തിരുവനന്തപുരം: ലാവ്ലിന് കേസില്‍ പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് നീക്കിയ സിബിഐ പ്രത്യേക കോടതിയുടെ വിധിയെ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് സ്വാഗതം ചെയ്തു. കോടതിവിധി വന്നുകഴിഞ്ഞ സാഹചര്യത്തില്‍ താന്‍ നേരത്തെ ഉന്നയിച്ച കാര്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് വിഎസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ വിധി കേരള രാഷ്ട്രീയത്തില്‍ മാറ്റമുണ്ടാക്കുമോ എന്ന ചോദ്യത്തിന് അതേക്കുറിച്ച് ഒന്നും പറയുന്നില്ല എന്നായിരുന്നു മറുപടി.
ലാവ്ലിന് ഇടപാടില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടം സംഭവിച്ചുവെന്ന സിഎജിയുടെ കണ്ടെത്തല്‍ ശരിയാണെന്ന് വിശ്വസിക്കുന്നതായി മുന്‍പ് വിഎസ് പരസ്യ നിലപാട് സ്വീകരിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ പിണറായി വിജയനെ പ്രതിസ്ഥാനത്തു നിന്ന് നീക്കം ചെയ്തതോടെ പാര്‍ട്ടിയിലെ പിണറായി പക്ഷം കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരിക്കുകയാണ്. താല്‍ക്കാലികമായെങ്കിലും പിണറായിക്കുണ്ടായ വിജയം വിഎസിനെ ക്ഷീണിപ്പിച്ചിട്ടുണ്ട്. കോടതിവിധിയെ സ്വാഗതം ചെയ്തുകൊണ്ട് വിഎസ് നിലപാട് സ്വീകരിച്ചതിനു പിന്നില്‍ പാര്‍ട്ടി അച്ചടക്കം ലംഘിക്കരുതെന്ന തീരുമാനവുമുണ്ട്. കോടതി വിധിക്കെതിരായി പ്രസ്താവന നടത്തിയാല്‍ അത് അച്ചടക്കരാഹിത്യമായി കണക്കാക്കി നടപടിക്കുള്ള ആവശ്യം പിണറായി പക്ഷം ഉന്നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: