ലക്നൗ: രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന റാലികളില്‍ പഴയതുപോലെ ജനപങ്കാളിത്തമില്ല എന്നത് കോണ്‍ഗ്രസിനെ വിഷമവൃത്തത്തിലാക്കുന്നു. ഉത്തര്‍പ്രദേശില്‍ രാഹുല്‍ പങ്കെടുത്ത റാലികളിലെ ജനങ്ങളുടെ പങ്കാളിത്തം കോണ്‍ഗ്രസ് നേതൃത്വത്തിന് ഒട്ടും സംതൃപ്തിയുളവാക്കുന്ന തരത്തിലായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. യുപിഎയുടെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന പേരില്‍ ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ ഗാന്ധിയ്ക്ക് ഒരു കാലത്ത് ജനങ്ങള്‍ക്കിടയില്‍ ആവേശമായി മാറാന്‍ സാധിച്ചിരുന്നുവെങ്കിലും ഇപ്പോഴതിന് സാധിക്കുന്നില്ല. മോദി പ്രഭാവത്തില്‍ രാഹുലിന്റെ തിളക്കത്തിന് മങ്ങലേറ്റുവെന്ന് വേണം കരുതാന്‍.
യുപിയില്‍ കോണ്‍ഗ്രസിന്റെ ചുമതല വഹിക്കുന്ന മധുസൂദന്‍ മിസ്ത്രി, രാഹുല്‍ പങ്കെടുക്കുന്ന അടുത്ത റാലികളില്‍ കൂടുതല്‍ ജനപങ്കാളിത്തം ഉണ്ടാക്കിയെടുക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ്. വിവിധ മേഖലകളുടെ ചുമതല വഹിക്കുന്നവരുടേയും കോഡിനേറ്റര്മാരുടേയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടേയും യോഗം ശനിയാഴ്ച ചേരും. വരാനിരിക്കുന്ന റാലികളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള തന്ത്രം മെനയുകയാണ് ഇതിന്റെ ലക്ഷ്യം.
ഈ മാസം നാലിലേറെ പ്രചാരണ റാലികളില്‍ രാഹുല്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അലിഗഢ്, റാംപൂര്‍, ഹമീര്‍പുര്‍, സലീംപുര് എന്നീ നാലിടങ്ങളില്‍ ഇതനോടകം സംഘടിപ്പിച്ച റാലികളില്‍ നാമ മാത്രമായ ജനപങ്കാളിത്തം മാത്രമാണുണ്ടായത്. അലിഗഢ്, ഹമീര്‍പുര്‍ എന്നിവിടങ്ങളില്‍ 20,000ല്‍ താഴെ പേരേ പങ്കെടുത്തുള്ളു. റാംപൂര്‍, സലീംപുര് എന്നിവിടങ്ങളിലെത്തിയത് 50,000 ത്തോളം പേര്. ഒരു ലക്ഷത്തില്‍ അധികം പേര് പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അവകാശ വാദം ഉന്നയിച്ച സ്ഥാനത്താണിത്.
റാലികളിലേക്ക് ജനങ്ങളെത്താത്തതിന് കാരണം കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വം പാടുപെടുകയാണ്. അതേസമയം ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലികളിലേക്ക് ജനങ്ങളുടെ പ്രവാഹമാണ്. ഇതും കോണ്‍ഗ്രസ് നേതൃത്വത്തിനിടയില്‍ കനത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: