പൂന്നൈ: രാജ്യത്തിലുടനീളം കോണ്‍ഗ്രസിനെതിരായ വികാരമാണ് അലയടിക്കുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോദി വ്യക്തമാക്കി. പൂന്നൈയില്‍ നടന്ന വമ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിലെ എല്ലാ മേഖലകളിലും സഞ്ചരിച്ചപ്പോള്‍ കോണ്‍ഗ്രസിന് പ്രതാപം വീണ്ടെടുക്കാന്‍ പ്രയാസപെടേണ്ടി വരുമെന്ന അനുഭവമാണ് തനിക്ക് ഉണ്ടായത്.
2014ലെ പൊതു തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പിന്താങ്ങണമെന്നും വോട്ടര്‍മാരോട് മോദി അഹ്വാനം ചെയ്തു. കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
‘നിങ്ങളുടെ അനുഗ്രഹവും നേരിന്റെ വഴിയുമാണ് എന്നെ നിങ്ങളുടെ മുമ്പില്‍ നിര്‍ത്തിയിരിക്കുന്നത്. തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുന്നവര്‍ക്ക് അധികാരത്തില്‍ നിലനില്ക്കാന് അവകാശമില്ല. കോണ്‍ഗ്രസ് നൂറ് ദിവസത്തിനുള്ളില്‍ വില വര്‍ദ്ധനയില്‍ നിയന്ത്രണം കൊണ്ടു വരുമെന്ന് പറഞ്ഞു. എന്നാല്‍ വില ഉയരുകയല്ലാതെ എന്തെങ്കിലും മാറ്റമുണ്ടായോ’- മോദി ചോദിച്ചു.
വാഗ്ദാനങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നവര്‍ക്ക് ഇത് പാഠമായിരിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ഒട്ടാകെ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശുകയാണ്.
അതില്‍ നിന്ന് രക്ഷ നേടാന്‍ കോണ്‍ഗ്രസിന് പ്രയാസമാണെന്നും മോദി പറഞ്ഞു. ബിജെപി അധികാരത്തില്‍ വന്നാല്‍ വിലക്കയറ്റം നിയന്ത്രിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
1977 ജനതാ പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ ഐക്യകണ്ഠേന പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മൊറാജി ജേശായിയുടെ കാലത്തും വാജ്പൈയുടെ കാലത്തുമാണ് വിലക്കയറ്റത്തില്‍ നിയന്ത്രണം വന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ പാറ്റ്നയിലെ സ്ഫോടനത്തെ തുടര്‍ന്ന് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് പൂന്നൈയിലെ മോദിയുടെ തെരഞ്ഞെടുപ്പ് റാലി നടക്കുന്ന വേദിയിലൊരുക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: