ജഗ്ദല്‍പൂര്‍: ധിക്കാരിയായ മുഖ്യമന്ത്രിയാണ് നിതീഷ്കുമാറെന്ന് ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി. പാട്നയില്‍ ബിജെപി റാലിയില്‍ നടന്ന സ്ഫോടന പരമ്പരകളെപ്പറ്റി അന്വേഷണം നടത്തുന്നതിന് തയ്യാറാകാത്ത ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിനെ ശക്തമായ ഭാഷയിലാണ് മോദി വിമര്‍ശിച്ചത്. ഛത്തീസ്ഗഢിലെ ജഗ്ദല്‍പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മോദി.
പാട്നയില്‍ വലിയ ദുരന്തമാണ് സംഭവിച്ചത്. എന്നാല്‍ വിഭവ സമൃദ്ധമായ സദ്യയുണ്ട്, സ്ഫോടനം നടന്നതിന്റെ യാതൊരു വിഷമവുമില്ലാത്ത മുഖവുമായാണ് ബീഹാര്‍ ഭരണാധികാരികള്‍ കാണപ്പെട്ടത്. സന്തോഷകരമായതെന്തോസംഭവിച്ചതിന്റെ ശരീരഭാഷയായിരുന്നു അവര്‍ക്ക്. ജുഡീഷ്യല്‍ അന്വേഷണമല്ല വേണ്ടതെന്നും മറ്റ് ഏജന്‍സികളുടെ അന്വേഷണമാണ് നടത്തേണ്ടതെന്നും മോദി പറഞ്ഞു. പിന്നില്‍നിന്നും കുത്തുന്ന പാരമ്പര്യമുള്ളവരില്‍ നിന്നും ഇത്തരത്തിലുള്ള നിലപാടുകള്‍ സ്വാഭാവികമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കഴിഞ്ഞ മെയില്‍ ജീരംഖാട്ടിയില് കോണ്‍ഗ്രസ് നേതാക്കളുടെ കൊലപാതകം നടന്ന സമയത്ത് സംഭവത്തില്‍ അനുശോചിച്ചുകൊണ്ട് മുഖ്യമന്ത്രി രമണ്‍സിങ് താന്‍ നടത്തിക്കൊണ്ടിരുന്ന യാത്ര മാറ്റിവെച്ച കാര്യവും മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. സംഭവത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച രമണ്‍സിങ് കൃത്യമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത് തന്റെ സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി പറയുമ്പോള്‍ അതിനും എത്രയോ മുമ്പ് ഛത്തീസ്ഗഢിലെ ബിജെപി സര്‍ക്കാര്‍ പദ്ധതി നടപ്പാക്കിത്തുടങ്ങിയതാണെന്ന് മോദി ഓര്‍മ്മിപ്പിച്ചു. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് സ്വാധീനമേഖലയായ ബസ്തറില്‍ ആദ്യസന്ദര്‍ശനത്തിനെത്തിയ മോദിയെ കാണുന്നതിനും പ്രസംഗം കേള്‍ക്കുന്നതിനും ആയിരക്കണക്കിനു പ്രവര്‍ത്തകരാണ് ജഗ്ദല്‍പൂരിലെ സമ്മേളന നഗരിയില്‍ തടിച്ചു കൂടിയത്. മാവോയിസ്റ്റ് സ്വാധീന ഗ്രാമങ്ങളില്‍ നിന്നുവരെ ബസ്സുകളിലും ലോറികളിലും ആളുകള്‍ യോഗസ്ഥലത്തേക്കൊഴുകുകയായിരുന്നു.
അതിനിടെ മോദിയുടെ റാലി തുടങ്ങുന്നതിനു മണിക്കൂറുകള്‍ മുമ്പ് ബസ്തറില്‍ നിന്നും അമ്പതു കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ പിടികൂടിയത് ആശങ്കയ്ക്കിടയാക്കി. മോദിയുടെ യോഗം നടന്ന ജഗ്ദല്പൂറിനും കാങ്കിറിനും നൂറുകിലോമീറ്റര്‍ മാത്രം അടുത്തുള്ള പ്രദേശത്താണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. 2010ല്‍ 76 സിആര്‍പിഎഫ് ഭടന്മാരെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയ ബസ്തര്‍ വനമേഖലയില്‍ ബുധനാഴ്ച നടത്തിയ തെരച്ചിലിലാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് മോദിയുടെ തെരഞ്ഞെടുപ്പ് റാലി നടന്നത്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: