മിറന്‍ഷാ (പാകിസ്ഥാന്): കൊല്ലപ്പെട്ട പാക് താലിബാന് മേധാവി ഹക്കീമുള്ള മസൂദ് കുടംബത്തിനൊപ്പം താമസിച്ചിരുന്നത് 73 ലക്ഷം രൂപയുടെ ഫാം ഹൗസില്‍. പാകിസ്ഥാനിലെ ഗോത്രവര്‍ഗ പ്രദേശമായ മിറന്ഷായില് നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ദണ്ടെ ദര്വാഖേല് ഗ്രാമത്തിലാണ് മസൂദിന്റെ ഒറ്റനില വീട് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു യോഗത്തില്‍ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു അമേരിക്ക പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് ബോംബാക്രമണം നടത്തി മസൂദിനെ വധിച്ചത്.
രണ്ടു ഭാര്യമാരടക്കമുള്ള കുടുംബം താമസിച്ചിരുന്ന ആ വീട്ടില്‍ എട്ടു മുറികളാണുണ്ടായിരുന്നത്. വീടിന് മുന്നില്‍ ആപ്പിള്‍, ഓറഞ്ച്, മുന്തിരി, മാതളം തുടങ്ങിയ കായ്കനികളടങ്ങിയ മനോഹരമായ ഫലവൃക്ഷത്തോട്ടം. ഫലവൃക്ഷത്തോട്ടം കടന്നുചെല്ലുമ്പോള്‍ വീടിനുള്ളിലേക്ക് പ്രവേശിക്കുന്നതിനായി വലിയൊരു മിനാരം കാണാം. അതാകട്ടെ മനോഹരമായി അലങ്കരിച്ചിരിക്കുന്നു.
വീടിനുള്‍വശവും മനോഹരമായാണ് സൂക്ഷിക്കുന്നത്. തറയില്‍ വിലകൂടിയ മാര്‍ബിളുകള്‍ പാകിയിരിക്കുന്നു. മുഖം പ്രതിഫലിക്കുന്ന തരത്തില്‍ അവ എപ്പോഴും തുടച്ച് വൃത്തിയാക്കിയിരിക്കും.
വടക്കന്‍ വസീറിസ്ഥാന് മേഖലയിലുള്ള ഈ വസ്തു 73 ലക്ഷം രൂപ കൊടുത്താണ് ഒരു വര്‍ഷം മുമ്പ്് ഹക്കീമുള്ള മെഹ്സൂദ് വാങ്ങിയതെന്ന് ഭീകര നേതാക്കളോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് എ.എഫ്.പി വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മുമ്പ് അതിസമ്പന്നനായ ഒരാളുടെ കൈവശത്തിലായിരുന്നു ആ വീടും സ്ഥലവും.
എന്നാല്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തെ ഭയന്ന മസൂദ് പലപ്പോഴും വീട്ടില്‍ താമസിക്കാറുണ്ടായിരുന്നില്ല. മിസൈലുകള്‍ പതിക്കാത്ത ഗുഹകളിലും മറ്റുമായായിരുന്നു മസൂദിന്റെ വാസം.
വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ മാത്രമാണ് പാകിസ്ഥാന്റെ സൈനിക ബേസ് സ്ഥിതി ചെയ്യുന്നത്.
അമേരിക്കയുടെ പൈലറ്റില്ലാ യുദ്ധവിമാനങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അല്‍ക്വഇദ ഭീകരന് ബിന്‍ ലാദനും താമസിച്ചിരുന്നത് അബോട്ടാബാദില്‍ പാക് സൈനിക അക്കാദമിക്ക് സമീപമുള്ള അതിവിശാലമായ വീട്ടിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: