കൊല്ലം: ദര്‍ശനത്തിലോ സ്പര്‍ശനത്തിലോ അരോചകത്വം തോന്നിയെങ്കില്‍ നിര്‍വ്യാജം പൊറുക്കണമെന്ന് പീതാംബരക്കുറുപ്പ് എം.പി. ശ്വേതയ്ക്കുണ്ടായ ബുദ്ധിമുട്ടില്‍ അവരോടും ഭര്‍ത്താവ് ശ്രീവത്സ മേനോനോടും ഖേദം അറിയിച്ചിരുന്നുവെന്നും കുറുപ്പ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൊല്ലത്ത് നടന്ന പൊതുവേദിയില്‍ തന്നെ അപമാനിച്ചത് എം.പിയും കണ്ടാല്‍ തിരിച്ചറിയാവുന്ന ഒരാളുമാണെന്ന് ശ്വേത പോലീസിന് മൊഴി നല്‍കിയതിന് പിന്നാലെയാണ് പീതാംബരക്കുറുപ്പിന്റെ പ്രതികരണം. സ്വന്തം നാട്ടില്‍ നടക്കുന്ന പരിപാടിയായതിനാലാണ് പ്രോട്ടോകോള്‍ അവഗണിച്ച് ശ്വേതയെ സ്വീകരിക്കാനെത്തിയത്. ചടങ്ങിനിടെ ആള്‍ക്കൂട്ടത്തില്‍ ഉണ്ടായിരുന്ന ചിലര്‍ ശല്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ശ്വേതയെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിലെ ഫോട്ടോകളുമായി മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയാണ് കുറുപ്പിന്റെ വിശദീകരണം.
ആ ചിത്രങ്ങളിലൊന്നും താന്‍ ഇല്ല. ശല്യപ്പെടുത്തിയവരില് ചിലരെ ശ്വേത അടിക്കാനായി കൈ ഓങ്ങുന്നതും ഫോട്ടോകളിലുണ്ടെന്നും കുറുപ്പ് പറഞ്ഞു. അതേസമയം പീതാംബരക്കുറുപ്പിന് പിന്തുണയുമായി കൊല്ലം ഡിസിസി രംഗത്തെത്തി. കുറുപ്പ് മാന്യനായ നേതാവാണെന്നും അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടന്നുവെന്നും ഡി.സി.സി പ്രസിഡന്റ് പ്രതാപവര്‍മ്മ തമ്പാന് പറഞ്ഞു.
പീതാംബരക്കുറുപ്പിനെതിരെ ഗൂഢാലോചന നടന്നു. വിവാദങ്ങളുണ്ടാക്കാനാണ് ശ്വേതയുടെ ശ്രമം. കോടികള്‍ വാങ്ങി പ്രസവം ചിത്രീകരിക്കാന്‍ അനുവദിച്ച സ്ത്രീയാണ് ശ്വേതയെന്നും തമ്പാന് പറഞ്ഞു. ശ്വേതയുടെ നീക്കങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: