പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുടെ മറവില്‍ നടക്കുന്ന ഭൂമിയിടപാടിന് വീണ്ടും സര്‍ക്കാര്‍ ഒത്താശ. പദ്ധതി പ്രദേശത്ത് നിയമം ലംഘിച്ചാണ് ഭൂമിവാങ്ങിക്കൂട്ടിയതെന്ന് കണ്ടെത്തിയ റവന്യൂ ഉദ്യോഗസ്ഥനടക്കം 41 വകുപ്പ് ജീവനക്കാരെ സര്‍ക്കാര്‍ ഒറ്റയടിയ്ക്ക് സ്ഥലം മാറ്റി. എസ് 2-14/13 നമ്പരില്ഇറങ്ങിയ ഉത്തരവ് പ്രകാരമാണ് ഈ കൂട്ടസ്ഥലം മാറ്റം. ഇതില്‍ 18 ഉദ്യോഗസ്ഥരെ മാത്രമാണ് അപേക്ഷ നല്‍കിയതനുസരിച്ച് മാറ്റിയത്.
ഉത്തരവില്‍ മുപ്പത്തിമൂന്നാം നമ്പറില്‍ പരാമര്‍ശിക്കുന്ന ജില്ലാ കളക്ട്രേറ്റിലെ യുഡിസി പ്രശാന്ത് ആര്. നായരാണ് ആറന്മുള സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്തിരുന്നത്. ആദ്ദേഹത്തെ കോഴഞ്ചേരി താലൂക്ക് ഓഫീസിലേക്കാണ് സ്ഥലം മാറ്റം നല്‍കിയിരിക്കുന്നത്. കോഴഞ്ചേരി താലൂക്കിലോ, വില്ലേജിലോ ആണ് ഇനി അദ്ദേഹത്തിന് പ്രവര്ത്തിക്കേണ്ടിവരുക. ഇതോടെ ആറന്മുള സംബന്ധിച്ച ഫയലുകള്‍ ഇനി പുതിയ ഓഫീസറായിരിക്കും പരിശോധിക്കുക. മാറ്റം കെജിഎസ് കമ്പനിക്കുകൂലമായ നിലപാടായി മാറിയിരിക്കുകയാണ്. പത്തനംതിട്ട ജില്ലാ കളക്ടര്‍ അവധിയിലായിരുന്ന സമയത്താണ് സ്ഥലമാറ്റ ഉത്തരവ് ഉണ്ടായത്. കളക്ടര്‍ കഴിഞ്ഞ ദിവസം ചാര്‍ജ്ജെടുത്ത ശേഷം ഈ ഉത്തരവ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
മരണമടഞ്ഞ ആള്‍ക്കാരുടെ പേരില്‍ നിന്നുപോലും ആധാരം നടത്തിയാണ് കെജിഎസ് ഗ്രൂപ്പ് ആറന്മുളയില് സ്ഥലം വാങ്ങിക്കൂട്ടിയത്. ഇടശ്ശേരിമലയിലെ ദൈവത്താന്‍ മെയിലന് എന്ന പട്ടികജാതിക്കാരന്റെ ഭൂമിയാണ് ഈ രീതിയില്‍ വാങ്ങിയത്. രണ്ടിടത്തായാണ് ഭൂമി കിടക്കുന്നത്. ഇതിനെതിരേ ഇദ്ദേഹത്തിന്റെ മകന് രാജന് പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസ് ഇപ്പോഴും അന്വേഷണത്തില്‍ മാത്രമാണ്.
കെജിഎസ് ഗ്രൂപ്പിന്റെ കൈവശഭൂമിയേക്കാള് കൂടുതല്‍ വസ്തു തങ്ങളുടെ പേരിലുള്ളതായി കമ്പനി വ്യക്തമാക്കിയതായാണ് സൂചന. ഇത് അനുവദിച്ചു നല്കണമെങ്കില് നിലവിലുള്ള നിയമം ഭേദഗതി ചെയ്യേണ്ടിവരും. ഔദ്യോഗികമായി അറിയപ്പെടുന്നത് കെജിഎസ് ഗ്രൂപ്പിന്റെ പക്കല്‍ 32 ഏക്കര്‍ വസ്തുവാണ് നിലവിലുള്ളതെന്നാണ്. വ്യക്തികള്‍ക്കും ട്രസ്റ്റിനും മറ്റും പ്രത്യേക അനുമതിയില്ലാതെ കൈവശം വെയ്ക്കാവുന്ന ഭൂമി 15 ഏക്കറാണ്. അപ്പോള്‍ 17 ഏക്കര്‍ മിച്ചഭൂമിയാണെന്ന് വരും. എന്നാല്‍ കേവലം 17 ഏക്കര്‍ നിലനിര്ത്തുന്നതിനുമാത്രമായി കെജിഎസ് ഗ്രൂപ്പ് വീണ്ടും രംഗത്തിറങ്ങില്ലെന്നാണ് ലഭിക്കുന്ന സൂചന.
232 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ചത് തിരികെ നേടാനുള്ള ശ്രമാണ് വിമാനത്താവള കമ്പനി നടത്തുന്നതെന്ന് പറയപ്പെടുന്നു. നാട്ടില്‍ വിമാനത്താവള വിരുദ്ധ വികാരം കത്തിനില്‍ക്കെ കെജിഎസ് ഗ്രൂപ്പിന്റെ നീക്കത്തിന് അധികൃതര്‍ മൗനാനുവാദം നല്‍കുന്നതായും സൂചനയുണ്ട്.
ജി. സുനില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: