടത്തിയതെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: