ബാഴ്സലോണ: സ്പാനിഷ് ലീഗില്‍ ബാഴ്സലോണ പരാജയമറിയാതെ 12 മത്സരം പിന്നിട്ടു. വെള്ളിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ എസ്പാനിയോളിനെ പരാജയപ്പെടുത്തിയാണ് ബാഴ്സ അപരാജിത കുതിപ്പ് തുടര്‍ന്നത്. 12 മത്സരങ്ങളില്‍ പതിനൊന്നെണ്ണത്തിലും വിജയിച്ച ബാഴ്സ ഒന്നില്‍ സമനില പാലിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സലോണ സ്വന്തം മൈതാനത്ത് എസ്പാനിയോളിനെ മറികടന്നത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം അലക്സി സാഞ്ചസാണ് ബാഴ്സയുടെ വിജയഗോള്‍ നേടിയത്. അതേസമയം സൂപ്പര്‍താരം മെസ്സി ഈ മത്സരത്തിലും ഗോള്‍ നേടിയില്ല. ലാ ലീഗയില്‍ തുടര്‍ച്ചയായ നാലാം മത്സരത്തിലാണ് മെസ്സി ഗോളടിക്കാതിരുന്നത്. 2011 ഏപ്രിലിനു ശേഷം ആദ്യമായാണ് മെസ്സിയുടെ കരിയറില്‍ ഇത്തരമൊരു അവസ്ഥയുണ്ടായത്.
മത്സരത്തിലുടനീളം സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയിട്ടും സ്ട്രൈക്കര്‍മാര്‍ ഗോളടിക്കുന്നതില്‍ പരാജയപ്പെട്ടതാണ് മികച്ച വിജയത്തില്‍ നിന്ന് ബാഴ്സയെ തടഞ്ഞത്. 74 ശതമാനവും പന്ത് കൈവശം വെച്ച ബാഴ്സ 19 ഷോട്ടുകളുതിര്‍ത്തെങ്കിലും അഞ്ചെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് പാഞ്ഞത്. മെസ്സിയും നെയ്മറും ഉള്‍പ്പെട്ട ബാഴ്സ താരനിര അവസരങ്ങള്‍ പാഴാക്കുന്നതിലാണ് മത്സരിച്ചത്. ഒപ്പം എസ്പാനിയോള്‍ ഗോള്‍കീപ്പറുടെ മികച്ച ഫോമും ബാഴ്സക്ക് മുന്നില്‍ വിലങ്ങുതടിയായി.
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം മത്സരത്തിന്റെ 68-ാം മിനിറ്റിലാണ് മത്സരത്തിലെ ഏക ഗോള്‍ പിറന്നത്. നെയ്മര്‍ ബോക്സിലേക്ക് നല്‍കിയ പാസ് പിടിച്ചെടുത്ത് സാഞ്ചസ് തകര്‍പ്പന്‍ ക്ലോസ്‌റേഞ്ച് ഷോട്ടിലൂടെ ബാഴ്സയുടെ വിജയഗോളിന് അവകാശിയായി മാറി. 12 മത്സരങ്ങളില്‍ നിന്ന് 34 പോയിന്റുമായാണ് ബാഴ്സ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 11 മത്സരങ്ങളില്‍ നിന്ന് 30 പോയിന്റുമായി അത്ലറ്റികോ മാഡ്രിഡ് രണ്ടാമതും 25പോയിന്റുമായി റയല്‍ മാഡ്രിഡ് മൂന്നാമതും നില്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: