ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. 62 പേരാണ് ബിജെപി ടിക്കറ്റില്‍ മത്സരിക്കുക. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വിജേന്ദ്ര ഗുപ്തയാണ് ന്യൂദല്‍ഹി നിയോജക മണ്ഡലത്തില്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്തിന് എതിരായി മത്സരിക്കുക.
രോഹിണിയില്‍ ജയ് ഭഗവാനും ഷാലിമാര്‍ ബാഗില്‍ രവീന്ദര്‍ നാഥ് ബന്‍സാലും ഷാകൂര്‍ ബസ്തിയില്‍ ശ്യാം ലാല്‍ ഗര്ഗുമാണ് മത്സരിക്കുക. ഷീല ദീക്ഷിത്തിനെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് താനെന്ന് വിജേന്ദ്ര ഗുപ്ത പറയുന്നു. അരവിന്ദ് കേജ്രിവാള് ശക്തനായ പ്രതിയോഗിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിറ്റിംങ്ങ് എംഎല്‍എ മനോജ് കുമാര്‍, മുണ്ടകയില്‍ നിന്നാണ് മത്സരിക്കുക. 2008 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടായിരുന്ന ഒ.പി.ശര്‍മ, നകുല്‍ ഭരദ്വാജ്, ദുഷ്യന്ത് ഗൗതം, പവന് ശര്‍മ, ജയ്പ്രകാശ്, മോട്ടിലാല്‍ സോധി തുടങ്ങിയവര്‍ക്കും മത്സരിക്കുന്നതിന് അവസരം നല്‍കിയിട്ടുണ്ട്.
ഡിസംബര്‍ നാലിലാണ് 70-അംഗ ദല്‍ഹി നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. 24 സിറ്റിംങ്ങ് എംഎല്‍എമാരില്‍ 21 പേരും ഇക്കുറിയും മത്സര രംഗത്തുണ്ട്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഹര്‍ഷ വര്ദ്ധന് നിലവിലെ അദ്ദേഹത്തിന്റെ നിയോജക മണ്ഡലമായ കൃഷ്ണ നഗറില്‍ മത്സരിക്കും. 62 സീറ്റുകളില്‍ നാലെണ്ണം സഖ്യ കക്ഷിയായ അകാലി ദളിനായി നീക്കിവച്ചിരിക്കുകയാണ്. എസ്സി സമുദായത്തില്‍ നിന്നും ഏഴ് പേരാണ് മത്സരിക്കുന്നത്. ഒരു മുസ്ലിം നേതാവുമുണ്ട്. വനിതകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കിയാണ് ബിജെപി പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ഗ്രേറ്റര്‍ കൈലാസ് നിയോജക മണ്ഡലത്തില്‍ വി.കെ. മല്‍ഹോത്രയുടെ മകന് അജയ് മല്‍ഹോത്രയാണ് മത്സരിക്കുക. മുന്‍ ദല്‍ഹി മുഖ്യമന്ത്രി സാഹിബ് സിംഗ് വര്‍മയുടെ മകന് പ്രവേഷ് മെഹ്റൗളിയില്‍ നിന്നും മത്സരിക്കും. മുന്‍ ദല്‍ഹി മേയര്‍ ആരതി മെഹ്റ മാളവ്യ നഗറില്‍ നിന്നാണ് മത്സരിക്കുക. ബിജെപി ദല്‍ഹി യൂണിറ്റ് ജനറല്‍ സെക്രട്ടറി ശിഖ റായ് കസ്തുര്‍ബ നഗറില്‍ നിന്നും മത്സരിക്കും. മുതിര്‍ന്ന നേതാവായ ആര്.പി. സിംഗ് രാജേണ്ടര്‍ നഗറില്‍ നിന്നാണ് മത്സരിക്കുക. സിറ്റിംങ്ങ് എംഎല്‍എ രമേഷ് ബിധുരി തുഗ്ലക്ബാദില്‍ നിന്നും തെരഞ്ഞെടുപ്പ് നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: