ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രചാരണവുമായി രംഗത്തുള്ള ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള് വീണ്ടും വിവാദത്തില്‍. അഴിമതിക്കെതിരെ അണ്ണാ ഹസാരെയ്ക്കൊപ്പം മുന്‍നിര പോരാളിയായിരുന്ന കേജ്രിവാള് ‘ബ്ലാക്ക്മെയ്ലര്‍’ എന്ന് ആരോപണവിധേയനായ രാജേഷ് ഗാഗിന് ദല്‍ഹി നിയമസഭാതെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുന്നതാണ് വിവാദമാകുന്നത്. അഴിമതിക്കെതിരെ പോരാടിയ കേജ്രിവാള് ഇപ്പോള്‍ അഴിമതി പ്രോത്സാഹിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നാണ്അദ്ദേഹത്തിനെതിരെ ഉയരുന്ന വിമര്‍ശനം. രോഹിണിയില്‍ നിന്നായിരിക്കും രാജേഷ് ഗാവ് മത്സരിക്കുക.
വിവരാവകാശ നിയമപ്രകാരം പല വ്യക്തികളെയും ബ്ലാക്മെയില്‍ ചെയ്തിട്ടുള്ള വ്യക്തിയാണ് രാജേഷെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗാഗിനെതിരെയുള്ള എഫ്ഐആര്‍ രേഖകള്‍ ശേഖരിച്ച് ഒരു ഹിന്ദി പത്രം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കളങ്കിതരെ പാര്‍ലമെന്റില്‍ കാല് കുത്താന്‍ അനുവദിക്കരുതെന്ന മഹത്തായ സന്ദേശത്തിനായി ഹസാരെയോടൊപ്പം പ്രവര്‍ത്തിച്ച അരവിന്ദ് കേജ്രിവാള് ഇപ്പോള്‍ കളങ്കിതനെന്ന് ആരോപിക്കപ്പെടുന്ന രാജേഷ് ഗാഗിന് ആം ആദ്മി പാര്‍ട്ടിയില്‍ സീറ്റ് നല്‍കുന്നത് ന്യായീകരിക്കാനാകില്ലെന്ന് പാര്‍ട്ടിയോട് ആഭിമുഖ്യം പുലര്‍ത്തുന്നവരും വ്യക്തമാക്കുന്നുണ്ട്.
നിര്‍മ്മാണ കമ്പനികളെയും കുടിപ്പകയുടെ പേരില്‍ പല വ്യക്തികളെയും രാജേഷ് ഗാഗ് വിവരാവകാശ നിയമം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള സുരേന്ദ്ര ശര്‍മ്മ എന്നയാള്‍ക്ക് ടിക്കറ്റ് നല്കി കേജ്രിവാള് അടുത്തിടെ വിവാദത്തില്‍പ്പെട്ടിരുന്നു. മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതോടെ ഇയാളെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ നിന്ന് നീക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സമാഹരിക്കുന്ന പണത്തിന്റെ പേരിലും ആം ആദ്മിപാര്ട്ടക്കെതിരെ വിവാദമയുര്ന്നിരിക്കുകയാണ്. കോടികളാണ് വിദേശത്ത് നിന്നുള്‍പ്പെടെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന് കോടതി ആം ആദ്മിപാര്‍ട്ടിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ മതേതരത്വം പറയുന്ന കേജ്രിവാള് വിവാദ ഇസ്ലാമിക മതനേതാവ് മൗലാനാ തൗഖീര്‍ റാസാ ഖാനുമായി നടത്തി കൂടിക്കാഴ്ചയും വിവാദമായി. നോവല്‍ എഴുതിയതിനു തസ്ലിമാ നസൃനെതിരേ ഫത്വ പുറപ്പെടുവിച്ച തൗഖീറിനെ കണ്ടത് രാഷ്ട്രീയ പിന്തുണ ചോദിക്കാനായിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ ശക്തമായപ്പോള്‍ താന്‍ പ്രാര്‍ത്ഥിക്കാന്‍ പോയതാണെന്ന വിശദീകരണമാണ് കേജ്രിവാള് നല്‍കിയത്. ഇത് കേജ്രിവാളിന്റെ മതേതര പ്രതിച്ഛായയെയും ബാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: