ഇസ്ലാമാബാദ്: പ്രശസ്ത പാക്കിസ്ഥാനി നാടന്‍പാട്ടുകാരി രേഷ്മ (66) അന്തരിച്ചു. തൊണ്ടയെ ബാധിച്ച അര്‍ബുദ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു അവര്‍. കഴിഞ്ഞ ഒരുമാസത്തോളം ഇവര്‍ അബോധാവസ്ഥയിലായിരുന്നു.
രാജ്യത്തെ നിരവധി വേദികളില്‍ പാടിയ അവര്‍ പാക് നാടന്‍ ഗാനങ്ങളുടെ ശബ്ദമായി മാറുകയായിരുന്നു. അവരുടേതായി നിരവധി ഹിറ്റ് നാടന്‍ ഗാനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ധമാ ധം മസ്ത് കലന്തര്‍, ലംബി ജുദായ് തുടങ്ങിയ ഗാനങ്ങളിലൂടെ ഇന്ത്യയിലും അവര്‍ പ്രശസ്തയായിരുന്നു. രാജസ്ഥാനിലെ ബികാനിറില്‍ ഒരു ബഞ്ജാര നാടോടി കുടുംബത്തിലായിരുന്നു രേഷ്മയുടെ ജനനം. ഇന്ത്യാ വിഭജന കാലത്ത് പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് കുടിയേറുകയായിരുന്നു.
പന്ത്രണ്ടു വയസുള്ളപ്പോള്‍ കറാച്ചിയിലെ ഷാബാബാസ് കലന്തര്‍ എന്ന ദര്‍ഗയില്‍ പാടുകയായിരുന്ന രേഷ്മയിലെ പ്രതിഭയെ ഒരു ടെലിവിഷന്‍ പ്രോഗ്രാം നിര്‍മ്മാതാവാണ് തിരിച്ചറിഞ്ഞത്. റേഡിയോയില്‍ പാടാന്‍ അയാള്‍ രേഷ്മയ്ക്ക് അവസരം ഉണ്ടാക്കി. ലാല്‍ മേരി എന്നു തുടങ്ങുന്ന ഗാനം രേഷ്മയുടെ ശബ്ദത്തിലൂടെ കറാച്ചി റേഡിയോ സംപ്രേഷണം ചെയ്യുകയും അത് സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തു. ഹേയ് ഹോ റബ്ബാ, അന്കിയാന് നോ റെഹാന്, ലബി ജുഡായ് തുടങ്ങിയവയാണ് രേഷ്മ പാടിയ ഹിറ്റ് ഗാനങ്ങള്‍.
പാക്കിസ്ഥാനില്‍ ഗായകര്‍ക്ക് നല്കുന്ന സിതാരാ ഇംതിയാസ്, ലെജന്‍ഡ് ഓഫ് പാക്കിസ്ഥന് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. 1980ല്‍ തൊണ്ടയിലെ അര്‍ബുദം സ്ഥിരീകരിച്ചതോടെ സംഗീതലോകത്തുനിന്നും മാറി നില്‍ക്കുകയായിരുന്നു രേഷ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: