മിറന്‍ഷാ: പാക് താലിബാന് മേധാവി ഹക്കിമുള്ള മസൂദിനെ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതായി റിപ്പോര്‍ട്ട്. പാക് താലിബാന്റെ (തെഹ്രിക് ഇ താലിബാന് പാക്കിസ്ഥാന്) ശക്തികേന്ദ്രം മിറന്ഷായ്ക്കു സമീപം ദണ്ഡൈ ദാര ഖേലില്‍ ഹക്കിമുള്ള ഉപയോഗിക്കുന്ന കാറിനു നേരെ ഡ്രോണ്‍ ആക്രമണമുണ്ടായെന്നും രണ്ടു താലിബാന് കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ ആറു പേര് കൊല്ലപ്പെട്ടുവെന്നുമാണു വിദേശ വാര്‍ത്താ മാധ്യമങ്ങള്‍ വെളിപ്പെടുത്തിയത്. പാക് താലിബാന് മസൂദിന്റെ മരണം സ്ഥീരികരിച്ചെങ്കിലും അമേരിക്ക ഔദ്യോഗികമായി ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മൃതദേഹങ്ങള്‍ വാഹനാവശിഷ്ടങ്ങളില് നിന്നു പുറത്തെടുക്കാന്‍ ശ്രമം തുടരുകയാണ്. താലിബാനുമായി ചര്‍ച്ചയ്ക്കുള്ള പാക് ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്കു തിരിച്ചടിയാണ് ആക്രമണമെന്നു പാക് ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലിഖാന് പറഞ്ഞു. ചര്‍ച്ചയ്ക്കു മുന്‍പ് ആക്രമണം നിര്‍ത്തിവയ്ക്കണമെന്നു താലിബാന് ഉപാധിവച്ചിരുന്നു.
പാക്കിസ്ഥാനി ഭീകരരില്‍ യുഎസ് ലക്ഷ്യമിടുന്ന പ്രധാനിയാണ് ഹക്കിമുളള. 50 ലക്ഷം ഡോളര്‍ ഇയാളുടെ തലയ്ക്കു വിലയിട്ടിരുന്നു യുഎസ്. മുപ്പതിനും നാല്‍പ്പതിനും മധ്യേ പ്രായമുള്ള ഇയാള്‍ കൊല്ലപ്പെട്ടതായി മുന്‍പ് പലതവണ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ ഹക്കിമുള്ള വധിക്കപ്പെട്ടുവെന്നുതന്നെയാണ് പ്രധാനപ്പെട്ട സുരക്ഷാ ഏജന്‍സികളുടെയും വെളിപ്പെടുത്തല്‍.
അഫ്ഗാന് താലിബാനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പാക് താലിബാന്റെ മേധാവായിയായി 2009ലാണ് ഹക്കിമുള്ള ചുമതലയേറ്റത്. അന്നത്തെ പാക് താലിബാന് മേധാവി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ഇത്. അതേസമയം കൊലപാതകത്തിനു പകരം ചോദിക്കുമെന്ന് മരണം സ്ഥിരീകരിച്ച പാക് താലിബാന് മുന്നറിയിപ്പു നല്കി.
കഴിഞ്ഞ മേയില്‍ ഹക്കിമുള്ളയുടെ ഡെപ്യൂട്ടിയെ യുഎസ് വധിച്ചിരുന്നു. കഴിഞ്ഞമാസം ഇയാളുടെ അടുത്ത സഹായിയെ അഫ്ഗാനിസ്ഥാനില്‍ പിടികൂടുകയുമുണ്ടായി. നേരത്തെ മസൂദ് ഇന്ത്യയെ ആക്രമിക്കുമെന്ന് മുന്നറയിപ്പ് നല്‍കിയിരുന്നു. മദൂദിന്റെ മരണം താലിബാനുമായി നടത്താനിരുന്ന സമാധാന ചര്‍ച്ചകളെ തുരങ്കം വയ്ക്കുന്നതാണ് അമേരിക്കയുടെ നടപടിയെന്ന് പാകിസ്ഥാന് ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാന് പ്രസ്താവിച്ചു. പാക് താലിബാനുമായി ചര്‍ച്ച നടത്തുമെന്ന് അമേരിക്കയെയും ബ്രിട്ടനെയും അറിയിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ ഭീകരതക്കെതിരെയുള്ള പോരാട്ടത്തില്‍ അടുത്ത കാലത്ത് കൈവരിച്ച ഏറ്റവും നലിയ നേട്ടമായാണ് മസൂദിന്റെ കൊലപാതകത്തെ അമേരിക്ക വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: