കണ്ണൂര്‍: കണ്ണൂരില്‍ ഡി.സി.സി ഓഫീസിനു നേരെ ആക്രമണം. പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. കല്ലേറില്‍ ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ആക്രമണത്തിന് പിന്നില്‍ സി.പി.എം ആണെന്ന് കെ.സുധാകരന് എം.പി ആരോപിച്ചു.
ഡിസിസി ഓഫീസുകളെ ആക്രമിക്കുന്ന സിപിഎം നയം അവര്‍ക്ക് നല്ലതിനല്ല. കണ്ണൂരില്‍ നടക്കുന്നത് സിപിഎമ്മിന്റെ റൗഡിസമാണെന്നും കെ. സുധാകരന് പറഞ്ഞു. രാവിലെ ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് അക്രമവിവരം അറിയുന്നത്. ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു.
ഡിസിസി ഓഫീസ് ആക്രമിച്ചതിനു പിന്നില്‍ സിപിഎമ്മിലെ ക്രിമിനലുകളാണെന്ന് കെ. സുരേന്ദ്രന് പറഞ്ഞു. കണ്ണൂരിലെ സിപിഎം പാര്‍ട്ടി ഓഫീസുകള്‍ക്ക് സംരക്ഷണം നല്കുന്ന പോലീസ് ഡിസിസി ഓഫീസുകള്‍ക്കോ, കോണ്‍ഗ്രസുകാര്‍ക്കോ സംരക്ഷണം നല്‍കുന്നില്ലെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
ഇന്നലെ ആലപ്പുഴയിലെ പി. കൃഷ്ണപിള്ള സ്മാരകമന്ദിരത്തിന് രാത്രിയുടെ മറവില്‍ അജ്ഞാതര്‍ തീവയ്ക്കുകയും സ്മാരകത്തിനു മുന്നിലെ സ്തൂപം തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാണോ കണ്ണൂരിലുണ്ടായതെന്ന് വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: