നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്താവളത്തില്‍ വന്‍ രക്ത ചന്ദന വേട്ട. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും മലേഷ്യ വഴി 110 കിലോ രക്തചന്ദനം ചൈനയിലേക്ക് കടത്താന്‍ ശ്രമിച്ച ഒരു സ്ത്രീ അടക്കമുള്ള മൂന്ന് ചൈനീസ് യാത്രക്കാരെ വിമാനത്താവള കസ്റ്റംസ് ഇന്റലിജെന്റ്സ് വിഭാഗം പിടികൂടി.
ഇന്നലെ പുലര്‍ച്ചെ 12.50 ന് മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തില്‍ മലേഷ്യയിലേക്ക് പോകാന്‍ എത്തിയ ചൈനീസ് യാത്രക്കാരായ ഡെങ്ങ്യിബി (43) ലിങ്ങിയാന്സോ (31), സാങ്ങ് യുവാന്‍ യാങ്ങ് (43) എന്നിവരുടെ ബാഗേജുകള്‍ സിഐഎസ്എഫ് പരിശോധിക്കുന്നതിനിടെ സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് രക്തചന്ദനവും കറന്‍സികളും കണ്ടെത്തിയത്.
ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇരുപത്തിയഞ്ചു ലക്ഷത്തോളം വിലവരുന്ന 110 കിലോ രക്ത ചന്ദനവും 6,63,500 രൂപയുടെ ഇന്ത്യന്‍ കറന്‍സിയും 17,000 അമേരിക്കന്‍ ഡോളറും 26,000 ചൈനീസ് കറന്‍സിയും ഇവരുടെ കൈയില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഹാന്‍ഡ് ബാഗുകളില്‍ നിന്നാണ് കറന്‍സികള്‍ പിടിച്ചെടുത്തത്. ചെറിയ കഷണങ്ങളാക്കി പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞതിനുശേഷം ബാഗേജില്‍ ഒളിപ്പിച്ച നിലയിലാണ് രക്ത ചന്ദനം കണ്ടെത്തിയത്. ഇവര്‍ കര്‍ണ്ണാടകയില്‍ നിന്നാണ് രക്തചന്ദനം കൊണ്ടുവന്നതെന്ന് കസ്റ്റംസിന് സൂചന ലഭിച്ചിട്ടുണ്ട്.
ഇന്ത്യക്കാരനാണ് രക്തചന്ദന കള്ളക്കടത്തിന് നേതൃത്വം നല്‍കുന്നതെന്ന് ഇവരെ ചോദ്യചെയ്തതില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. ചൈനയില്‍ രക്തചന്ദനംകൊണ്ട് നിര്‍മ്മിച്ച ഫര്‍ണിച്ചറുകള്‍ക്ക് വന്‍ ഡിമാന്റായതുമൂലമാണ് മലേഷ്യ വഴി ഇവ കടത്താന്‍ ശ്രമിച്ചത്. ആദ്യമായിട്ടാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രക്തചന്ദന കള്ളക്കടത്ത് പിടികൂടുന്നത്. 10 ദിവസം മുമ്പ് തിരുവനന്തപുരം വിമാനത്താവളം വഴി രക്തചന്ദനം കടത്താന്‍ ശ്രമിച്ചവരെ പിടികൂടിയിരുന്നു.
സാധാരണ കപ്പലുവഴി കടത്തികൊണ്ടിരുന്ന രക്തചന്ദനം ഈ അടുത്തകാലത്താണ് വിമാനയാത്രക്കാരെ ഉപയോഗിച്ച് ചെറിയ തോതില്‍ കള്ളക്കടത്തു തുടങ്ങിയിട്ടുള്ളത്. 25ലക്ഷത്തില്‍ താഴെയുള്ള രക്തചന്ദനം കടത്തിയാല്‍ കേസെടുക്കാന്‍ മാത്രമെ കഴിയുകയുള്ളു. അറസ്റ്റു രേഖപ്പെടുത്താന്‍ കഴിയില്ല എന്ന തിരിച്ചറിവാണ് വിമാനയാത്രക്കാരെ ഉപയോഗിച്ച് രക്തചന്ദന കടത്ത് സജീവമാക്കുവാന്‍ കാരണം.
ഇന്നലെ പിടികൂടിയ വാഹകര്‍ക്ക് ഓരോരുത്തര്‍ക്കും 25,000 രൂപയും ടിക്കറ്റുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇവര്‍ കഴിഞ്ഞ ഒക്ടോബറില്‍ ദല്ഹിയിലെത്തിയതിനുശേഷം വിമാനമാര്‍ഗ്ഗം ബാംഗ്ലൂരിലെത്തി തുടര്‍ന്ന് റോഡുമാര്‍ഗ്ഗം കൊച്ചിയിലെത്തുകയായിരുന്നു.
രക്തചന്ദനം വിദേശത്തേക്ക് കടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിച്ച് കടത്താന്‍ ശ്രമിച്ചതിനാണ് കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ മാസം വ്യത്യസ്ത ദിവസങ്ങളിലായിട്ടാണ് ഇവര്‍ ഇന്ത്യയിലെത്തിയിട്ടുള്ളത്.
ദല്‍ഹി കേന്ദ്രീകരിച്ചുള്ള സംഘമാണ് രക്തചന്ദന കടത്തിന് പിന്നിലെന്നാണ് കസ്റ്റംസ് നിഗമനം. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തു വരുന്നതായും അന്വേഷണം ഊര്‍ജിതമാക്കിയതായും കസ്റ്റംസ് കമ്മീഷണര്‍ രാഘവന് പറഞ്ഞു. പിടിയിലായ സ്ത്രീയുടെയും പുരുഷന്മാരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. 25 ലക്ഷം രൂപയുടെ കള്ളക്കടത്ത് നടത്തിയാല്‍ മാത്രമെ ഇവരെ കസ്റ്റംസിന് അറസ്റ്റ് ചെയ്യുവാന്‍ കഴിയുകയുള്ളു. 3 പേരില്‍ നിന്നായിട്ടാണ് 25 ലക്ഷം വില വരുന്ന 110 കിലോ രക്തചന്ദനം പിടികൂടിയിത്. ഇതിനാലാണ് അറസ്റ്റ് രേഖപ്പെടുത്താന്‍ കഴിയാത്തത്.
പിടിച്ചെടുത്ത രക്തചന്ദനവും കറന്‍സികളും സര്‍ക്കാരിലേക്ക് കണ്ടുകെട്ടും. പിഴയടച്ചാല്‍ ഇവരെ വിട്ടയക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. കമ്മീഷണര്‍ രാഘവന്, ഡെപ്യൂട്ടി കമ്മീഷ്ണര്‍ എസ്.എസ്. നവാസ്, അസി. കമ്മീഷണര്‍ അമിത് ശര്‍മ്മ, സൂപ്രണ്ടുമാരായ വി.എ. മൊയ്തീന് നൈന, വൈ. ഷാജഹാന്, എസ്. അനില്‍ ബാബു, എ.എക്സ്. വിന്‍സെന്റ്, ഇന്‍സ്പെക്ടര്‍മാരായ ജ്യോതി മോഹന്‍, കെ.ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് രക്തചന്ദന കള്ളക്കടത്ത് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: