മലപ്പുറം: കേരളത്തിന്റെ വികസനത്തിന് മോദി മോഡല്‍ അനിവാര്യമെന്ന് ഉമ്മണ്‍ ചാണ്ടി സര്‍ക്കാരിന്റെ സാക്ഷ്യ ചിത്രം. കേരളത്തിലെ റോഡുകള്‍ എങ്ങിനെയായിരിക്കണമെന്ന് ഗുജറാത്തിലെ ദേശിയപാതയുടെ ചിത്രം സഹിതം പരസ്യം നല്‍കിയാണ് ഈക്കാര്യം സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.
‘കേരളത്തിലെ റോഡ് വികസനത്തിന്റെ നൂതന വഴികള്‍’ എന്ന സെമിനാറുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് മുഖേന ഇന്നലെ വിവിധ പത്രങ്ങള്‍ക്ക് നല്കിയ പരസ്യത്തിലാണ് ഗുജറാത്തിലെ ദേശിയപാതയുടെ ചിത്രം നല്‍കിയിരിക്കുന്നത്.
മോദി മോഡലിനെ രഹസ്യമായി ഉമ്മന്‍ ചാണ്ടി അംഗീകരിച്ചെങ്കിലും ഇപ്പോള്‍ പരസ്യമായി തന്നെ ഗുജറാത്ത് മോഡലിനെ മാതൃകയാക്കാമെന്ന് യുഡിഎഫ് സര്‍ക്കാര്‍ പരസ്യത്തിലൂടെ തെളിയിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും പൊതുമരാമത്ത് മന്ത്രിയും ലീഗ് നേതാവുമായ വി.കെ.ഇബ്രാഹിം കുഞ്ഞിന്റെയും ചിത്രങ്ങള്‍ സഹിതമാണ് പിഡബ്ല്യൂഡി അസോസിയേഷനും കേസരി മെമ്മോറിയല്‍ ട്രസ്റ്റും പൊതുമരാമത്തിന്റെ സഹകരണത്തോടെ നടത്തുന്ന സെമിനാര്‍ പരസ്യം സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
ഇന്നലെയും ഇന്നുമായാണ് തൈക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ സെമിനാര്‍ നടക്കുന്നത്. മനോഹരമായ ഗുജറാത്ത് ദേശീയ പാതയുടെ ചിത്രം പരസ്യത്തിന്റെ മുകളില്‍ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റ് മൂന്ന് റോഡുകളുടെകൂടി ചിത്രങ്ങള്‍ സഹിതമാണ് പരസ്യം നല്‍കിയിരിക്കുന്നത്. രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന തരത്തിലുള്ള മോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വാളും പരിചയുമായി കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണം നടത്തുമ്പോഴാണ് യു ഡി എഫ് സര്‍ക്കാര്‍ ഗുജറാത്തിലെ റോഡ് വികസനത്തെ അംഗീകരിച്ചിരിക്കുന്നത്.
നേരത്തെ തൊഴില്‍ മന്ത്രി ഷിബു ബേബിജോണും അബ്ദുള്ള കുട്ടി എംഎല്എയുമല്ലാം ഗുജറാത്ത് സന്ദര്‍ശിച്ച് മോദിയുമായി ചര്‍ച്ച നടത്തിയ സംഭവം വിവാദമായിരുന്നു. ഇതില്‍ ഷിബു ബേബിജോണിനോട് മുഖ്യമന്ത്രി വിശദീകരണവും തേടിയിരുന്നു. ഇതെല്ലാം പൊള്ളത്തരങ്ങളാണെന്ന് ഈ പരസ്യത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: