കോഴിക്കോട്: വാണിജ്യനികുതി വകുപ്പിന്റെ നടപടികള്‍മൂലം സംസ്ഥാനത്ത് പ്രമുഖ ഉപഭോക്തൃ ഉല്പന്നങ്ങളുടെ വിതരണവും വില്പനയും വിതരണം നിര്‍ത്തിയ കമ്മീഷന് ഏജന്റുമാര്‍ ഗുജറാത്തിലേക്ക് ചുവടുമാറ്റുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശപ്രകാരം ഗുജറാത്ത് ഇന്‍ഡസ്ട്രീസ് കമ്മീഷണര്‍ ആര്.എന്‍. റാവലിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാപാരികളുടെ പ്രതിനിധികള്‍ ഗുജറാത്തിലേക്ക് പോകുന്നത്. കേരളത്തില്‍ വിതരണം നിര്‍ത്തിയ വ്യാപാരികളുടെ നേതൃത്വത്തില്‍ രൂപീകരിച്ച മാര്‍ക്കറ്റിംഗ് ആന്റ് ഡിസ്ട്രിബ്യൂട്ടിംഗ് കമ്പനി ഓഫ് കേരളൈറ്റ്സിന്റെ പാര്‍ട്ട്ണര്‍മാരും പ്രമോട്ടര്‍മാരുമാണ് ഒന്‍പതിന് ഗാന്ധി നഗറിലേക്ക് യാത്ര പുറപ്പെടുന്നത്. 10 മുതല്‍ 14 വരെയുള്ള തിയ്യതികളില്‍ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്ന സംഘം ഗാന്ധിനഗര്‍, വഡോദര, അഹമ്മദാബാദ്, ബറോഡ, സൂറത്ത് എന്നീ നഗരങ്ങളും സന്ദര്‍ശിക്കും.
നികുതി തര്‍ക്കം മൂലം വ്യാപാരം നിര്‍ത്തിയ വിതരണ വ്യാപാരികളുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിയുടെ സുതാര്യ കേരളത്തിനും ആവര്‍ത്തിച്ച് നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് അയല്‍ സംസ്ഥാനങ്ങളില്‍ വ്യാപാരം തുടങ്ങാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരായത്.
ഗുജറാത്ത് ചേംബര്‍ ഓഫ് കൊമേഴ്സ്, ലയണ്‍സ് ക്ലബ്സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3238, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗുജറാത്ത് പ്രോവിന്‍സ്, ആള് ഇന്ത്യ മലയാളി അസോസിയേഷന് തുടങ്ങിയ നിരവധി സംഘടനകളും വ്യാപാരി വ്യവസായികളും ഇവര്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: