തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ഇനി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് എന്ന കമ്പനിയാകും. ഇത് സംബന്ധിച്ച് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്കി. സര്‍ക്കാരില്‍ നിക്ഷിപ്തമായ ബോര്‍ഡിന്റെ എല്ലാ ആസ്തിബാധ്യതകളും അവകാശങ്ങളും പൂര്‍ണമായും കമ്പനിയില്‍ പുനര്നിക്ഷിപ്തമാക്കാന് മന്ത്രിസഭ അനുമതി നല്കി. ഇതിനായി വിജ്ഞാപനം പുറപ്പെടുവിക്കും. കേരള സര്‍ക്കാരിനു വേണ്ടി ഊര്‍ജവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിനു വേണ്ടി ചെയര്‍മാനും ധാരണാപത്രം ഒപ്പുവയ്ക്കും.
കേരള ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ 2011 സെപ്റ്റമ്പര്‍ 30വരെയുള്ള അസ്സല് പെന്ഷന് ഫണ്ട് ബാധ്യതയായ 7584 കോടി രൂപയോളം വരുന്ന തുക നിറവേറ്റുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി നിര്‍ദ്ദേശിച്ച നടപടിക്രമങ്ങള്‍ അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ഇബി എന്ന കമ്പനി ഒരു പ്രതേ്യക ഫണ്ട് രൂപീകരിക്കേണ്ടതും ഇതില്‍ നിന്നും നിലവിലുള്ളതും ഭാവിയിലുള്ളതുമായ പെന്‍ഷനുകള്‍ ഓരോ വര്‍ഷവും നല്‍കുകയും വേണം. 2009 മാര്‍ച്ച് 31 വരെ ആവശ്യമായി വരുന്ന പെന്ഷന് ഫണ്ട് 4520 കോടി രൂപയായാണ് കണക്കാക്കിയിരിക്കുന്നത്. ഇതില്‍ 1600 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ സംഭാവന ചെയ്യും. ബാക്കി 2920 കോടി രൂപ കെഎസ്ഇബി കമ്പനിയില്‍ നിന്നും ലഭ്യമാക്കും. ഫണ്ടിലേക്ക് 10 മുതല്‍ 20 വരെ വര്‍ഷംകൊണ്ട് തുക മുഴുവന്‍ അടച്ചാല്‍ മതിയാകും. ഇതനുസരിച്ച് സര്‍ക്കാര്‍ 10 വര്‍ഷക്കാലത്തിനുള്ളില്‍ പലിശ ഉള്‍പ്പെടെ 2500 കോടി രൂപ അടയ്ക്കണം. സര്‍ക്കാരിന്റെ പേരില്‍ കെഎസ്ഇബി ഈടാക്കുന്ന ഇലക്ട്രിസിറ്റി ഡ്യൂട്ടിയില്‍ നിന്ന് പ്രതിവര്‍ഷം 250 കോടി രൂപ വീതം കമ്പനിയില്‍ തന്നെ നിലിനര്ത്തി ഈ തുക കണ്ടെത്തും.
കെഎസ്ഇബി പുറപ്പെടുവിക്കേണ്ട കടപ്പത്രത്തിന്മേലുള്ള പലിശ ബാധ്യത നിറവേറ്റിയശേഷവും ബോര്‍ഡിന് വരുമാനത്തില്‍ ബാക്കി വരുന്ന തുകയും താരിഫ് പരിഷ്കരണത്തിലൂടെ ലഭ്യമാകുന്ന അധിക വരുമാനവും പെന്ഷന് ഫണ്ടിലേക്ക് കെഎസ്ഇബി അടയ്ക്കേണ്ട തുകയായി ഈടാക്കും.
2009 മാര്‍ച്ച് 31ല്‍ നിലവിലുണ്ടായിരുന്ന ശമ്പളത്തിന്റെയും പെന്‍ഷന്റെയും അടിസ്ഥാനത്തിലാണ് ഫണ്ട് തുക നിജപ്പെടുത്തിയിരുന്നത്. ശമ്പളവും പെന്‍ഷനും പരിഷ്കരിച്ചതിന്റെ ഫലമായി പെന്ഷന് ഫണ്ടില്‍ 3064 കോടി രൂപ അധികബാധ്യത വരുന്നു. ഇത് 35.5:64.6 എന്ന അനുപാതത്തില്‍ സര്‍ക്കാരും കെഎസ്ഇബിയും വഹിക്കും.
കൈമാറ്റ തീയതി വരെയുള്ള ബാധ്യതയുടെ നിര്‍ണയം കരാറിനു മുന്‍പ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കരാര്‍ നടപ്പാക്കുന്ന തീയതി വരെയുള്ള ബാധ്യതകളുടെ യഥാര്‍ഥ മൂല്യനിര്‍ണയം ഒരു വര്‍ഷക്കാലയളവിനുള്ളില്‍ നടത്താമെന്നും ഇതിന് ആവശ്യമായ ക്രമീകരണങ്ങളും മാറ്റങ്ങളും ഫണ്ടില്‍ വരുത്താമെന്നുമുള്ള കെഎസ്ഇബിയുടെ നിര്‍ദ്ദേശവും മന്ത്രിസഭ അംഗീകരിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: