തിരുവനന്തപുരം: ഡാറ്റാസെന്റര്‍ കൈമാറ്റ കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. വിജ്ഞാപനം കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് കൈമാറും. കഴിഞ്ഞ മന്ത്രിസഭായോഗമാണ് വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള തീരുമാനം എടുത്തത്. കേസ് സി.ബി.ഐക്ക് വിടാന്‍ തീരുമാനിച്ചുവെങ്കിലും വിജ്ഞാപനം ഇറക്കാന്‍ വൈകിച്ചത് ഏറെ വിവാദമുണ്ടാക്കിയിരുന്നു.
നേരത്തെ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇത് യുഡിഎഫിലും കോണ്‍ഗ്രസിലും സൃഷ്ടിച്ച പൊട്ടിത്തെറികളെ തുടര്‍ന്ന് സര്‍ക്കാര്‍ നിലപാട് മാറ്റുകയായിരുന്നു. അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയച്ചത് നിയമോപദേശം മാത്രമാണെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതിനെ തുടര്‍ന്ന് പിന്നീട് ചേര്‍ന്ന മന്ത്രിസഭാ യോഗം നിയമോപദേശം തള്ളുകയും കേസ് സിബിഐക്ക് വിടാന്‍ തീരുമാനിക്കുകയും ചെയ്തു.
നേരത്തെ കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചെന്ന അഡ്വക്കറ്റ് ജനറലിന്റെ നിലപാടിനെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഡാറ്റാസെന്റര്‍ നടത്തിപ്പ് റിലയന്‍സിന് കൈമാറിയത്. കൈമാറ്റത്തില്‍ ക്രമക്കേടുണ്ടെന്നും ഇത് അന്വേഷിക്കണമെന്നു ആവശ്യപ്പെട്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജാണ് ഹൈക്കോടതിയെ സമീപിച്ചത്.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്, വിവാദ വ്യവസായി ടി.ജി. നന്ദകുമാര്‍ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പി.സി ജോര്‍ജ്ജ് ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: