തിരുവനന്തപുരം: സംസ്ഥാനത്തെ പിന്നാക്ക വിഭാഗക്കാരുടെ ക്രീമിലെയര്‍ പരിധി ഉയര്‍ത്തി. നിലവില്‍ 4.5 ലക്ഷം രൂപയായിരുന്ന ക്രീമി ലെയര്‍ പരിധി ആറു ലക്ഷമായി ഉയര്‍ത്താനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ആറ് മാസം മുമ്പ് തന്നെ കേന്ദ്ര സര്‍ക്കാര്‍ ക്രീമിലെയര്‍ വരുമാന പരിധി ആറ് ലക്ഷം രൂപയായി ഉയര്‍ത്തിയിരുന്നു.
കേരളത്തില്‍ 2009ല്‍ പ്രാബല്യത്തില്‍ വന്ന 4.5 ലക്ഷം രൂപയായിരുന്നു പിന്നാക്ക സംവരണത്തിന് നിലവിലുള്ള വരുമാനപരിധി. ക്രീമിലെയര്‍ പരിധി ഉയര്‍ത്തണമെന്നത് എസ്എന്‍ഡിപി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. ഈ ആവശ്യമാണ് ഇന്ന് മന്ത്രിസഭായോഗം അംഗീകരിച്ചത്.
കുടുംബത്തിന്റെ വാര്‍ഷിക വരുമാനമാണ് ക്രീമിലെയറായി പരിഗണിക്കുന്നത്. കേന്ദ്രം ഇത് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും പരിഗണിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ സര്‍ക്കാര്‍ ജോലികള്‍ക്ക് മാത്രമേ ക്രീമിലെയര്‍ ബാധകമാക്കിയിട്ടുള്ളു.
നിതാഖത്ത് പ്രതിസന്ധിയില്‍ നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്കുള്ള പാക്കേജിനും മന്ത്രിസഭാ യോഗം അംഗീകാരം നല്കി. മന്ത്രി കെ സി ജോസഫിന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് നിതാഖത് പാക്കേജിന് രൂപം നല്‍കിയത്. പാക്കേജ് പ്രകാരം നിതാഖത്ത് പ്രതിസന്ധി മൂലം തിരിച്ചുവരുന്നവരുടെ യാത്രാചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ സംരംഭത്തിന് സഹായം നല്‍കും.
ശബരി പാത എരുമേലി വരെ നീട്ടാനും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. കരമന-കളിയിക്കാവിള റോഡ് വികസനത്തിന് ഫണ്ട് അനുവദിക്കാനും തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: