തിരുവനന്തപുരം: പ്രതിഷേധമുണ്ടാവുമെന്നും സംഘര്ഷസാധ്യതയുണ്ടെന്നുമുള്ള ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇടുക്കി യാത്ര റദ്ദാക്കി. എന്നാല്‍, ആരോഗ്യകാരണങ്ങളാലാണ് യാത്ര റദ്ദാക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വിശദീകരണം.
മുഖ്യമന്ത്രിയെ തടയാന്‍ 2,000 സിപിഎം പ്രവര്‍ത്തകരും ഇവരെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തുമെന്ന് ഇന്റലിജന്‍സിനു വിവരം ലഭിച്ചിരുന്നു. മൂലമറ്റം അറക്കുളത്ത് എഫ്സിഐ ഗോഡൗണ്‍ ഉദ്ഘാടനത്തിന് വേണ്ടിയാണ് മുഖ്യമന്ത്രി ഇടുക്കിയിലേക്ക് പോകാന്‍ നിശ്ചയിച്ചിരുന്നത്. ഇതിനായി സുരക്ഷാസജ്ജീകരണമടക്കം എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി എത്തില്ലെന്ന് അറിയിച്ചത്.
മൂലമറ്റത്ത് മുഖ്യമന്ത്രിയെ തടയാന്‍ സിപിഎമ്മും തയാറെടുത്തിരുന്നു. ഇടുക്കി ജില്ലാ കമ്മിറ്റി സെക്രട്ടറി എം.എം. മണിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടി ആസൂത്രണം ചെയ്തിരുന്നത്. അണികളെ ഒഴിവാക്കി നേതാക്കന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമരരീതിയായിരുന്നു മൂലമറ്റത്ത് സിപിഎം നിശ്ചയിച്ചിരുന്നത്.
മുഖ്യമന്ത്രിയുടെ കണ്ണൂരിലെ ജനസമ്പര്‍ക്ക പരിപാടി ഡിസംബര്‍ 17ലേക്ക് മാറ്റിവച്ചു. നവംബര്‍ 18നായിരുന്നു പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. സോഷ്യലിസ്റ്റ് ജനതയുടെ സംസ്ഥാന സമ്മേളനം നടക്കുന്നതിനാലാണ് പരിപാടി മാറ്റിയതെന്നാണ് വിശദീകരണം. കഴിഞ്ഞയാഴ്ച പൊലിസ് കായികമേള സമാപനസമ്മേളനത്തിനെത്തിയ മുഖ്യമന്ത്രിക്കു കണ്ണൂരില്‍ കല്ലേറില്‍ പരിക്കേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് പരിപാടി മാറ്റിവച്ചത്. കണ്ണൂരില്‍ കല്ലേറുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ ഇനിയും പരിഹരിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ കൂടിയാണ് ജനസമ്പര്‍ക്ക പരിപാടി മാറ്റിയത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: