കൊച്ചി: കുറ്റവാളികളെ സഹായിക്കാന്‍ പോലീസില്‍ സംഘമുണ്ടോയെന്നും ഈ മാഫിയയാണോ കേസുകള്‍ അട്ടിമറിക്കുന്നതെന്നും ഹൈക്കോടതി. ബിജു രാധാകൃഷ്ണനും സരിതയും ചേര്‍ന്ന് 41 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് പോലീസിനെതിരെ കോടതി രൂക്ഷമായ വിമര്‍ശനം നടത്തിയത്. സലിംരാജിനെ ചോദ്യംചെയ്തതുപോലെയാണ് ഈ കേസിലെ പ്രതികളെ ചോദ്യംചെയ്യുന്നതെങ്കില്‍ അതില്‍ കാര്യമൊന്നുമില്ലെന്ന് കോടതി പറഞ്ഞു.
കള്ളനെ കാണിച്ചുതന്നാല്‍ അറസ്റ്റു ചെയ്യാമെന്ന് പറയും പോലെയാണ് പോലീസിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ സമീപനമെന്ന് ഹൈക്കോടതി പറഞ്ഞു. സലിംരാജിന്റെ കേസില്‍ പോലീസ് അന്വേഷണം എങ്ങനെയാണ് നടക്കുന്നതെന്ന് മനസ്സിലായെന്നും സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പ്രതികളെ പിടികൂടുകയാണ് വേണ്ടതെന്നും ഹര്‍ജി പരിഗണിക്കവെ ഹാറൂണ്‍ ഉള് റഷീദ് പറഞ്ഞു.
2005 ലാണ് കേസിനാസ്പദമായ സംഭവം. ബിജു രാധാകൃഷ്ണന്, സരിതാ നായര്‍, അഡ്വ.ഹസ്ക്കര്‍ എന്നിവര്‍ സ്ക്രാപ്പു കച്ചവടം ലാഭകരമാക്കി നടത്താമെന്ന് പ്രലോഭിപ്പിച്ചാണ് ആലപ്പുഴ സ്വദേശി ടി.ആര്.പ്രകാശില്‍നിന്നും പലതവണകളിലായി 41 ലക്ഷം രൂപ തട്ടിയെടുത്തത്. ചെന്നൈ പോര്‍ട്ടില്‍ നിന്നും ലാഭത്തില്‍ ഇരുമ്പു സ്ക്രാപ്പ് നല്‍കാം എന്നായിരുന്നു വാഗ്ദാനം.
മാറി മാറി വന്ന ഇടതുവലതു സര്‍ക്കാരുകളുടെ കാലത്ത് പ്രകാശ് പോലീസില്‍ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. 2005 ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിനും ഡിജിപിക്കും നല്കിയ പരാതികളിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് ആലപ്പുഴ സിജെഎം കോടതിയില്‍ സ്വകാര്യ അന്യായം സമര്‍പ്പിച്ചു. അന്വേഷിച്ചു റിപ്പോര്‍ട്ടു നല്കാന് കോടതി പോലീസിന് നിര്‍ദ്ദേശം നല്കി. എന്നാല്‍ ഹര്‍ജിക്കാരന്റെ മൊഴിയെടുക്കാതെ പോലീസ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് തട്ടിപ്പുകേസ് പുനരന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ടി.ആര്.പ്രകാശന് ഹൈക്കോടതിയെ സമീപിച്ചത്.
2010 ല്‍ വേറൊരു കേസില്‍ സരിതയെ അറസ്റ്റ് ചെയ്ത വാര്‍ത്ത മാധ്യമങ്ങളില്‍ കണ്ടാണ് ഹര്ജിക്കാരന് സിജെഎം കോടതിയില്‍ സ്വകാര്യ അന്യായം കൊടുത്തത്. പോലീസ് കേസ് അട്ടിമറിച്ചുവെന്ന് ഹര്ജിക്കാരന് കോടതിയെ ബോധിപ്പിച്ചു.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ആസഫ് അലി സര്‍ക്കാരിനുവേണ്ടി ഹാജരായി. ഹര്‍ജിയില്‍ പറഞ്ഞ കാര്യം അന്വേഷണത്തില്‍ തെളിഞ്ഞാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. അന്വേഷണോദ്യോഗസ്ഥരുടെ പേര് വ്യക്തമാക്കാന്‍ ഹര്‍ജിക്കാരനോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടു. അപ്പോഴാണ് ഡിജിപി കള്ളനെക്കാണിച്ചുതന്നാല് അറസ്റ്റു ചെയ്യാമെന്ന് പറയുംപോലെയാണെന്ന് കോടതി പരിഹസിച്ചത്.
ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടു. ബിജു, സരിത, അഡ്വ.ഹസ്കര്‍ എന്നിവരെ കക്ഷി ചേര്‍ക്കാന്‍ ഹര്‍ജിക്കാരനോടു കോടതി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: