തിരുവനന്തപുരം: തിരുവനന്തപുരത്ത് പലിശയ്ക്ക് പണം നല്‍കുന്നവരുടെ വീടുകളില്‍ പോലീസ് റെയ്ഡ്. തിരുവനന്തപുരം റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ഒമ്പതു പേരെ അറസ്റ്റ് ചെയ്തു. ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.
80 വീടുകളില്‍ പോലീസ് പരിശോധന നടത്തി. ഓപ്പറേഷന് കുബേര സെക്കന്റ് എന്ന് പേരിട്ട റെയ്ഡ് ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെ ആറ് മണിവരെ നീണ്ടു. പരിശോധനയില്‍ 1,46,000 രൂപ പിടിച്ചെടുത്തു. കൂടാതെ 40 ആധാരങ്ങളും 17 ബ്ലാങ്ക് പേപ്പറുകളും 27 മുദ്രപത്രങ്ങളും, നിരവധി ആര്‍സി ബുക്കുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികളെ പോലീസ് സഹായിക്കുന്നുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് റൂറല്‍ എസ്.പി അറിയിച്ചു. ദമ്പതികളെ ഭീഷണിപ്പെടുത്തിയയാളെ അറസ്റ്റ് ചെയ്യുന്നതിന് പകരം മറ്റ് രണ്ടു പേരെയാണ് നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി അറസ്റ്റ് ചെയ്തത് എന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ദമ്പതികളെ ഭീഷണിപ്പെടുത്തിയ സന്തോഷ് എന്നയാളെ തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാന്‍ പോലീസ് സഹായിച്ചുവെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: