തിരുവനന്തപുരം: സൗദിയില്‍ നിതാഖത്ത് കാലാവധിക്കിടെ തിരിച്ചെത്തിയത് 13500 ഓളം മലയാളികള്‍. തൊഴില്‍-താമസ നിയമലംഘകര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് അനുവദിച്ച ഇളവുകാലത്തിന്റെ രണ്ടാംഘട്ടം അവസാനിച്ചപ്പോള്‍ കേരളത്തില്‍ തിരിച്ചെത്തിയവരുടെ കണക്കാണിത്. ഏറ്റവും കൂടുതല്‍ പേര് രജിസ്റ്റര്‍ ചെയ്തത് കരിപ്പൂര്‍ വിമാനത്താവളത്തിലാണ്. 7975 പേര്. തിരുവനന്തപുരത്ത് 2826 പേരും നെടുമ്പാശേരിയില്‍ 1005 പേരും ഓണ്‍ലൈന്‍ ആയി 1622 പേരുമാണ് രജിസ്റ്റര്‍ ചെയ്തത്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലാണ് കൂടുതല്‍ പേര് തിരിച്ചെത്തിയതെന്നാണ് സര്‍ക്കാര്‍ കണക്ക്. മടങ്ങിയവരിലേറെയും മലപ്പുറം ജില്ലക്കാരാണ്. 5081 പേര്. എയര്‍പോര്‍ട്ടുകളില്‍ ഏര്‍പ്പെടുത്തിയ കൗണ്ടറുകള്‍ ഈ മാസം കൂടി പ്രവര്‍ത്തിക്കും.
അതേസമയം സ്വദേശിവത്ക്കരണത്തിന്റെ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം വിവിധ രാജ്യങ്ങളില്‍ നിന്നുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ സൗദിയില്‍ കര്‍ശന പരിശോധനകള്‍ ആരംഭിക്കും. നിതാഖത്ത് ഇളവ് കാലാവധി സൗദി ഭരണകൂടം ഇനി നീട്ടിനല്‍കില്ലെന്നാണ് സൂചന.
സൗദിയില്‍ സ്വന്തമായി സ്ഥാപനങ്ങള്‍ നടത്തുന്ന മലയാളികളടക്കമുള്ളവരെയാണ് തൊഴില്‍ വകുപ്പിന്റെ പരിശോധന പ്രതികൂലമായി ബാധിക്കുക. വര്‍ഷങ്ങളോളം ഫ്രീ വിസക്കാരെ ഉപയോഗിച്ചാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തവരെ നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
നിതാഖത്തിന്റെ കാലാവധി നീട്ടണമെന്ന് ഫിലിപ്പൈന്‍സും പാക്കിസ്താനും സൗദി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയും നിരവധി പൗരന്മാര് രേഖകള്‍ ശരിയാക്കാനുള്ളതിനാല്‍ 2014 ജനുവരി 31 വരെ ഇളവുകാലം നീട്ടാന്‍ ആവശ്യപ്പെട്ടതായി പാക്കിസ്താന് വിദേശകാര്യമന്ത്രാലയ വക്താവ് അഹ്മദ് ഷോദരി വ്യക്തമാക്കി. ശ്രീലങ്ക, ബംഗ്ലാദേശ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ഇളവുകാലം നീട്ടില്ലെന്നാണ് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പരിശോധനക്ക് പ്രത്യേക പരിശീലനം നല്കിയ 1200 ഉദ്യോഗസ്ഥരെ മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് പ്രത്യേക വാഹനങ്ങളും നല്കി. സ്വകാര്യ സ്ഥാപനങ്ങളില്‍ മാത്രമാണ് തൊഴില്‍വകുപ്പ് പരിശോധന നടത്തുക. റോഡുകളിലും പൊതു സ്ഥലങ്ങളിലും പരിശോധന നടത്തുന്നത് പോലീസായിരിക്കും. ഇതിനായി ജയില്‍ വകുപ്പിനെ സൗദി പാസ്പോര്‍ട്ട് വിഭാഗത്തില്‍ നിന്ന് പോലീസ് വകുപ്പിലേക്ക് മാറ്റി. നിയമലംഘകരെ പിടികൂടുന്നത് പോലീസും തൊഴില്‍ വകുപ്പുദ്യോഗസ്ഥരുമാണെങ്കിലും അറസ്റ്റ് നടപടികള്‍ ജയില്‍വകുപ്പും നിയമലംഘകരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാടുകടത്തല്‍ പാസ്പോര്‍ട്ട് വിഭാഗവുമാണ് നിര്‍വഹിക്കുക.
ഫ്രീ വിസ സമ്പ്രദായം ഇനി സൗദിയില്‍ ഉണ്ടാകില്ലെന്നും അത്തരം വിസയില്‍ വന്നാല്‍ എംബസിക്ക് നിയമ സഹായങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്നും എംബസി ഡി.സി.എം സിബി ജോര്‍ജ്അറിയിച്ചു.
സി.രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: