കൊച്ചി: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് പോലീസിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. ക്രിമിനലുകളെ സഹായിക്കാന്‍ പോലീസില്‍ സംഘമുണ്ടോയെന്ന് ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദ് ആരാഞ്ഞു. കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ സലീം രാജിനെ ചോദ്യം ചെയ്ത രീതിയിലും ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു.
ബിജു രാധാകൃഷ്ണന്റെയും സരിതയുടെയും തട്ടിപ്പിനിരയായതായി കാണിച്ച് ആലപ്പുഴ സ്വദേശി പ്രകാശ് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് പോലീസിനെയും വിജിലന്‍സിനെയും കോടതി വിമര്‍ശിച്ചത്. പോലീസില്‍ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് ഹര്ജിക്കാരന് വാദിച്ചു. അപ്പോഴാണ് ക്രിമിനലുകളെ സഹായിക്കാന്‍ പോലീസില്‍ സംഘമുണ്ടോയെന്ന് കോടതി ചോദിച്ചത്. ഈ മാഫിയ സംഘമാണോ കേസ് അട്ടിമറിക്കുന്നതെന്നും കോടതി വാക്കാല്‍ ചോദിച്ചു.
തുടര്‍ന്നാണ് ഭൂമിതട്ടിപ്പ് കേസില്‍ സലിം രാജിനെ ചോദ്യംചെയ്ത രീതിയില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയത്. ഭൂമി തട്ടിപ്പു കേസില്‍പ്പെട്ട മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിംരാജിനെ വിളിച്ചു വരുത്തിയാണ് പോലീസ് ചോദ്യം ചെയ്തത്. പൊലീസിന്റെ ആ രീതി ശരിയായില്ല. ഇങ്ങനെയാണ് ചോദ്യം ചെയ്യലെങ്കില്‍ അന്വേഷണത്തില്‍ കാര്യമായ പ്രയോജനം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ചോദ്യം ചെയ്യലിന് ശേഷം സലിംരാജ് ചിരിച്ചു കൊണ്ട് ഇറങ്ങി വരുന്ന ദൃശ്യങ്ങള്‍ ചാനലുകളിലൂടെ കാണാമായിരുന്നുവെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.
സലിംരാജിനെ ചോദ്യം ചെയ്തതു പോലെയാണോ മേല്പറഞ്ഞ കേസിലും പോലീസ് നടപടി സ്വീകരിച്ചതെന്ന് ഹൈക്കോടതി ചോദിച്ചു. കേസ് എഴുതി തള്ളിയത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാനും സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടു. ബിജുവും സരിതയും തട്ടിപ്പിലൂടെ ഉണ്ടാക്കിയ പണത്തിന്റെ ഒരു വിഹിതം പോലീസുകാര്‍ക്കും ലഭിച്ചു എന്ന് ആരോപണമുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കണം.
അതേസമയം കേസ് എഴുതി തള്ളിയത് അതീവ ഗൗരവമുള്ള കാര്യമാണെന്ന് ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍സ് ഹൈക്കോടതിയെ അറിയിച്ചു. വേലി തന്നെ വിളവ് തിന്നുന്ന സാഹചര്യമാണ് കേസില്‍ ഉണ്ടായത്. അന്വേഷണം അട്ടിമറിച്ചത് ഏത് ഉദ്യോഗസ്ഥനാണെന്ന് പറയാന്‍ ഹര്ജിക്കാരന് തയ്യാറായാല്‍ അതേക്കുറിച്ച് അന്വേഷിക്കാന്‍ തയ്യാറാണെന്നും ഡി.ജി.പി കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: