നിയമസഭ തെരഞ്ഞടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപി വന്‍ മുന്നേറ്റം സൃഷ്ടിക്കുമന്ന സര്‍വ്വേഫലങ്ങള്‍ പുറത്തുവന്നതിനടുത്ത ദിവസമാണ് ദല്‍ഹിയില്‍ ഇടതു പാര്‍ട്ടികളുടെ നേതൃത്വത്തില്‍ മൂന്നാം മുന്നണിക്കായുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. വര്‍ഗ്ഗീയതക്കെതിരെയുള്ള കൂട്ടായ്മ എന്ന പേരില്‍ പതിനാല് പാര്‍ട്ടികളുടെ സംഗമമാണ് സിപിഎം കാര്‍മ്മികത്വത്തില്‍ ദല്‍ഹിയില്‍ നടന്നത്.
നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ അഞ്ച് സംസ്ഥാന നിയമസഭകളിലേക്കു നടക്കുന്ന തെരഞ്ഞടുപ്പുകളുടെ ഫലം എന്തായിരിക്കുമെന്ന് ഇപ്പോള്‍ത്തന്നെ ഏറെക്കുറെ വ്യക്തമായതാണ് തിരക്കിട്ട് ഇത്തരമൊരു നീക്കം നടത്താന്‍ അവരെ പ്രേരിപ്പിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയം എങ്ങോട്ട് നീങ്ങുന്നുവെന്നതിന്റെ ചുവരെഴുത്തുകള്‍ പതിവുപോലെ ഏറ്റവും അവസാനം വായിച്ചത് ഇടതുപക്ഷ നേതാക്കളായിരുന്നു. അതുകൊണ്ടാണ് ഇത്തരമൊരു കണ്വെന്ഷന് വിളിച്ചു ചേര്‍ക്കാന്‍ അവര്‍ ഏറെ വൈകിയതും. യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ മൂന്നാം മുന്നണി തീര്‍ത്തും അപ്രസക്തമായിക്കഴിഞ്ഞുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുമ്പോഴാണ് സിപിഎം വീണ്ടും ഈ പരീക്ഷണവുമായി വരുന്നതെന്നതും കൗതുകകരമാണ്.
ഭരണഘടനയനുസരിച്ച് ബഹുകക്ഷി ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യത്തെ മൂന്നു പതിറ്റാണ്ടുകാലവും ജനാധിപത്യം ഏകകക്ഷി മേധാവിത്വമെന്ന അപൂര്ണ്ണതയിലായിരുന്നു. കോണ്‍ഗ്രസിനെ ഇന്ത്യന്‍ ജനത പൂര്‍ണ്ണമായും അവിശ്വസിക്കാന്‍ തുടങ്ങിയ ആദ്യ സന്ദര്‍ഭം ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥക്കാലമായിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ മുന്നണി രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ ആദ്യമായി ഉപയോഗിക്കപ്പെടുന്നതും ഇന്ദിരാ ഭരണത്തിനെതിരെയാണ്.1977 ലെ ജനത സര്‍ക്കാര്‍ ഈ നിലക്ക് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വളര്‍ച്ചയില്‍ ഒരു നാഴികക്കല്ലായിരുന്നു. ആ പരീക്ഷണം അല്പായുസ്സായിരുന്നുവെങ്കിലും.
പിന്നീട് ഇത്തരമൊരു പരീക്ഷണം നടക്കുന്നത് 1989ലാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച രാജീവ് സര്ക്കരിനെതിരെ വി പിസിംഗിന്റെ ജനമോര്‍ച്ചയും ബിജെപിയും ഇടതുപാര്‍ട്ടികളും ചേര്‍ന്നൊരു പരീക്ഷണം. ഇക്കുറിയും കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്തുപോയി. ഇന്ത്യന്‍ ജനാധിപത്യത്തിലെ ഏകകക്ഷി മേധാവിത്വത്തിന് പൂര്‍ണ്ണമായും അന്ത്യമായത് ആ തെരഞ്ഞടുപ്പോടെയാണ്. നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ മുന്‍ തെരഞ്ഞടുപ്പില്‍ അധികാരത്തില്‍ വന്ന രാജീവ്ഗാന്ധി കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പതനത്തിനും സാക്ഷിയായി. ആ വീഴ്ചയില്‍ നിന്ന് പിന്നീടൊരിക്കലും കോണ്‍ഗ്രസിന് രക്ഷപ്പെടാനായിട്ടില്ല.
എന്നാല്‍ വി പി സിംഗ് സര്‍ക്കാരും അല്പായുസ്സായതോടെ മുന്നണി രാഷ്ട്രീയത്തിന്റെ ദൗര്‍ബല്യങ്ങള്‍ ഇന്ത്യ തിരിച്ചറിഞ്ഞു. കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്നദൗത്യത്തില്‍ വിജയിച്ചുവെങ്കിലും നയപരവും ആശയപരവുമായ ഭിന്നതകള്‍ രണ്ടു സന്ദര്‍ഭങ്ങളിലും മുന്നണിയുടെ കെട്ടുറപ്പിനെ തകര്‍ത്തു. എന്നാല്‍ ഇതുകൊണ്ട് കോണ്‍ഗ്രസിന് ബദല്‍ എന്ന അന്വേഷണം ഇന്ത്യയുടെ ജനാധിപത്യ മനസ്സ് അവസാനിപ്പിച്ചിരുന്നില്ല. ആ അന്വേഷണമാണ് ഇന്ത്യയിലെ ശക്തമായ പ്രതിപക്ഷ കക്ഷി എന്ന നിലയില്‍ ബിജെപിയെ വളര്‍ത്തിയത്. ഒര്മ്മയുണ്ടാകണം 1990കളുടെ ആദ്യ പകുതിയില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറിയ പങ്കും കോണ്‍ഗ്രസ് ഭരണത്തില്‍ നിന്ന് വിമുക്തമാവുകയും ബി ജെപി അവിടങ്ങളിലൊക്കെ അധികാരത്തിലെത്തുകയും ചെയ്തത്. ഈ ജനാധിപത്യ മുന്നേറ്റത്തിന്റെ തുടര്‍ച്ചയായിരുന്നു വാജ്പേയിയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ എന്‍ഡിഎ. മുന്‍ ചരിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആദ്യമായി ഒരു കോണ്‍ഗ്രസ് വിരുദ്ധമുന്നണി അധികാരത്തില്‍ കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്തു. ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിലും മുന്നോട്ട് നയിക്കുന്നതിലും കോണ്‍ഗ്രസിന്റെ ഏകകക്ഷി മേധാവിത്വം അവസാനിപ്പിക്കുന്നതിലും എന്‍ ഡി എ വഹിച്ച പങ്ക് പഠനാര്‍ഹമാണ്. എന്നാല്‍ 2004 ലെ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന്റെ ചിരകാല വൈരികളാണെന്ന് നടിക്കുന്ന ഇടതുപക്ഷം ഈ മുന്നേറ്റത്തെ തകര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് – ബിജെപി വിരുദ്ധ മൂന്നാംമുന്നണിയെന്ന് അവകാശപ്പെട്ടിരുന്നവര്‍ തെരഞ്ഞടുപ്പിന് ശേഷം കോണ്‍ഗ്രസിനെ പിന്തുണക്കുന്ന വിചിത്രമായ കാഴ്ചയാണ് രാജ്യം കണ്ടത്.ഏകകക്ഷി മേധാവിത്വത്തില്‍ നിന്ന് ബഹുകക്ഷി ജനാധിപത്യത്തിലേക്ക് മുന്നേറിക്കൊണ്ടിരുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തെ വീണ്ടും കോണ്‍ഗ്രസിന്റെ കാല്ക്കീഴില് എത്തിക്കുന്നതില്‍ ഇടതുപക്ഷം വലിയ പങ്ക് വഹിച്ചു.കഴിഞ്ഞ പത്തു വര്‍ഷവും കോണ്‍ഗ്രസിനെ അധികാരത്തില്‍ നിലനിര്‍ത്തിയത് ഇടതുപക്ഷത്തിന്റെയും ഇന്ന് മൂന്നാം മുന്നണിയെന്ന പേരില്‍ രംഗത്തു വരുന്ന പലരുടെയും സഹായങ്ങളാണ്. ഇടതു പാര്‍ട്ടികള്‍ക്കു പുറമെ മുലായം സിംഗ് യാദവിന്റെ എസ്പി, മായാവതിയുടെ ബിഎസ്പി, ശരദ് പവാറിന്റെ എന്‍സിപി, കരുണാനിധിയുടെ ഡി എംകെ, ജയലളിതയുടെ എഐഎഡിഎംകെ, മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ലാലു പ്രസാദിന്റെ ആര്‍ജെഡി എന്നീ പാര്‍ട്ടികളെല്ലാം കോണ്‍ഗ്രസിനെ കഴിഞ്ഞ പത്തു വര്‍ഷക്കാലത്തിനിടയില്‍ പലപ്പോഴും സഹായിച്ചിട്ടുണ്ട്.
ഇപ്പോള്‍ മൂന്നാം മുന്നണി എന്ന പേരില്‍ രംഗത്തു വരുന്ന ഇവരില്‍ പലരുടെയും ഉദ്ദേശശുദ്ധിയില്‍ സംശയം ജനിക്കുന്നതും ഇക്കാരണങ്ങള്‍ കൊണ്ടാണ്. കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുക എന്ന ഹിഡന്‍ അജണ്ടയാണ് ഇവരില്‍ പലരുടെയും ഉള്ളിലുള്ളത്. യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷ പാര്‍ട്ടികളെ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റു പാര്‍ട്ടികളെല്ലാം വ്യക്തി വിലാസം പാര്‍ട്ടികളാണ്. വ്യക്തിപരമായ മഹത്വാകാംക്ഷയല്ലാതെ ഇവര്‍ക്ക് മറ്റൊരു ലക്ഷ്യവുമില്ല. ഇനി ഇപ്പറയുന്ന മൂന്നാം മുന്നണിക്ക് മന്ത്രിസഭയുണ്ടാക്കാനുള്ള ഭൂരിപക്ഷം ലഭിച്ചെന്നു കരുതുക. ആരായിരിക്കും പ്രധാനമന്ത്രി. മുലായം സിംഗിനെ പ്രധാനമന്ത്രിയാക്കാന്‍ മയാവതി തയ്യാറാകുമോ.
മായാവതിയെ പിന്തുണക്കാന്‍ എസ് പി തയ്യാറാകുമോ. നിതീഷ്കുമാറിനെ ലാലുപ്രസാദ് പിന്തുണക്കുമോ. ജയലളിതയെ പിന്തുണക്കാനും ഇവരാരും തയ്യാറാകുകയില്ല. ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള മുന്നണിയായതുകൊണ്ട് മമതാ ബാനര്‍ജി ഇവരുമായി സഹകരിക്കുമോ. ഒരക്കം മുതല്‍ ഇരുപത് -ഇരുപത്തഞ്ച് സീറ്റുകള്‍ വരെ ലഭിക്കാനിടയുള്ള കക്ഷികള്‍ ചേര്‍ന്ന് വിലപേശാനുള്ള ശ്രമമാണ് മൂന്നാം മുന്നണി എന്ന പേരില്‍ നടക്കുന്നത്. ഇപ്പറഞ്ഞ നേതാക്കള്‍ക്കെല്ലാം അധികാരമെന്നത് പണമുണ്ടാക്കാനുള്ളവഴി മാത്രമാണെന്ന് എത്രയോവട്ടം തെളിഞ്ഞിട്ടുള്ളതാണ്. ലാലു പ്രസാദ് മാത്രമാണ് ജയിലില്‍ പോയിട്ടുളളതെങ്കിലും ഇപ്പറഞ്ഞ നേതാക്കളെല്ലാവരും അഴിമതിക്കേസിലും അധികാരത്തിലിരുന്ന കാലത്ത് വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിലും അന്വേഷണം നേരിടുന്നവരാണ്. പണമുണ്ടാക്കുക എന്ന തങ്ങളുടെ ലക്ഷ്യം നിറവേറണമെങ്കില്‍ , നിലവിലുള്ള അഴിമതിക്കേസുകളില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തണെമന്ന് ഇവരെ ആരും പഠിപ്പിക്കേണ്ട. വര്‍ഗീയതയുടെ കാര്യത്തില്‍ ഇവരുടെ ആവര്ത്തിച്ചുള്ളചാരിത്ര്യ പ്രസംഗങ്ങള്‍ പരിഹാസ്യമാണ്. അതതു സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്താന്‍ വേണ്ടി ജാതി മതശക്തികളെ എല്ലാക്കാലവും പ്രീണിപ്പിച്ചിട്ടുള്ളവരാണ് ഇവരെല്ലാം തന്നെ. ഇന്ത്യയുടെ എക്കാലത്തെയും ശാപമായ ജാതിവ്യവസ്ഥയെയും ജാതിയുടെ പേരിലുള്ള വേര്‍തിരിവുകളെയും ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയവരും ഇവര്‍തന്നെ. ആധുനിക ഇന്ത്യയിലെ മുസ്ലീം വര്‍ഗീയതയുടെ ലാഭക്കച്ചവടത്തില് കോണ്‍ഗ്രസിനൊപ്പം പങ്കുപറ്റിയവരും ഇവര്‍ തന്നെ. അത്തരം രാഷ്ട്രീയ കച്ചവടങ്ങളുടെ തുടര്‍ സാധ്യതയാണ് ഇപ്പോഴും മൂന്നാം മുന്നണിയെന്ന പേരില്‍ ഇവര്‍ തേടിക്കൊണ്ടിരിക്കുന്നത്.
ഇക്കാര്യത്തില്‍ ഇടതുപക്ഷവും മോശമല്ല. പുറമേക്ക് മൂന്നാം മുന്നണിക്ക് പ്രത്യയശാസ്ത്ര വിശകലനം ചമക്കുമ്പോഴും ഇടതുപക്ഷം കോണ്‍ഗ്രസിനു വേണ്ടിയുള്ള കരുനീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശാക്തീകരണത്തെയും മുന്നേറ്റത്തെയും തടസ്സപ്പെടുത്തുന്ന ദൗത്യമാണ് വാസ്തവത്തില്‍ സ്വാര്‍ത്ഥമോഹികളായ ഒരു സംഘം മൂന്നാം മുന്നണിയെന്ന പേരില്‍ നിറവേറ്റുന്നത്.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: