പാര്‍ലമെന്റ് തെരഞ്ഞടുപ്പിന് കൗണ്ട് ഡൗണ്‍ തുടങ്ങിയിരിക്കുന്നു. ഇന്ത്യന്‍ ജനതയുടെ മനസ്സ് വ്യക്തമാക്കുന്നതായിരിക്കും അതിനു മുന്‍പ് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ എന്ന് ഈ പംക്തിയില്‍ നേരത്തെ എഴുതിയിരുന്നു. പല കാരണങ്ങളുണ്ട് ഇങ്ങനെ പറയുന്നതിന്.
അതിലൊന്ന് അഞ്ച് സംസ്ഥാന നിയമസഭകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്ന ഇലക്ടറേറ്റിന്റെ സവിശേഷതയാണ്. സബാള്‍ട്ടന്‍ ക്ലാസ്സസ്സ് എന്ന് പൊതുവെ രാഷ്ട്രതന്ത്രത്തില്‍ പരാമര്‍ശിക്കുന്ന പിന്നോക്ക ദരിദ്ര ജന വിഭാഗങ്ങള്‍ മുതല്‍ ഇന്ത്യന്‍ ഉപരിവര്‍ഗ്ഗ സമൂഹത്തിന്റെ വലിയൊരു വിഭാഗം വരെ ഈ തെരഞ്ഞടുപ്പുകളില്‍ വോട്ടവകാശം വിനിയോഗിക്കുന്നു. ഛത്തീസ്ഗഢില്‍ 70 ശതമാനത്തിലേറെ ഗിരിവര്‍ഗ്ഗ വോട്ടര്മാരാണുള്ളതെങ്കില് ദല്‍ഹിയില്‍ 80 ശതമാനത്തിലേറെ വോട്ടര്‍മാരും ഉപരി- മധ്യ വര്‍ഗ്ഗത്തില്‍ പെട്ടവരാണ്. വടക്കു കിഴക്കന്‍ മധ്യപ്രദേശിലെ മൂന്നു ജില്ലകള്‍ ഗിരിവര്‍ഗ്ഗ വോട്ടര്‍മാര്‍ക്ക് മേല്‍ക്കൈയുള്ളവയാണ്. അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ഒരു പരിഛേദമാണ് ഈ നിയമസഭതെരഞ്ഞടുപ്പുകളില് പോളിംഗ് ബൂത്തിലെത്തുന്നത്. അതുകൊണ്ടാണ് ഈ തെരഞ്ഞടുപ്പുകള്‍ ലോക്സഭതെരഞ്ഞടുപ്പിന്റെ ചൂണ്ടുപലകയാണെന്ന് കരുതുന്നത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതുകൊണ്ട് കൂടിയാകണം നിയമസഭ തെരഞ്ഞടുപ്പുകളില്‍ സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലുകള്‍ക്കു പുറമേ കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനവും ദേശീയ രാഷ്ട്രീയവും ചര്‍ച്ചയാവുന്നത്. കോണ്‍ഗ്രസിന്റെ വക്താവും കേന്ദ്ര മന്ത്രിയുമായ മനീഷ് തിവാരി കഴിഞ്ഞദിവസം ഒരു പത്രത്തിന് നല്കിയ അഭിമുഖത്തില്‍ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പറഞ്ഞത് തെരഞ്ഞടുപ്പ് ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ വഴി തെറ്റിക്കുന്നുവെന്നാണ്. ടാം റേറ്റിങ്ങിനു വേണ്ടി മാധ്യമങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിക്കുകയും യഥാര്‍ത്ഥ പ്രശ്നങ്ങള്‍ അവഗണിക്കുകയുമാണെന്നാണ് മനീഷ് തിവാരിയുടെ കുറ്റപ്പെടുത്തല്‍ .കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പിന്റെ ചുമതല നോക്കുന്ന മന്ത്രിയാണ് മനീഷ് തിവാരി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ മാധ്യമപ്രവര്‍ത്തകര്‍ ഗൗരവത്തോടെയാണ് കാണുന്നത്.
എന്താണ് തിവാരി സാറിനെ ചൊടിപ്പിച്ചത് എന്നു നോക്കുക. മാധ്യമങ്ങള്‍ നരേന്ദ്ര മോദിയെ അനര്‍ഹമായി പ്രോത്സാഹിപ്പിക്കുന്നു. ദല്‍ഹി, രാജസ്ഥാന് ,മധ്യപ്രദേശ് തെരഞ്ഞടുപ്പുകളില്‍ നരേന്ദ്ര മോദിക്ക് എന്താണ് കാര്യം. വ്യക്തികളെ ഉയര്‍ത്തിക്കാട്ടി പ്രചരണം നടത്താന്‍ ഇന്ത്യന്‍ ജനാധിപത്യം പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ളതല്ലെന്നും മനീഷ് തിവാരി ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞടുപ്പു നടക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ജനങ്ങളുടെ ജീവിത പ്രശ്നങ്ങള്‍ ഉദാഹരണത്തിന് ദാരിദ്ര്യം , പോഷകാഹാരക്കുറവ്, വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവ ചര്‍ച്ചയാകുന്നില്ല.
പ്രത്യക്ഷത്തില്‍ മനീഷ് തിവാരിയുടെ ആരോപണം ശരിയാണെന്ന് തോന്നാമെങ്കിലും അദ്ദേഹം സൗകര്യ പൂര്‍വ്വം മറക്കുന്ന ഒരു വസ്തുതയുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ദാരിദ്യവും ഒക്കെത്തന്നെയാണ് ജനങ്ങളുടെ പ്രശ്നങ്ങള്‍ . പക്ഷേ ഈ പ്രശ്നങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ പക്കല്‍ എന്തുണ്ട് സാര്‍ പരിഹാരം. കഴിഞ്ഞ പത്തു വര്‍ഷക്കാലം യുപിഎ സര്‍ക്കാര്‍ ഇന്ത്യയുടെ ഭരണം കയ്യാളിയതിനു ശേഷവും ഇത്തരം പ്രശ്നങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള തുറന്ന ചര്‍ച്ചക്കു പോലും കോണ്‍ഗ്രസ് തയ്യാറല്ല എന്നതാണ് സത്യം. മാധ്യമങ്ങളില്‍ നിന്നും ജനങ്ങളില്‍ നിന്നും ഒളിച്ചോടാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
വികസനത്തിന്റെ കാര്യത്തില്‍ ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നതരത്തില്‍ അര്‍ത്ഥപൂര്‍ണ്ണമായ ഒരു സംവാദത്തിന് ബിജെപിയും നരേന്ദ്ര മോദിയും കോണ്‍ഗ്രസിനെ സ്വാഗതം ചെയ്തതാണ്. എന്നാല്‍ അത്തരം വേദികളെ കോണ്‍ഗ്രസ് ഭയപ്പെടുന്നു. നരേന്ദ്ര മോദിയെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കില്‍ അത് കോണ്‍ഗ്രസിന്റെ ഭരണത്തില്‍ മനംമടുത്ത ജനങ്ങളുടെ പ്രതീക്ഷയുടെ ഭാഗമാണ് എന്നതല്ലേ സത്യം. യഥാര്‍ത്ഥത്തില്‍ മനീഷ് തിവാരി പറഞ്ഞ അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് നരേന്ദ്ര മോദിയും ബിജെപിയും ആണെന്നതാണ് വസ്തുത. ഇക്കഴിഞ്ഞ ദിവസം ഒരു പൊതുയോഗത്തില്‍ മോദി പറഞ്ഞത് ഞാന്‍ എന്റെ സങ്കടങ്ങള്‍ പറഞ്ഞ് കരയാനല്ല നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്. നിങ്ങളുടെ സങ്കടങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കാനാണ് എന്നാണ്. അദ്ദേഹം ജനങ്ങളുടെ ജീവിതപ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാന്ശ്രമിക്കുന്നു. ജനങ്ങളും മാധ്യമങ്ങളും ആ വാക്കുകള്‍ക്ക് ചെവി കൊടുക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ചെയ്യുന്നതെന്താണ്. തെരഞ്ഞടുപ്പിലെ പ്രധാന വിഷയം മതേതരത്വമാണെന്ന പഴയ പല്ലവി ആവര്‍ത്തിക്കുന്നു.
ബിജെപിക്കെതിരെ പ്രത്യേകിച്ച് മോദിക്കെതിരെ വ്യക്തിഹത്യയോളമെത്തുന്ന നുണ പ്രചരണങ്ങളും ആരോപണങ്ങളും അഴിച്ചു വിടുന്നു. നഗ്നമായ വര്‍ഗീയ പ്രചരണം നടത്തുന്നു. മോദിയും ബിജെപിയും മുസ്ലീങ്ങള്‍ക്കെതിരാണെന്ന് പറഞ്ഞ് സങ്കുചിത വര്‍ഗീയ മനോഭാവം സൃഷ്ടിക്കുന്നു. അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ ആറു വര്‍ഷത്തിലേറെ ബിജെപി ഇന്ത്യ ഭരിച്ചു. മുസ്ലീങ്ങള്‍ക്ക് ഒരു മതവിഭാഗമെന്ന നിലക്ക് എന്തു വിവേചനമാണ് നേരിടേണ്ടി വന്നതെന്ന് വ്യക്തമാക്കാന്‍ ഇത്തരം പ്രചരണം നടത്തുന്നവര്‍ക്ക് ബാധ്യതയുണ്ട്. അന്ന് എല്‍ കെ അദ്വാനിയായിരുന്നു ഇന്ന് നരേന്ദ്ര മോദി നേരിടുന്ന ആരോപണങ്ങള്‍ നേരിട്ടിരുന്നത്. ഇന്ത്യന്‍ ജനത അത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ തള്ളിക്കളയുകയും ചെയ്തു. ഇപ്പോള്‍ മോദിക്കെതിരെ കോണ്‍ഗ്രസും അവരുടെ ബി ടീമായ ഇടതുപക്ഷവും അതേ ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നു. ഇനിയെങ്കിലും തിവാരി സാര്‍ പറയണം ആരാണ് സര് തെരഞ്ഞടുപ്പിന്റെ അജണ്ട അട്ടിമറിക്കുന്നത്. ജനകീയ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നത്.
തെരഞ്ഞെടുപ്പ് വേദിയില്‍ മാത്രമല്ല പാര്‍ലമെന്റിലും കഴിഞ്ഞ പത്തു വര്‍ഷവും ഇതേ സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നത്. രാജ്യത്തെ ഞെട്ടിച്ച ഗുരുതരമായ അഴിമതി ആരോപണങ്ങള്‍, രാജ്യ സുരക്ഷ വെല്ലുവിളി നേരിട്ട ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍, വിലക്കയറ്റം പോലുള്ള, നാണ്യപ്പെരുപ്പം പോലുള്ള ഗുരുതരമായ ജനകീയ പ്രശ്നങ്ങള്‍ ഒന്നും വേണ്ടത്ര ഗൗരവത്തോടെ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാരിനായിട്ടില്ല. ഓരോ പ്രശ്നത്തിലും ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ ആവശ്യങ്ങളെ ജനാധിപത്യ വിരുദ്ധമായ രീതിയില്‍ അവഗണിക്കുകയായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാര്‍. തെരഞ്ഞടുപ്പ് വേദികളിലും ജനകീയ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടുകയും നുണ പ്രചരണങ്ങള്‍ നടത്തുകയുമാണ് ആ പാര്‍ട്ടിയുടെ നേതൃത്വം ചെയ്യുന്നത്.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: