കൊച്ചി: നടി റിമാ കല്ലിങ്കലും സംവിധായകന് ആഷിഖ് അബുവും വിവാഹിതരായി. തൃക്കാക്കര സബ്രജിസ്ട്രാര്‍ ഓഫീസില്‍ ആര്‍ഭാടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു.
വിവാഹ ആവശ്യങ്ങള്‍ക്കായി നീക്കിവച്ചിരുന്ന പത്ത് ലക്ഷം രൂപ ഇന്നലെ എറണാകുളം ജനറല്‍ ആശുപത്രിയിലെ ക്യാന്‍സര്‍ രോഗികള്‍ക്കായി ഇവര്‍ നല്‍കിയിരുന്നു. തുടര്‍ന്ന് ജസ്റ്റിസ് വി.ആര് കൃഷ്ണയ്യരുടെ വീട്ടിലെത്തി അനുഗ്രഹവും വാങ്ങിയിരുന്നു.
2008ല്‍ മിസ് കേരള മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചതോടെയാണ് റിമ കല്ലിങ്കല്‍ പ്രശസ്തമായത്. തുടര്‍ന്ന് ശ്യാമപ്രസാദിന്റെ ഋതു എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കെത്തി. കമലിന്റെ അസിസ്റ്റന്റ് ആയി സിനിമാരംഗത്തേക്ക് കടന്നു വന്നയാളാണ് ആഷിക് അബു. ഡാഡി കൂള്‍ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന രണ്ടാം ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.
ആഷിക് സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലെ നായികയായിരുന്നു റിമ. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും അടുക്കുന്നത്. 22 ഫീമെയില്‍ കോട്ടയത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് റിമയെ തേടിയെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: