അഹമ്മദാബാദ്: സര്‍ദാര്‍ വല്ലഭ ഭായ് പട്ടേലിന്റെ മതേതരത്വമാണ് കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് മതേതരത്വമല്ല രാജ്യത്തിനാവശ്യമെന്ന് നരേന്ദ്ര മോദി. പട്ടേല്‍ രാജ്യത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ചയാളാണ്. ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ ആളായി അദ്ദേഹത്തെ ചിത്രീകരിക്കുന്നത് മഹത്വം കുറച്ചുകാണിക്കലാണ്.
റാണാ പ്രതാപനും ശിവജിയും ഭഗത് സിംഗും രാജഗുരുവുമൊക്കെ ആദരിക്കപ്പെടുന്നത് രാജ്യത്തിനുവേണ്ടി ജീവിച്ചവരായതുകൊണ്ടാണ്. പട്ടേല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായിരുന്നുവെന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല. എന്നാല്‍ രാജ്യത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ചതുകൊണ്ടാണ് അദ്ദേഹം മഹാനാകുന്നത്. രാജ്യത്തിന്റെ പൊതുസ്വത്തായ അദ്ദേഹത്തെ ഒരു പാര്‍ട്ടി സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും മോദി ചൂണ്ടിക്കാട്ടി.
പട്ടേലിന്റെ മതേതരത്വം ആദരണീയമായിരുന്നു. നാട്ടുരാജ്യങ്ങളുടെ സംയോജന സമയത്ത് മതപരമായോ ജാതീയമായോ ഒരുതരത്തിലുള്ള വേര്‍തിരിവും ഉണ്ടാകാതിരിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമം മാതൃകാപരമായിരുന്നു. എല്ലാവരെയും ഒരുമിപ്പിക്കുന്ന മതേതരത്വമായിരുന്നു അദ്ദേഹത്തിന്റെത്. സര്‍ദാര്‍ പട്ടേലിന്റെ പൂര്‍ണ്ണകായ പ്രതിമ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മോദി.
ഗുജറാത്തിനോട് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ വിവേചനം കാണിക്കുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ കവാടങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമം വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാര്‍ തടസ്സപ്പെടുത്തുകയാണ്. പ്രധാനമന്ത്രി മന്മോഹന് സിംഗിന് ഇക്കാര്യം ചൂണ്ടിക്കാട്ടി പലവട്ടം കത്തയച്ചിട്ടും മറുപടി പോലും ലഭിച്ചില്ലെന്നും മോദി പറഞ്ഞു. ജാതീയമായ തൊട്ടുകൂടായ്മ പോലെ തന്നെ രാഷ്ട്രീയമായ തൊട്ടുകൂടായ്മയും എതിര്‍ക്കപ്പെടേണ്ടതാണ്.എല്‍.കെ.അദ്വാനി ഉല്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. പട്ടേലിന്റെ 138-ാം ജന്മ വാര്‍ഷികമായിരുന്നു ഇന്നലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: